2022 സെപ്റ്റംബറിലെ ആ കത്തിന്റെ തുടർച്ചയായുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ തുടർന്നുപോരുന്നത്....
യെമനിലെ പരമോന്നത കോടതി, വധശിക്ഷ ശരിവച്ചതോടെ, തന്റെ ജീവൻ രക്ഷിക്കാൻ എത്രയും വേഗം ഇടപെടണമെന്ന് ആവശ്യപ്പെട്ട് മലയാളി നഴ്‌സ്, നിമിഷപ്രിയ ജയിലിൽ നിന്ന് രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും സ്വന്തം കൈപ്പടയിൽ കത്തെഴുതിയിരുന്നു.
' ഞാൻ നിമിഷപ്രിയ, ഈ യെമൻ ജയിലിൽ നിന്നും എന്റെ ജീവൻ രക്ഷിക്കാനായി സഹായിക്കുന്ന വിദേശത്തും, സ്വദേശത്തും ഉള്ള ഓരോ ബഹുമാനപ്പെട്ടവർക്കും, പ്രത്യേകമായി സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിൽ ചേർന്ന് പ്രവർത്തിക്കുന്നവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു'. 2022 സെപ്റ്റംബറിലെ ആ കത്തിന്റെ തുടർച്ചയായുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ തുടർന്നുപോരുന്നത്.
ബിസിനസ് പങ്കാളിയായിരുന്ന യെമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയുടെ മരണത്തിന്റെ പേരിലാണ് നഴ്‌സായിരുന്ന നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇനി തലാലിന്റെ കുടുംബവുമായി ചർച്ച നടത്തി, ദിയാധനം( ബ്ലഡ് മണി) സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും അതുവഴി മോചനം സാധ്യമാക്കുകയുമാണ് രക്ഷാമർഗ്ഗം..
മെഹ്ദിയുടെ കുടുംബം അടങ്ങുന്ന ഗോത്രവിഭാഗവുമായി ചർച്ച നടത്തുന്നതിന്റെ ഭാഗമായി ചെലവുകൾക്ക് ആവശ്യമുള്ള 40,000 യു.എസ് ഡോളറാണ് (ഏകദേശം 35 ലക്ഷം ഇന്ത്യൻ രൂപ) ആക്ഷൻ കൗൺസിൽ ഇതിനകം സമാഹരിച്ചത്. ഇതിൽ ഒന്നാം ഗഡുവായ 20,000 ഡോളർ കഴിഞ്ഞ വെള്ളിയാഴ്ച തന്നെ വിദേശകാര്യമന്ത്രാലയം വഴി കഴിഞ്ഞ ദിവസം യമനിലേക്ക് കൈമാറിയിരുന്നു. അവശേഷിക്കുന്ന 20,000 ഡോളർ യമനിലെ ഇന്ത്യൻ എംബസി നിർദേശിക്കുന്നതനുസരിച്ച് മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബവുമായും അവരുൾപ്പെടുന്ന ഗോത്രത്തിന്റെ നേതാക്കളുമായുമാണു യെമനിൽ എംബസി ഏർപ്പെടുത്തിയ അഭിഭാഷകൻ മുഖേന ചർച്ച തുടങ്ങേണ്ടത്. ഇവർ ആശ്വാസധനം (ബ്ലഡ് മണി) (ദിയാധനം) സ്വീകരിച്ചു മാപ്പു നൽകാൻ തയാറായാലേ മോചനം സാധ്യമാകൂ. മകളുടെ മോചനശ്രമങ്ങൾക്കായി നിമിഷയുടെ അമ്മ പ്രേമകുമാരി രണ്ടു മാസമായി യെമനിലെ സനായിൽ തങ്ങുകയാണ്. 2020 ലാണ് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. കൗൺസിലാണ് ഇപ്പോൾ ദിയാധന സമാഹരണം ഏകോപിപ്പിക്കുന്നത്.
ആദ്യ ഘട്ട ചർച്ചകൾ ഫലം കണ്ടാൽ രണ്ടാം ഘട്ടത്തിലേക്ക് കടക്കും. ഈ ചർച്ചയിലാകും നിമിഷ പ്രിയയുടെ മോചനത്തിന് നൽകേണ്ട ബ്ലഡ് മണിയിൽ തീരുമാനമാകുക. പ്രേമകുമാരിക്കൊപ്പം സാമൂവൽ ജറോഡ് എന്ന തമിഴ് വംശജനുമുണ്ട്.
https://www.facebook.com/Malayalivartha

























