കാറിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണത്തില്‍ ദൂരൂഹത

കളിയിക്കാവിളയ്ക്ക് സമീപം കാറിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണത്തില്‍ ദൂരൂഹത. പാപ്പനംകോട് കൈമനം സ്വദേശി എസ് ദീപുവിന്റെ (44) മൃതദേഹമാണ് ഇന്ന് പുലര്‍ച്ചെ 12 മണിയോടെ പൊലീസ് കണ്ടെത്തിയത്. തിരുവനന്തപുരം - കന്യാകുമാരി ദേശീയപാതയില്‍ തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിള പടംതാലുമൂടുള്ള പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം.
കാറിലുണ്ടായിരുന്ന 10 ലക്ഷം രൂപ കാണാനില്ലെന്നാണ് വിവരം.ദീപുവിന്റെ ഉടമസ്ഥതയിലുള്ള മഹേന്ദ്ര എസ്യുവി കാറിനുള്ളില്‍ ഡ്രൈവര്‍ സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിച്ച് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴുത്തിന്റെ 90 ശതമാനവും അറ്റുപോയ നിലയിലായിരുന്നു. ശരീരത്തില്‍ മറ്റ് പരിക്കുകളൊന്നും കണ്ടെത്തിയിരുന്നില്ല. വാഹനം റോഡരികെ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു. അതിനാല്‍ ആരെയോ കാത്ത് നില്‍ക്കുന്നതിനിടെയാണ് സംഭവമെന്നാണ് പൊലീസ് കരുതുന്നത്. പാര്‍ക്കിംഗ് ലൈറ്റിട്ട വാഹനം കണ്ടതോടെ പട്രോളിംഗിനിറങ്ങിയ പൊലീസുകാരാണ് മൃതദേഹം കണ്ടെത്തിയത്.
ദീപുവുമായി അടുത്ത ബന്ധമുള്ള ആളാവണം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. മോഷണത്തിനിടെ ഉണ്ടായ കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍.വാഹനക്കച്ചവടക്കാരനായ ദീപു കോയമ്പത്തൂരിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും യാത്ര തിരിച്ചത്. മൃതദേഹം ഇപ്പോള്‍ നാഗര്‍കോവില്‍ ആശാരിപള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ കളിയിക്കാവിള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
'കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളില്‍ ദീപു ആരോടൊക്കെയാണ് ഫോണില്‍ സംസാരിച്ചത് എന്ന് പരിശോധിച്ചു. സംശയമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. പ്രതിയെ ഉടന്‍ കണ്ടെത്താനാകും. ക്വാറി ബിസിനസിലെ പാര്‍ട്ണര്‍മാരെയും ചോദ്യം ചെയ്യും', എസ്പി സുന്ദരവദനം പറഞ്ഞു. കേരള പൊലീസിന്റെ സഹകരണത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. ദീപു കോയമ്പത്തൂരിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും യാത്ര തിരിച്ചത്. നെയ്യാറ്റിന്‍കരയില്‍ നിന്നും തക്കലയില്‍ നിന്നും രണ്ടുപേര്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, സിസിടിവി ദൃശ്യങ്ങളനുസരിച്ച്, ഒരാള്‍ മാത്രമാണ് വാഹനത്തില്‍ നിന്നും ഇറങ്ങിപ്പോയത്.
അറിയപ്പെടുന്ന ബിസിനസുകാരനായിരുന്നു ദീപു. ഇതുമായി ബന്ധപ്പെട്ട് ചെറിയ സാമ്പത്തിക തര്‍ക്കങ്ങളുമുണ്ടായിരുന്നു. ഇതും അവസാനം വന്ന ഫോണ്‍ കോളുകളും അടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കുന്നത്. രണ്ട് ദിവസം മുമ്പ് ദീപുവിന് ഒരു ഫോണ്‍ കോള്‍ വന്നിരുന്നുവെന്നും അയാളുമായി തര്‍ക്കം നടന്നിരുന്നുവെന്നും കുടുംബം പറയുന്നു. എന്നാല്‍, ആരാണ് വിളിച്ചതെന്ന കാര്യം അവര്‍ക്ക് വ്യക്തമല്ല. മാത്രമല്ല, പണവുമായാണ് ദീപു യാത്ര ചെയ്തത് എന്ന വിവരം അറിയുന്ന ആളാവണം പ്രതി എന്നും പൊലീസ് പറയുന്നുണ്ട്.
https://www.facebook.com/Malayalivartha

























