കുഴി കുഴിച്ച് കാത്തിരിക്കുന്നു കണ്ണൂർ ! പിണറായിയുടെ നാളുകൾ എണ്ണപ്പെട്ടോ? പിന്നണിയിൽ പി.ജെ

ടി.പി കേസിലെ പ്രതികളെ ജയിൽ മോചിതരാക്കാനുള്ള ശ്രമം തടഞ്ഞതിന്റെ പൂർണ ഉത്തരവാദിത്തം ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ തലയിൽ ചാരി പി.ജയരാജൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ. പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ നിന്നും മുഖ്യമന്ത്രിക്കെതിരെ പരാതികൾ ഉയരുമ്പോൾ പാർട്ടിക്ക് വേണ്ടി നടത്തിയ ഒരു ഇടപെടൽ ഇല്ലാതാക്കിയതിന്റെ കുപ്രസിദ്ധിയും മുഖ്യമന്ത്രിയുടെ തലയിലായി.
പി.ജയരാജൻ മുഖ്യമന്ത്രിയെ പ്രതികൂട്ടിലാക്കാൻ നടത്തിയ നീക്കമായും ഈ സംഭവവികാസങ്ങളെ വ്യാഖ്യാനിക്കുന്നവരുമുണ്ട്.
മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയ ശേഷമാണ് പി.ജയരാജൻ ടി.പി. കേസിലെ മൂന്ന് പ്രതികൾക്ക് ശിക്ഷായിളവ് നൽകാൻ തീരുമാനിച്ചത്. എന്നാൽ ഇതിനുപിന്നാലെ കണ്ണൂരിൽ നിന്നു തന്നെ സംഭവം വിവാദമായി. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പ്രവർത്തിക്കാൻ മുഖ്യമന്ത്രിക്കല്ല ആർക്കും കഴിയില്ല.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി തടവുകാർക്ക് ശിക്ഷായിളവ് നൽകുന്നതിനായി തയ്യാറാക്കിയ പട്ടികയിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മൂന്ന് പ്രതികളെ ഉൾപ്പെടുത്തിയത് രാഷ്ട്രീയ നീക്കമായിരുന്നു. സി.പി.എം. സംസ്ഥാന സമിതി അംഗം പി. ജയരാജൻ അംഗമായ കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതിയാണ് 56 പേരുടെ പട്ടികയിൽ ടി.പി കേസിലെ നാലുമുതൽ ആറുവരെ പ്രതികളായ ടി.കെ. രജീഷ്, ഷാഫി, അണ്ണൻ സിജിത്ത് എന്നിവരെ ഉൾപ്പെടുത്തിയത്.ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ട് ജയിൽ സൂപ്രണ്ട് കണ്ണൂർ സിറ്റി പൊലീസിന് നൽകിയ കത്ത് പുറത്തു വന്നതോടെയാണ് സംഭവം വിവാദമായത്. 20 വർഷം വരെശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി ശിക്ഷിച്ച തടവുകാരെ പുറത്തിറക്കാനുള്ള നീക്കമാണ് നടന്നത്.
കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചതായാണ് ജയിൽ വകുപ്പിന്റെ വിശദീകരണം. പത്തു വർഷം ജയിലിൽ കിടന്നവരെന്ന നിലയിൽ പട്ടികയിൽ ടി.പി. കേസ് പ്രതികൾ സ്വാഭാവികമായി ഉൾപ്പെടുകയായിരുന്നുവെന്നും, ഈ പ്രതികൾക്ക് ശിക്ഷാ ഇളവുകൾ നൽകരുതെന്ന ഹൈക്കോടതി ഉത്തരവ് ജയിൽ സൂപ്രണ്ട് ശ്രദ്ധിച്ചിട്ടുണ്ടാകില്ലെന്നുമാണ് ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ പറഞ്ഞത്. 2016 മുതൽ പി. ജയരാജൻ കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതിയിലുണ്ട്. ജയിലിന്റെ നടത്തിപ്പുമായും തടവുപുള്ളികളുടെ മോചനം, ജയിൽ മാറ്റം തുടങ്ങിയ കാര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങൾ തീരുമാനിക്കുന്നതിനുള്ളതാണ് ജയിൽ ഉപദേശക സമിതി. ജയിൽ ഡി.ജി.പി ചെയർമാനായുള്ള സമിതിയിൽ ജില്ലാ സെഷൻസ് ജഡ്ജി, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർ ഔദ്യോഗിക അംഗങ്ങളാണ്.കണ്ണൂർ ജയിലിൽ ഇല അനങ്ങണമെങ്കിൽ പി.ജെ. വിചാരിക്കണം.
വിഷയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും അറിവുണ്ടായിരുന്നു എന്നാണ് വിവരം. ആരുമറിയാതെ കൃത്യം നിർവഹിക്കാമെന്നാണ് ഇവർ കരുതിയത്. എന്നാൽ പി.ജെ.ആർമി ഒരു മൂഴം നീട്ടിയെറിഞ്ഞു. ഭരണത്തിൽ പരാജിതനായ മുഖ്യമന്ത്രി പാർട്ടിയിലും പരാജിതനാണെന്ന് വരുത്തി തീർക്കുകയായിരുന്നു ലക്ഷ്യം. മുഖ്യമന്ത്രി മാറി ആദ്യം മന്ത്രിസഭ പുനസംഘടിപ്പിക്കണമെന്നും സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിലാണ് ആവശ്യം ഉയർന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ മന്ത്രിമാരെ രണ്ടാമത്തെ ടീമിൽ ഉൾപ്പെടുത്താതിന് പിന്നിൽ മുഖ്യമന്ത്രിക്ക് രഹസ്യ അജണ്ട ഉണ്ടായിരുന്നുവെന്നും ആരോപണം ഉയർന്നു. രണ്ടുതവണയിൽ കൂടുതൽ മത്സരിക്കേണ്ടന്ന തീരുമാനവും നിഗൂഢമാണ് . ഇതൊന്നും കാണാൻ ഈ പാർട്ടിയിൽ ആരുമില്ലേ എന്ന് ചോദിച്ച അംഗങ്ങൾ കേന്ദ്ര കമ്മിറ്റിക്ക് പോലും സംസ്ഥാനത്തെ പാർട്ടിയിലും ഭരണത്തിലും നിയന്ത്രണം ഇല്ലെന്നും തുറന്നടിച്ചു. പാർട്ടിയും ഭരണവും കണ്ണൂർ ലോബി പിടിച്ചെടുക്കുന്ന വിമർശനവും ഉണ്ടായി. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും എൽഡിഎഫ് കൺവീനറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും വിവിധ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരും കണ്ണൂരിൽ നിന്നാണ്. ഭരണം കിട്ടിയതോടെ മുഖ്യമന്ത്രിയുടെ മുഖം അഹങ്കാരത്തിന്റേതായി. മൈക്ക് ഓപ്പറേറ്ററോട് മാത്രമല്ല അവതാരകയോട് പോലും
മുഖ്യമന്ത്രി തട്ടികയറുന്നു.ഇടതുപക്ഷ സഹയാത്രികനായ ഗീവർഗീസ് മാർ കുറിലോസ് ചെറിയൊരു വിമർശനം നടത്തിയപ്പോൾ മുഖ്യമന്ത്രി പ്രതികരിച്ചത് ധിക്കാരവും അഹങ്കാരവും നിറഞ്ഞ ഭാഷയിലാണ്. കഴിഞ്ഞ മന്ത്രിസഭയിൽ നിന്നും ധനമന്ത്രിയായി തോമസ് ഐസക്കിനെയെങ്കിലും നിലനിർത്തണമായിരുന്നു. ആർ. ബിന്ദുവിന്റെ മന്ത്രിസ്ഥാനം ബന്ധു നിയമനമാണ്. ലോക് നാഥ് ബഹ്റയുടെ നിയമനം ആരുടെ സഹായമാണ്. ഇത്തരത്തിൽ ചർച്ച നടന്നപ്പോൾ ഏറ്റവും മികച്ച ചർച്ച എന്നു പറഞ്ഞു കൊണ്ടാണ്കേന്ദ്ര കമ്മിറ്റി അംഗം എം.എ. ബേബി പ്രസംഗം തുടങ്ങിയത്. ചുരുക്കത്തിൽ മുഖ്യമന്ത്രിക്ക് ചതിക്കുഴി ഒരുങ്ങികഴിഞ്ഞു. സൂക്ഷിച്ചില്ലെങ്കിൽ അദ്ദേഹം പെട്ടുപോകാനാണ് സാധ്യത.
ഏതാണ്ട് ഒരു വർഷത്തിനു മുമ്പ് മുഖ്യമന്ത്രിയുടെ മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ് ഇക്കാര്യം തിരിച്ചറിഞ്ഞിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റ തിരിച്ചു ആക്രമിക്കാൻ ശ്രമം നടക്കുമ്പോൾ അദ്ദേഹത്തെ സംരക്ഷിക്കാനുളള രാഷ്ട്രീയമായ ബാധ്യത സിപിഎമ്മിന്റെ എല്ലാ മന്ത്രിമാർക്കും ഉണ്ടെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞത് സഹമന്ത്രിമാരുടെ മുഖ്യമന്ത്രി വിരുദ്ധ മനോഭാവം കണ്ടിട്ടാണ്.
. മന്ത്രിമാർ പ്രതിച്ഛായയുടെ തടവറയിൽ ആയിപ്പോകരുതെന്ന മുന്നറിയിപ്പും റിയാസ് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ റിയാസ് ഒരു അഭിമുഖത്തിൽ നടത്തിയ അഭിപ്രായപ്രകടനം സിപിഎമ്മിൽ കത്തിപ്പടർന്നു.
എ ഐ ക്യാമറ വിവാദം ഉൾപ്പെടെയുള്ള വിവാദങ്ങളിൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും സംരക്ഷിക്കാൻ മന്ത്രിമാർ രംഗത്തിറങ്ങുന്നില്ലെന്ന വിമർശനം പാർട്ടിയിലും എൽഡിഎഫിലും ശക്തമാകുമ്പോഴാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ റിയാസ് അതു തുറന്നടിച്ചത്.
മന്ത്രിമാർ രാഷ്ട്രീയം പറയണം എന്നതു സിപിഎം എടുത്ത തീരുമാനമാണ്. വകുപ്പുകളുമായും വികസനവുമായും ബന്ധപ്പെട്ട കാര്യങ്ങൾക്കൊപ്പം പൊതുരാഷ്ട്രീയം സംസാരിക്കണം. മന്ത്രിമാർ രാഷ്ട്രീയത്തിന് അതീതരല്ല. കേരളത്തിലെ ഇടതുപക്ഷ മന്ത്രിമാർ അങ്ങനെ കരുതുന്നവരുമല്ല. രാഷ്ട്രീയം പറയാനുള്ള ഉത്തരവാദിത്തം അവർക്കുണ്ട്. അതു പറയാതെ പോകുന്ന നില ഉണ്ടാകരുത്– റിയാസ് അഭിപ്രായപ്പെട്ടു.
പിണറായി വിജയന് എതിരെ നടക്കുന്ന ആക്രമണങ്ങളെ ആരെങ്കിലും ചെറുത്താൽ അവരെ ഫാൻസ് അസോസിയേഷനായി മുദ്ര കുത്തുന്ന നില ഉണ്ടെന്നും റിയാസ് ആഞ്ഞടിച്ചു. ‘‘അപ്പോൾ അങ്ങനെ വരുന്നവരിൽ ഒരു ആശങ്ക. എന്റെ പ്രതിച്ഛായ മോശമാകുമോ? ഞാൻ ഫാൻസ് അസോസിയേഷന്റെ ആളാകുമോ? എങ്കിൽ മിണ്ടേണ്ട... പ്രതിച്ഛായയുടെ തടവറയിലാണു പലരും പെട്ടു പോകുന്നത്. അതിനെതിരെയുള്ള പോരാട്ടം കൂടിയാണു നടത്തേണ്ടത്. പ്രതിച്ഛായ എന്ന ഒരു സാധനമില്ല’’
മന്ത്രിമാർ രാഷ്ട്രീയമായ അഭിപ്രായങ്ങൾ പറയണം എന്നതു മുഖ്യമന്ത്രി ഉൾപ്പെടെ ചർച്ച ചെയ്ത് എടുത്ത തീരുമാനമാണെന്നു റിയാസ് ചൂണ്ടിക്കാട്ടി. അതേ തീരുമാനം എടുത്ത മുഖ്യമന്ത്രിയെ പേടിച്ചാണു മന്ത്രിമാർ അഭിപ്രായം പറയാത്തത് എന്നു വന്നാൽ അതു മുഖ്യമന്ത്രിയെ ആക്രമിക്കുന്നതിന്റെ തന്നെ ഭാഗമാകും. വിമർശനം വന്നാൽ മിണ്ടേണ്ട എന്ന് ആഗ്രഹിക്കുമോ?
പാർട്ടിയും സർക്കാരും പ്രതിസന്ധികൾ നേരിടുമ്പോൾ പ്രതിരോധിച്ചു നിലപാടു പറയാത്ത ആളെ എങ്ങനെ വിശ്വസിക്കുമെന്നും റിയാസ് ചോദിച്ചു. ശക്തമായി രാഷ്ട്രീയം പറയേണ്ട ഇടത്ത് അതു ചെയ്യുക തന്നെ വേണം– അദ്ദേഹം ആവശ്യപ്പെട്ടു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു സർക്കാരിനെ സംരക്ഷിക്കാനായി മന്ത്രിമാർ രംഗത്തിറങ്ങിയിരുന്നുവെങ്കിൽ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് അതു സംഭവിക്കുന്നില്ലെന്ന പാർട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കളുടെ വികാരമാണു റിയാസിന്റെ പ്രതികരണത്തിലൂടെ മറനീക്കിയിരിക്കുന്നത്. അതായത് മുഖ്യമന്ത്രിക്കെതിരായ നീക്കങ്ങൾ വർഷങ്ങൾക്ക് മുമ്പ് തന്നെ ശക്തമായിരുന്നു. മുഖ്യമന്ത്രി ബുദ്ധിമുട്ടിലാവാൻ കാത്തിരിക്കുകയായിരുന്നു വിമർശകർ.
ടി.പി. കേസ് കൃത്യസമയത്താണ് വിവാദമായിരിക്കുന്നത് .നിയമസഭ നടക്കുന്ന സമയത്ത് തന്നെ കേസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതിന് പിന്നിലെ ഉദ്ദേശം വ്യക്തമായിരുന്നു. ടി.പി. കേസിൽ കൃത്യമായി മുഖ്യമന്ത്രിയെ തന്നെയാണ് ലക്ഷ്യമിട്ടത്.
പി.ജയരാജന് പിന്നിൽ അണിനിരക്കുകയാണ് കണ്ണൂരിലെ സി.പി.എം. ടി.പി. ചന്ദ്രശേഖരൻ വധത്തിൽ പ്രതികളായവരെ രക്ഷിക്കാൻ പി.ജെ. ശ്രമിച്ചത് തന്നെയാണ് അദ്ദേഹത്തിന്റെ മാർക്കറ്റ് ഉയർത്തിയത്. ശക്തരായ പാർട്ടി സഖാക്കളെ സംബന്ധിച്ചടത്തോളം ടി.പി. ഇന്നും കൂലം കുത്തിയാണ്. കണ്ണൂരിലെ പാർട്ടിസഖാക്കൾ അതാണവരെ പഠിപ്പിച്ചിട്ടുള്ളത്. പി.ജയരാജൻ നടത്തിയ ഒരു രാഷ്ട്രീയം നീക്കം പിണറായി ഇല്ലാതാക്കിയെന്ന പ്രചരണത്തിനാണ് കണ്ണൂരിൽ മുൻതൂക്കം. ഇക്കാര്യത്തിൽ പി.ജെ. നടത്തിയത് മധുര പ്രതികാരമാണ്. തന്നെ ഖാദി ബോർഡിന്റെ ഉള്ളിലിരുത്തിയവർക്ക് ക്യത്യസമയത്ത് പി.ജെ. മറുപടി നൽകിയെന്ന് പറയാം. ഇ.കെ. നായനാർക്ക് ശേഷം കണ്ണൂരിൽ പാർട്ടി അണികൾക്കിടയിൽ ഏറ്റവുമധികം സ്വാധീനമുള്ള നേതാവായിരുന്നു ജയരാജൻ. ഈ സ്വാധീനം വ്യക്തിപൂജയിലേക്കെത്തുകയും പാർട്ടി ചട്ടക്കൂടിന് അപ്പുറത്തേക്ക് വളരാൻ ശ്രമിച്ചതുമാണ് ഇദ്ദേഹത്തിന് വിനയായത്. ആർ.എസ്.എസ് ആക്രമണത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടയാളാണ് അദ്ദേഹം. ലളിത ജീവിതം നയിച്ചതും താഴെക്കിടയിലുള്ള പ്രവർത്തകരുമായി ആത്മബന്ധം സ്ഥാപിച്ചതുമൊക്കെയാണ് ജയരാജനെ അണികൾക്കിടയിൽ പ്രിയങ്കരനാക്കിയത്. എന്നാൽ ജില്ലാ സെക്രട്ടറി എന്ന നിലയിൽ നടത്തിയ ചില പ്രവർത്തനങ്ങളാണ് ഇദ്ദേഹത്തെ നേതൃത്വത്തിന്റെ കണ്ണിലെ കരടാക്കി മാറ്റിയത്. തുടർച്ചയായി നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ ഭരണത്തിന്റെ പ്രതിഛായക്കു പോലും മങ്ങലേൽപ്പിക്കുന്ന വിധത്തിൽ വളർന്നതോടെയാണ് ജയരാജനെതിരെ നീക്കമാരംഭിച്ചത്. കണ്ണൂരിൽ സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന വേളയിൽ പോലും രാഷ്ട്രീയ കൊലപാതകം നടന്നതും ബി.ജെ.പി ഇത് രാഷ്ട്രീയ ആയുധമാക്കിയതും അന്ന് വലിയ തിരിച്ചടിയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ ടിക്കറ്റ് നൽകി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയ ജയരാജന് ഇതിന് ശേഷം ഒരു പദവിയും പാർട്ടി നൽകിയില്ല. തുടർന്ന് നടന്ന തെരഞ്ഞെടുപ്പുകളിലും അവസരം ലഭിച്ചില്ല. ജയരാജനൊപ്പം കോട്ടയത്ത് മത്സരിച്ച വി.എൻ.വാസവൻ തെരഞ്ഞെടുപ്പിന് പിന്നാലെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് മടങ്ങിയെത്തുകയും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് മന്ത്രിയാവുകയും ചെയ്തു.
സ്ഥാനമാനങ്ങളില്ലെങ്കിലും പി.ജെ ആർമിയിലൂടെ പ്രവർത്തകർക്കിടയിലും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിന്നിരുന്നുവെങ്കിലും രാഷ്ട്രീയ വിവാദങ്ങളുണ്ടായതോടെ പി.ജെ ആർമിക്ക് പാർട്ടി വിലക്കേർപ്പെടുത്തി. റെഡ് ആർമി എന്ന പേരിൽ ഇത് പുനർജീവിപ്പിച്ചുവെങ്കിലും സജീവമല്ലാതായി.
പി.ജെ ആർമിയുടെ അമരക്കാരായിരുന്നു അർജുൻ ആയാങ്കിയും, ആകാശ് തില്ലങ്കേരിയും. ഇവർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസുകളിൽ ഉൾപ്പെട്ടതോടെയാണ് പി. ജയരാജൻ വീണ്ടും വിവാദപുരുഷനായത്. ഇവർക്ക് ജയരാജനുമായുള്ള അടുപ്പമായിരുന്നു വിവാദത്തിന് കാരണം. ജയരാജൻ ഇവരെ തള്ളി പറഞ്ഞുവെങ്കിലും മാധ്യമങ്ങൾ ഇതിന് പിന്നാലെ പോയി വിവാദങ്ങൾ സജീവമാക്കി. ഏറ്റവുമൊടുവിൽ സംസ്ഥാന കമ്മിറ്റിയുടെ താക്കീതിന് വഴിവെച്ചതും ഈ വിവാദമായിരുന്നു.
കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് യോഗത്തിൽ ഇവരുമായുള്ള അടുപ്പത്തെക്കുറിച്ച് സി.ഐ.ടി.യു നേതാവ് കെ.പി. സഹദേവൻ ചൂണ്ടിക്കാട്ടിയപ്പോൾ ജയരാജൻ പൊട്ടിത്തെറിച്ചുവെന്നും ഇത് വാഗ്വാദത്തിലേക്ക് മാറുകയും യോഗം നിർത്തിവെക്കേണ്ടി വരികയും ചെയ്തുവെന്നുമാണ് പറയുന്നത്.
പാർട്ടിക്കകത്തു മാത്രം അറിയേണ്ട താക്കീത് എന്ന നടപടി, യോഗശേഷം മാധ്യമങ്ങൾക്ക് ചോർന്നു കിട്ടിയതും ശ്രദ്ധേയമാണ്. കണ്ണൂരിൽ ജയരാജനു പിന്നിൽ അണിനിരന്ന പ്രവർത്തകരിൽ പലരും ഇന്ന് പാർട്ടിയിലില്ല. ആന്തൂരിൽ നടപടിക്ക് വിധേയരായവരിൽ ഭൂരിഭാഗവും ജയരാജനുമായി അടുപ്പമുള്ളവരാണ്. മാത്രമല്ല, ജില്ലയിൽ പലയിടങ്ങളിലും ഇത്തരം പ്രവർത്തകരുണ്ട്.
പാർലമെന്ററി രംഗത്ത് അധികകാലമൊന്നും പ്രവർത്തിക്കാത്ത മുതിർന്ന നേതാവായ ജയരാജൻ, നിലവിൽ സംസ്ഥാന സമിതി അംഗം മാത്രമാണ്. മറ്റ് ചുമതലകളൊന്നും ഇദ്ദേഹത്തിന് ഇപ്പോഴില്ല.
ജയരാജന് പാർട്ടിയിൽ പിടിവിട്ടതോടെയാണ് ആകാശും അർജുനും സി പി എമ്മിനെതിരെ തിരിഞ്ഞത്. സി പി എമ്മിൻ്റെ വഴിവിട്ട പോക്കിനെതിരെ കണ്ണൂരിലെ ഒരു വലിയ വിഭാഗം നേതാക്കൾ രംഗത്തുണ്ട്. പിണറായി വിഴുന്നത് കാത്തിരിക്കുകയാണ് പാർട്ടിയിലെ ഒരു വിഭാഗം. പിണറായി വീണാൽ ഏറ്റവുമധികം സന്തോഷിക്കുന്നതും ഇക്കൂട്ടരായിരിക്കും. അതിനാൽ സൂക്ഷിക്കുന്നത് പിണറായിക്ക് നന്നായിരിക്കും.
https://www.facebook.com/Malayalivartha

























