ഇല്ലാത്ത തസ്തികയിൽ നിയമിച്ച അദ്ധ്യാപികക്ക് മാനേജ്മെന്റിൽ നിന്നും ശമ്പളം വാങ്ങി നൽകണം : മനുഷ്യാവകാശ കമ്മീഷൻ

കേരള വിദ്യാഭ്യാസ ചട്ടങ്ങൾ പ്രകാരം നിയമനം നടത്താൻ പാടില്ലാത്ത ഒരു തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ യു.പി. സ്കൂൾ അദ്ധ്യാപികയായി നിയമിച്ചയാൾക്ക് നിയമപ്രകാരം ലഭിക്കേണ്ട 129 ദിവസത്തെ വേതനം പത്തനാപുരം സെന്റ് സ്റ്റീഫൻസ് മാനേജ്മെന്റിൽ നിന്നും ഈടാക്കി ഒരു മാസത്തിനകം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. തുക നൽകിയ വിവരം പൊതു വിദ്യാഭ്യാസ ഡയറക്ടർ കമ്മീഷനെ രേഖാമൂലം അറിയിക്കണം. നിലമേൽ ബംഗ്ലാംകുന്ന് ജി.എസ്. ശ്രീലേഖക്ക് ശമ്പളം നൽകാനാണ് ഉത്തരവ്. 2019 ജൂലൈ 17 മുതൽ 2020 ഫെബ്രുവരി 6 വരെയുള്ള ശമ്പളമാണ് നൽകാനുള്ളത്.
പുനലൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പത്തനാപുരം സെന്റ് സ്റ്റീഫൻസ് എച്ച്. എസ്.എസിൽ യു.പി.എസ്.ടി യായി ജേക്കബ് ജോൺ എന്ന അദ്ധ്യാപകന്റെ ശൂന്യവേതനാവധിയിൽ സ്കൂൾ മാനേജരാണ് പരാതിക്കാരിയെ നിയമിച്ചത്. എന്നാൽ ഒരു വർഷത്തിലധികമുള്ള എല്ലാ ഹ്രസ്വകാല ഒഴിവുകളിലും അദ്ധ്യാപക ബാങ്കിൽ നിന്നുള്ള സംരക്ഷിതാദ്ധ്യാപകരെ നിയമിക്കണമെന്നാണ് ചട്ടം.
അതിനാൽ പരാതിക്കാരിയുടെ നിയമനാംഗീകാരം സർക്കാർ നിരസിച്ചു. എന്നാൽ ചട്ട പ്രകാരമുള്ള വ്യവസ്ഥ മാനേജർക്ക് അറിയാമായിരുന്നിട്ടും തന്നെ ഏഴു വർഷം മുമ്പ് അവധിയെടുത്ത അദ്ധ്യാപകന്റെ തസ്തികയിൽ നിയമിച്ചത് മനപൂർവമാണെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു. 2019 ജൂലൈ 29 ന് പുനലൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ തന്റെ നിയമനം നിരസിച്ച വിവരം അദ്ധ്യാപക നിയമന പോർട്ടലായ സമന്വയയിൽ രേഖപ്പെടുത്തിയിരുന്നുവെന്നും എന്നാൽ പ്രസ്തുത വിവരം പരാതിക്കാരിയെ മാനേജർ അറിയിച്ചില്ലെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
തനിക്ക് സ്ഥിര നിയമനം വാഗ്ദാനം ചെയ്ത് സ്കൂൾ മാനേജ്മെന്റ് രണ്ടു വർഷത്തോളം ചതിച്ചെന്നും തനിക്ക് അർഹതയുള്ള 129 ദിവസത്തെ വേതനം സ്കൂൾ മാനേജ്മെന്റിൽ നിന്നും ഈടാക്കി തരണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. 1948 ഡിസംബർ 10 ന് ഐക്യരാഷ്ട്ര സഭ നടത്തിയ സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനത്തിലെ അനുച്ഛേദം 23.3 ൽ പറയുന്ന വ്യവസ്ഥയുടെ ലംഘനമാണ് സംഭവിച്ചിരിക്കുന്നതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പത്തനാപുരം സെന്റ് സ്റ്റീഫൻസ് എച്ച്.എസ് മാനേജ്മെന്റിന്റെ നടപടിയിൽ കമ്മീഷൻ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി. മേലിൽ ഇത്തരം ഒരു വീഴ്ച മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും ആവർത്തിക്കാതിരിക്കാൻ തക്ക മാതൃകാപരമായ ശിക്ഷാനടപടി പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























