ഇങ്ങോട്ട് ദ്രോഹിച്ചാല്‍ സ്റ്റാലിനെ തിരിച്ച് പണിയും! ശബരിമല സീസണിൽ തൂക്കുമെന്ന് ഗണേശൻ... വണ്ടി പിടിക്കുമെന്ന് ഗണേഷ് കുമാർ

തമിഴ്നാടിന് താക്കീതുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. കേരള സര്‍ക്കാരുമായി കൂടിയാലോചിക്കാതെ തമിഴ്നാട് 4000 രൂപ ടാക്സ് വര്‍ധിപ്പിച്ചുവെന്ന് ഗണേഷ് കുമാർ പറഞ്ഞു. നികുതിയുടെ പേരില്‍ കെഎസ്ആര്‍ടിസിയുടെ ബസുകൾ തമിഴ്നാട്ടില്‍ പിടിച്ചിട്ടാല്‍ അവരുടെ വാഹനങ്ങള്‍ കേരളത്തിലും പിടിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാര് നിയമസഭയില്‍.
യാതൊരു ആലോചനയും കൂടാതെയാണ് സീറ്റിന് 4,000 രൂപ വീതം തമിഴ്നാട് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. രാജ്യം മുഴുവന്‍ ഒരു നികുതി എന്നു കേന്ദ്രം പറയുമ്പോഴാണ് ഈ നടപടി. ‘അങ്ങനെയെങ്കിൽ നമുക്കും പോരട്ടെ 4,000 രൂപ എന്നാണ് നമ്മുടെ നിലപാട്. ശബരിമല സീസണ് വരാന്‍ പോകുകയാണെന്ന് തമിഴ്നാട്ടുകാര്‍ മനസ്സിലാക്കണം.
അവിടെ നിന്നാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇങ്ങോട്ടു വരാന്‍ പോകുന്നത്. ഞങ്ങള്‍ ഖജനാവില്‍ പണം നിറയ്ക്കും. ഇവിടെ നിന്നു പോകുന്നവരെ അവിടെ ഉപദ്രവിച്ചാല്‍ അവിടെനിന്ന് വരുന്നവരെ ഇവിടെയും ഉപദ്രവിക്കും. കെഎസ്ആര്‍ടിസിയുടെ വണ്ടി പിടിച്ചിട്ടാല്‍ ഇവിടെ തമിഴ്നാടിന്റെ വണ്ടിയും പിടിച്ചിടും. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.’’ - ഗണേഷ് കുമാര്‍ പറഞ്ഞു.
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ കൊടുക്കാൻ സംവിധാനം വരുമെന്നും മന്ത്രി വിശദീകരിച്ചു. അതിനുള്ള മുന്നൊരുക്കങ്ങൾ നടക്കുകയാണ്. ബാങ്ക് വായ്പ എടുക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിച്ച് വരികയാണ്. KSRTC കൂടുതൽ എസി ബസുകളിലേക്ക് മാറും. കാലാവസ്ഥ മാറ്റവും മാറി വരുന്ന ആവശ്യങ്ങളും പരിഗണിച്ച് സൗകര്യമുള്ള ബസുകൾ ഇറക്കും.
കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സുകളുടെ വ്യവസ്ഥകളിൽ ഇളവ് വരുത്തി പരമാവധി കടകൾ വാടകയ്ക്ക് നൽകാൻ നടപടി എടുക്കും. കെഎസ്ആർടിസി കംഫർട് സ്റ്റേഷനുകൾ സംസ്ഥാന വ്യാപകമായി പരിഷ്കരിക്കും.കംഫർട് സ്റ്റേഷൻ പരിപാലനം സുലഭ് എന്ന ഏജൻസിയെ ഏൽപ്പിക്കാൻ ഉദ്ദേശിക്കുന്നു. 23 ഡ്രൈവിംഗ് സ്കൂളുകൾ കൂടി കെഎസ്ആർടിസി തുടങ്ങുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























