കേരള ബാങ്ക് ഗ്രേഡിംഗ് : നബാർഡ് നടപടി രാഷ്ട്രീയ പ്രേരിതം

കേരളത്തിലെ സുശക്തമായ സഹകരണ വായ്പാ മേഖലയെ ദുർബലപ്പെടുത്തുക എന്ന കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമായാണോ 2022-23 സാമ്പത്തിക വർഷത്തെ ഇൻസ്പെക്ഷനെ തുടർന്ന് കേരള ബാങ്കിൻറെ റേറ്റിംഗ് "B" യിൽ നിന്നും "C" ആക്കി മാറ്റിയത് എന്നു സംശയിക്കുന്നതായി കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡണ്ട് കടകംപള്ളി സുരേന്ദ്രൻ MLA പ്രസ്താവനയിൽ പറഞ്ഞു.
റിസർവ് ബാങ്ക് അനുമതിയോടെ 2019 നവംബർ 29 – ന് കേരള ബാങ്ക് രൂപീകരിച്ചതിനു ശേഷം പുരോഗതി മാത്രമാണ് ബാങ്കിന് ഉണ്ടായിട്ടുള്ളത്. രൂപീകരണ ശേഷമുള്ള 5 സാമ്പത്തിക വർഷങ്ങളിലും ബാങ്ക് അറ്റ ലാഭം നേടുകയുണ്ടായി. 31.03.2024 - ലെ കണക്കനുസരിച്ച് 2023 - 24 സാമ്പത്തിക വർഷം കേരള ബാങ്ക് 209 കോടി രൂപയുടെ അറ്റ ലാഭം നേടി.
നിക്ഷേപത്തിലും വായ്പയിലും മൊത്തം ബിസിനസ്സിലും വളർച്ചയുണ്ടായി. സഞ്ചിത നഷ്ടം 1151 കോടി രൂപയിൽ നിന്നും 477 കോടി രൂപയായും നിഷ്ക്രിയ ആസ്തി 8834 കോടി രൂപയിൽ നിന്നും 5564 കോടി രൂപയായും കുറച്ചുകൊണ്ടു വരുന്നതിന് ബാങ്കിന് കഴിഞ്ഞു. 9% മാണ് റിസർവ് ബാങ്ക് മാനദണ്ഡപ്രകാരം മൂലധന പര്യാപ്തത വേണ്ടതുള്ളത്.
എന്നാൽ 2024 മാർച്ച് 31 പ്രകാരം ബാങ്കിൻറെ മൂലധന പര്യാപ്തത 10.32% ആണ്. കേരളത്തിലെ മൊത്തം ബാംങ്കിംഗ് ബിസിനസ്സിൽ ഏകദേശം 10 ശതമാനം കേരള ബാങ്കാണ് നിർവഹിക്കുന്നത്. മൊബൈൽ ബാങ്കിങ് ഉൾപ്പടെ ആധുനിക ബാംങ്കിംഗ് സേവങ്ങൾ ബാങ്ക് നടപ്പാക്കി. കേരള ബാങ്കിൽ സർക്കാർ അംഗീകരിച്ച പോസ്റ്റുകളുടെ എണ്ണം 6114 ആണ്.
നിലവിലുള്ള ജീവനക്കാരുടെ എണ്ണം 5000 ൽ താഴെ ആണ്. വിരമിച്ച ഒഴിവുകളിൽ PSC റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലും നിലവിലുള്ള ജീവനക്കാരുടെ അക്ഷീണ പ്രയത്നത്തിന്റെ ഭാഗമായാണ് ബാങ്ക് നല്ല രീതിയിൽ പുരോഗതി നേടിയത്. ഈ വസ്തുതകൾ കണക്കിലെടുക്കാതെയുള്ള നബാർഡ് നടപടി ബാങ്കിന്റെ സൽപ്പേരിനെ കളങ്കപ്പെടുത്തുന്നതും ജീവനക്കാരെ ആശങ്കപ്പെടുത്തുന്നതുമാണ്.
കേരള ബാങ്കിനെയും അതിലൂടെ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെയും ദുർബലപ്പെടുത്താനുള്ള നബാർഡ് നീക്കത്തിൽ ശക്തമായ പ്രധിഷേധം രേഖപ്പെടുത്തുന്നു. തെറ്റായ നടപടി പുനഃപരിശോധിക്കണമെന്ന് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ നബാർഡിനോട് ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha

























