കല്യാണ കര്‍മിയായ സ്പീക്കറെ കെ. കെ രമ വെട്ടിലാക്കി കാലം തിരിഞ്ഞ് കൊത്തുന്നു.
ഭരണകക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ഭരണഘടനാ പദവിയാണ് നിയമസഭാ സ്പീക്കര്‍. നിലവിലെ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഒരുപരിധിവരെ അങ്ങനെയാണ് പ്രവര്‍ത്തിച്ചിരുന്നത്. അതിന് മുഖ്യമന്ത്രിയുടെയും ടൂറിസം മന്ത്രിയുടെയും വിരോധം അദ്ദേഹം സമ്പാദിച്ച ചരിത്രമുണ്ടായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വളരെ പക്ഷാപാതപരമായ നിലപാടാണ് സ്പീക്കര്‍ സ്വീകരിക്കുന്നത്. അത് പാര്‍ട്ടിയേയും മുഖ്യമന്ത്രിയേയും മാത്രമല്ല സ്പീക്കറെയും വ്യക്തിപരമായി ബാധിക്കുന്ന കാര്യമായത് കൊണ്ടാണ്. ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരനെ കൊന്നത് ആരാണെന്ന് മലയളികള്‍ക്കെല്ലാം അറിയാം. ആ കേസിലെ പ്രതികളെ വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ ധൃതി കാണിക്കുന്നു. അതിനെതിരെ ടിപിയുടെ ഭാര്യയും എം.എല്‍.എയുമായ കെ.കെ രമ നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചുകൊണ്ട് സ്പീക്കര്‍ സര്‍ക്കാരിന്റെ വക്താവായി മാറിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോള്‍, റൂള്‍ 50 പ്രകാരം ലഭിച്ച നോട്ടീസ് പ്രകാരം ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ വിട്ടയയ്ക്കാനുള്ള നീക്കം ഉണ്ടായിട്ടില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ ചട്ടം 52 പ്രകാരം അനുമതി നിഷേധിക്കുന്നു എന്നാണ് സ്പീക്കര്‍ നല്‍കിയ റൂളിംഗ്. അങ്ങനെ സര്‍ക്കാരിന്റെ വക്താവായി സ്പീക്കര്‍ മാറരുതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഹൈക്കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച ട്രൗസര്‍ മനോജിനെ അടക്കം വിട്ടയ്ക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതുപ്രകാരം പ്രതിയെ വി്ട്ടയ്ക്കുന്നതിലുള്ള അഭിപ്രായം ആരായാന്‍ കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് കെകെ രമയുടെ മൊഴി എടുക്കാന്‍ വിളിച്ചപ്പോഴാണ് ഈ സംഭവം പുറത്തറിയുന്നത്.
എന്നാല്‍ ഈമാസം മൂന്നിന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി് ഉത്തരവ് പുറപ്പെടുവിച്ചത് അനുസരിച്ച്, സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനിച്ചെന്നാണ് മുഖ്യമന്ത്രിക്ക് വേണ്ടി എക്‌സൈസ് മന്ത്രി എംബി രാജേഷ് നിയമസഭയില്‍ മറുപടി നല്‍കിയത്. ഈ മാസം മൂന്നിന് ലോക്‌സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നു. ആറിന് പെരുമാറ്റച്ചട്ടം അവസാനിച്ചത്. അപ്പോള്‍ മൂന്നാംതീയതി തിടുക്കപ്പെട്ട് ഇത്തരമൊരു ഉത്തരവ് ഇറക്കിയത് സര്‍ക്കാരിന്റെ അറിവോടെയല്ലെന്ന് എങ്ങനെ പറയാനാകും എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയാന്‍ ഭരണകക്ഷിക്കായില്ല. കെ.കെ രമയ്ക്ക് മറുപടി പറയാനുള്ള ശക്തിയില്ലാതെ, ഇരട്ടച്ചങ്കനായ മുഖ്യമന്ത്രി ഡല്‍ഹിക്ക് പറന്നിരുന്നു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതിപക്ഷം സബ്മിഷന്‍ ഉന്നയിച്ചു. അതിന് മുഖ്യമന്ത്രിയായിരുന്നു മറുപടി നല്‍കേണ്ടിയിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഡല്‍ഹിയില്‍ പോകേണ്ട മുഖ്യമന്ത്രി ഉത്തവരെ നിയമസഭയിലെത്തിയില്ല. കാരണം പറഞ്ഞ കള്ളങ്ങളെല്ലാം പൊളിഞ്ഞ സ്ഥിതിക്ക് നാണംകെടേണ്ടെന്ന് വിചാരിച്ച് കാണും. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുന്നതിനുള്ള കാരണം സഭയില്‍ പറയേണ്ടത് മുഖ്യമന്ത്രിയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് പകരം സ്പീക്കറാണത് പറഞ്ഞത്. അതാണ് വിവാദമായത്. ഏത് അംഗമാണ് സഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടിയതെന്ന് പോലും സ്പീക്കര്‍ പറഞ്ഞില്ല. സ്പീക്കറുടെ വിവേചനാധികാരത്തില്‍ പെടാത്ത കാര്യത്തില്‍ ഇടപെട്ടു.
സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ കെകെ രമയുടെ പേര് പോലും പറയാന്‍ സ്പീക്കര്‍ തയ്യാറായില്ല. മാത്രമല്ല അനുമതി നിഷേധിക്കുന്നതിനുള്ള വ്യക്തമായ കാരണം പോലും പറഞ്ഞില്ല. പകരം സബ്മിഷനായി വിഷയം ഉന്നയിക്കാം എന്നാണ് പറഞ്ഞത്. അങ്ങനെ വന്നാല്‍ വിഷയത്തിന്‍മേല്‍ ചര്‍ച്ച നടക്കില്ല. ഒന്നോ രണ്ടോ വാചകത്തില്‍ പ്രശ്‌നം അവസാനിക്കും. അങ്ങനെ വളരെ തന്ത്രപരമായി തലയൂരാനാണ് സര്‍ക്കാര്‍ നോക്കിയത്. അടിയന്തരപ്രമേയത്തിന്‍മേല്‍ ചര്‍ച്ച നടന്നിരുന്നെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനോടും സിപിഎമ്മിനോടും കെകെ രമ പലതും ചോദിച്ചേനെ. അതിനൊക്കെ മറുപടി പറയാനുള്ള ശക്തി സിപിഎമ്മിനുണ്ടാകില്ല. സബ്മിഷന് മറുപടി നല്‍കിയ എം.ബി രാജേഷ് പ്രതികളെ വിട്ടയയ്ക്കാന്‍ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി. പിന്നെ എന്തിനാണ് കെ.കെ രമയുടെയും നാട്ടുകാരുടെയും മൊഴി പൊലീസ് എടുത്തത്. സര്‍ക്കാര്‍ ഇളവ് നല്‍കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മൊഴി എടുത്തത്. ഇതിനൊന്നും മന്ത്രിക്ക് മറുപടിയില്ലായിരുന്നു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കാന്‍ സ്പീക്കര്‍ പ്രത്യേക താല്‍പര്യം എടുത്തത് അദ്ദേഹത്തിന്റെ കൂടെ മുഖം രക്ഷിക്കാനാണെന്ന ആക്ഷേപം ശക്തമാണ്. കാരണം ടിപി കേസിലെ പ്രതി മുഹമ്മദ് ഷാഫിയുടെ നിക്കാഹിന് ആശംസയര്‍പ്പിച്ച് എംഎല്‍എയായിരുന്ന എഎന്‍ ഷംസീര്‍ പോയിരുന്നു. 2017ലായിരുന്നു സംഭവം. അടിയന്തരപ്രമേയം ചര്‍ച്ചയ്ക്ക് വന്നാല്‍ ഇതെല്ലാം പ്രതിപക്ഷം കുത്തിപ്പൊക്കൊണ്ട് വരുമെന്ന് സ്പീക്കറിന് ഭയമുണ്ട്. അങ്ങനെയെങ്കില്‍ സ്പീക്കര്‍ക്ക് കൊലക്കേസ് പ്രതിയുമായി അടുപ്പമുണ്ടായിരുന്നു എന്ന ചര്‍ച്ച വരും. അതൊക്കെ വലിയ നാണക്കേടായി മാറും. ഇതെല്ലാം മുന്നില്‍ കണ്ടാ് സ്പീക്കര്‍ സര്‍ക്കാരിന്റെയും തന്റെയും തടിരക്ഷിക്കാന്‍ വക്കാലത്തുമായി ഇറങ്ങിയത്.
സര്‍ക്കാര്‍ അറിയാതെയാണ് ഇത്തരത്തിലൊരു പട്ടിക തയ്യാറാക്കിയതെന്ന് മന്ത്രി എംബി രാജേഷ് പറയുന്നു. ആഭ്യന്തരവകുപ്പിനെ മറികടന്ന് അങ്ങനെ ഉദ്യോഗസ്ഥര്‍ പട്ടിക തയ്യാറാക്കുകയാണെങ്കില്‍ ആഭ്യന്തരവകുപ്പ് പിരിച്ചുവിടുന്നതായിരിക്കും നല്ലത്. ഭരിക്കുന്ന മന്ത്രിക്ക് കഴിവില്ലാത്തത് കൊണ്ടാണല്ലോ ഉദ്യോഗസ്ഥര്‍ കേറി മേയുന്നത്. ഇത്തരത്തില്‍ സിപിഎം ഉന്നയിക്കുന്ന എല്ലാ വാദങ്ങളുടെയും മുനയൊടിയുകയാണ്. അഴിക്കാന്‍ നോക്കുന്തോറും കുരുക്ക് മുറുകുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ മാറ്റണമെന്ന് അടക്കമുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടക്കുമ്പോഴാണ് പുതിയ വിവാദം ഉടലെടുത്തത്. എല്ലാംകൊണ്ടും പിണറായി വിജയന്റെ ബെസ്റ്റ് ടൈം അല്ലാതെ എന്ത് പറയാന്‍.
https://www.facebook.com/Malayalivartha

























