കല്ലാനോട് ഇല്ലിപ്പിലായി മേഖല നിവാസികളെ പരിഭ്രാന്തരാക്കിയ ഉഗ്ര സ്ഫോടന ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തി; ഏഴ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു...

ഉഗ്രസ്ഫോടന ശബ്ദത്തിൽ പരിഭ്രാന്തരായി കല്ലാനോട് ഇല്ലിപ്പിലായി മേഖല നിവാസികൾ. കൂരാച്ചുണ്ട് പഞ്ചായത്തിലെ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട് ഭാഗത്താണ് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ സ്ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതെന്ന് പ്രദേശവാസികൾ പറയുന്നു. കല്ലാനോട് പൂവത്തും ചോല മേഖലയിലും ഉഗ്രശബ്ദം കേട്ടതായും നാട്ടുകാർ പറഞ്ഞു. ഇതിനെ തുടർന്ന് പൂത്തോട്ട് താഴെ തോടിനോട് ചേർന്ന മേഖലയിലെ വീടുകളിൽ നിന്നും ആളെ മാറ്റി താമസിപ്പിക്കുകയും ചെയ്തു.
ഉഗ്രസ്ഫോടന ശബ്ദമുണ്ടായത് വമ്പൻ പാറ അടർന്നുവീണതിനെത്തുടർന്ന് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് ആളുകൾ കുന്നിൻ മുകളിൽ പരിശോധന നടത്തിയത്. വലിയ പാറ അടർന്ന് മണ്ണും ചെളിയും ഉൾപ്പെടെ 50 മീറ്ററോളം താഴേക്ക് ഒലിച്ചുപോയി. സ്വകാര്യ ഭൂമിയിലെ പാറയാണ് പൊട്ടി ഒലിച്ചുവന്നത്. ഇവിടെ നിന്നും അരക്കിലോമീറ്റർ താഴെയായി ഏഴ് വീട്ടുകാരാണ് താമസിക്കുന്നത്. പാറ വീണ്ടും അടർന്നുവീഴാനുള്ള സാധ്യത നിലനിൽക്കുകയാണ്. മലമുകളിൽ ഉരുൾപൊട്ടലുണ്ടായെന്നും സംശയിക്കുന്നുണ്ട്.
വെള്ളിയാഴ്ച രാവിലെ പ്രദേശവാസികൾ സ്ഥലം സന്ദർശിച്ചപ്പോഴാണ് മണിച്ചേരി-പുത്തേട്ടുതാഴെ തോടിന്റെ ആരംഭ ഭാഗത്തുനിന്ന് കൂറ്റൻ പാറകൾ ഇടിഞ്ഞു താഴോട്ടേക്ക് പതിച്ചതായി കണ്ടെത്തിയത്. 2018ലെ പ്രളയസമയത്ത് ഈ മേഖലയിലെ ഭൂമിക്ക് വിള്ളൽ സംഭവിച്ചിരുന്നു. ചെരിവുകളിൽ നിൽക്കുന്ന പാറക്കല്ലുകൾ മഴ ശക്തമായാൽ ഇടിഞ്ഞുവീഴാനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha

























