കെ എസ് ആര് ടി സി ബസുകള്‍ തൊട്ടാല്‍ വിവരമറിയും;തമിഴ്നാടിനെതിരെ നിയമസഭയില്‍ കത്തിക്കയറി മന്ത്രി ഗണേഷ് കുമാര്‍, സംസ്ഥാനത്ത് നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ക്കു കൂടിയാലോചന ഇല്ലാതെ നികുതി വര്‍ധിപ്പിച്ചതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്, ശബരിമല സീസണ് ആണ് വരുന്നത് മൊടയിറക്കിയാല് പണിതന്നിരിക്കും

തമിഴ്നാട്ടില്‍ കെ.എസ്.ആര്.ടി.സി. ബസ് പിടിച്ചിട്ടാല്‍ അവരുടെ ബസ് ഇവിടെ പിടിച്ചിടുമെന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാര് നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്ത് നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ക്കു കൂടിയാലോചന ഇല്ലാതെ നികുതി വര്‍ധിപ്പിച്ചതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ഗതാഗതവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയാണ് തമിഴ്നാടിന്റെ നടപടിയെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചത്. തമിഴ്നാട്ടുകാര്‍ മനസ്സിലാക്കണം, ശബരിമല സീസണ് വരുകയാണ് അവിടെനിന്നാണ് ഇങ്ങോട്ട് കൂടുതല്‍ ആളുകള്‍ വരുന്നത്. ഞങ്ങളും ഖജനാവില്‍ പണം നിറയ്ക്കും. ഇവിടെനിന്നു പോകുന്നവരെ അവിടെ ഉപദ്രവിച്ചാല്‍ അവിടെനിന്നു വരുന്നവരെ ഇവിടെയും ഉപദ്രവിക്കും. കെ.എസ്.ആര്.ടി.സി. വണ്ടി പിടിച്ചിട്ടാല്‍ തമിഴ്നാടിന്റെ വണ്ടിയും പിടിച്ചിടും. അതിലൊന്നും വിട്ടുവീഴ്ചയുമില്ല.
അങ്ങനെ നമ്മുടെ അടുത്ത് കളിക്കേണ്ട. അയല്‍ സംസ്ഥാനവുമായി സ്നേഹത്തില്‍ പോകുകയാണ്. കൂടിയാലോചിക്കാതെയാണ് തമിഴ്നാട് നികുതി ഉയര്‍ത്തിയത്. ഇന്ത്യ മുഴുവന്‍ ഒരു നികുതിയെന്നാണ് കേന്ദ്രം പറയുന്നത്. കര്‍ശനമായ നിലപാട് സ്വീകരിക്കും'' മന്ത്രി പറഞ്ഞു.മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ എം.എല്‍.എ.മാര്‍ ഗ്രാമസഭകള്‍ ചേര്‍ന്ന് ബസ് റൂട്ടുകള്‍ തയ്യാറാക്കും. ഈ പെര്‍മിറ്റുകള്‍ സര്‍ക്കാര്‍ ലേലത്തില്വയ്ക്കും. പൊതുഗതാഗതം ഇല്ലാത്ത ഒരു ഇടവഴിപോലും സംസ്ഥാനത്തുണ്ടാകില്ല. ശൗചാലയങ്ങളുടെയും ഓഫീസിന്റെയും ശുചിത്വം ഉറപ്പാക്കാന്‍ കെ.എസ്.ആര്.ടി.സി. ഹൗസ് കീപ്പിങ് ടീം രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഓള് ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റിന്റെ മറവില്‍ വിവിധ സ്ഥലങ്ങളില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റി സര്‍വീസ് നടത്തുന്ന അന്യസംസ്ഥാനബസുകള്‍ക്ക് തമിഴ്നാട്ടില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍ നിന്നുള്ളവയടക്കം 545 ബസുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. സ്റ്റേജ് കാര്യേജിനുള്ള പെര്‍മിറ്റ് എടുക്കാത്തതിനാല്‍ സര്‍ക്കാരിന് വന്‍തുക നികുതിനഷ്ടമുണ്ടാകുന്നുവെന്ന് കണ്ടെത്തിയതോടെയായിരുന്നു ഈ നടപടി സ്വീകരിച്ചത്. ഓള് ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് നേടിയത് ശേഷം സംസ്ഥാനത്ത് സ്റ്റേജ് കാര്യേജുകളായി സര്‍വീസ് നടത്തുന്നതു തടയാന്‍ ഈ തീരുമാനമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. 650 ബസുകള്‍ ഇത്തരത്തില്‍ സര്‍വീസ് നടത്തുന്നതായി കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ക്ക് പെര്‍മിറ്റ് നേടാന്‍ സമയം അനുവദിക്കുകയായിരുന്നു. സമയപരിധി അവസാനിച്ചപ്പോള്‍ 105 ബസുകള്‍ മാത്രമാണ് പെര്‍മിറ്റ് നേടിയത്. ഇതോടെ ബാക്കിയുള്ള 545 ബസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.
എന്നാല്‍, ഇത്തരം അന്യസംസ്ഥാന ബസുകള്‍ തമിഴ്നാട്ടില്‍ തടയരുതെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. തമിഴ്നാട്ടിലേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ കൂടാതെ ഇതുവഴി മറ്റുസംസ്ഥാനങ്ങളിലേക്ക് കടന്നുപോകുന്ന ബസുകളെയും ഉദ്യോഗസ്ഥര്‍ തടയുന്നുണ്ട്. ഇത് ഒഴിവാക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ തമിഴ്നാട് സര്‍ക്കാരിന്റെ വിശദീകരണവും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























