സി പി ഐ എം പുറത്താക്കിയ ജില്ലാ കമ്മിറ്റി അംഗം ഛര്‍ദ്ദിക്കുന്നതൊക്കെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നു;ക്രെഡിബിലിറ്റി ഇല്ലാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നതെന്ന് പോരാളി ഷാജിയുടെ രോദനം,ഷാഫി പറമ്പിലിന് നേരെ കൊടുവാളെടുത്തിട്ടുണ്ട് സിപിഎം സൈബര്‍ ഗ്രൂപ്പ്,ചാനലുകാര്‍ക്ക് നേരെയും വലിയ ഭീഷണിയാണ് പുറത്തെടുക്കുന്നത്

കണ്ണൂരില്‍ സിപിഎമ്മുകാരുടെ സൈബര്‍ യുദ്ധം കൊഴുക്കുന്നു. പാര്‍ട്ടിക്ക് പോലും നിയന്ത്രിക്കാനാകുന്നില്ല എംവി ഗോവിന്ദന്‍ തലയ്ക്ക് തീ പിടിച്ച് ഓടുന്നു. മനു തോമസിനെതിരെ പോരാളി ഷാജിയും രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മനു തോമസിനെതിരെ പോരാളി ഷാജി രംഗത്തെത്തിയത്. മനു തോമസ് മാധ്യമങ്ങളില്‍ നടത്തുന്ന പ്രതികരണത്തിനെതിരെയാണ് പോരാളി ഷാജിയുടെ പോസ്റ്റ്. സിപിഐഎം പുറത്താക്കിയ ജില്ലാ കമ്മിറ്റി അംഗം ഛര്‍ദ്ദിക്കുന്നതൊക്കെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നുവെന്നും ക്രെഡിബിലിറ്റി ഇല്ലാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നതെന്നും പോരാളി ഷാജി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ മുന്‍ പ്രസിഡന്റിന്റെ ആരോപണങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നു, കോണ്‍ഗ്രസ് പ്രതിസ്ഥാനത്ത് വന്നാല്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നില്ലെന്ന് പോരാളി.
ഷാഫി പറമ്പിലിന് ബിജെപി നേതാക്കളുമായി രഹസ്യ ബന്ധം ഉണ്ടെന്നും റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി ബന്ധപ്പെട്ട് ഷാഫി പറമ്പില്‍ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നും വെളിപ്പെടുത്തിയത് യൂത്ത് കോണ്‍ഗ്രസ്സിന്റെ പാലക്കാട് മണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസ്സൈന്‍ ആണ്.പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ മുന്‍ പ്രസിഡന്റ് അല്ല നിലവിലെ പ്രസിഡന്റ് ആണ് ഇത്ര ഗൗരവകരമായ ആരോപണം ഉന്നയിച്ചത്. എത്ര വാര്‍ത്താ മാധ്യമങ്ങളില്‍ നിങ്ങള്‍ അന്തിചര്‍ച്ച കണ്ടു ? എത്ര മാധ്യമങ്ങള്‍ സദ്ദാം ഹുസൈനെ വിളിച്ച് ഇന്റര്‍വ്യൂ എടുത്തു ? സുധാകരനെതിരെയും രാഹുല്‍ മാങ്കൂട്ടത്തിനെതിരെയും കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ ഉന്നയിച്ച ആരോപണങ്ങളില്‍ ഇവിടുത്തെ മാധ്യമങ്ങള്‍ നടത്തിയ ഒരന്തിചര്‍ച്ച എങ്കിലും കാണിച്ചു തരാമോ ? സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു മുന്‍ ജില്ലാ കമ്മിറ്റി അംഗം ഛര്‍ദ്ദിക്കുന്നതൊക്കെ കോരിയെടുത്ത് അതിനൊക്കെ ക്രെഡിബിലിറ്റി കൊടുത്ത് ദിവസങ്ങള്‍ ചര്‍ച്ച നടത്തുന്നവരോട് നിങ്ങളൊക്കെ എത്ര നാള്‍ ഇങ്ങനെ ആത്മാഭിമാനം പണയപ്പെടുത്തി കോണ്‍ഗ്രസ്സിന് വേണ്ടി അടിമപ്പണി എടുക്കും എന്നേ ചോദിക്കാനുള്ളൂ.
അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും കൊലവിളിയുമായ് കളത്തിലുണ്ട് കൂടെ പോരാളി ഷാജിയും. 'എന്തും പറയാന്‍ പറ്റില്ലെന്ന് ഇവനെ ബോധ്യപ്പെടുത്താന്‍ സംഘടനയ്ക്ക് അധിക സമയം വേണ്ട' എന്ന് ഓര്‍ത്താല്‍ നല്ലതെന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ മുന്നറിയിപ്പ്. ബിസിനസ് പരിപോഷിപ്പിക്കാന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതാണ് മനു തോമസെന്ന് അര്‍ജുന്‍ ആയങ്കിയും വിമര്‍ശിച്ചിരുന്നു. മനു തോമസിനെതിരെ പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും ഇന്നലെ തലപ്പൊക്കിയത്. പാര്‍ട്ടിയേയും പാര്‍ട്ടി നേതാക്കളേയും ഇല്ലാ കഥകള്‍ പറഞ്ഞ് അപമാനിക്കാന്‍ നില്‍ക്കരുതെന്ന മുന്നറിയിപ്പുമായി റെഡ് ആര്‍മിയും ഇന്നലെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടാക്കാന്‍ പി ജയരാജന്‍ ചര്‍ച്ച നടത്തിയെന്നും മകനെയും ക്വട്ടേഷന്‍കാരെയും ഉപയോഗിച്ച് വിദേശത്തുള്‍പ്പടെ ജയരാജന്‍ കച്ചവടങ്ങള്‍ നടത്തിയന്നുമാണ് കഴിഞ്ഞ ദിവസം മനു തോമസ് ആരോപിച്ചത്.
അതേസമയം മനു തോമസിന്റെ ആരോപണങ്ങള്‍ തള്ളി പി ജയരാജന്റെ മകന്‍ ജെയിന്‍ രാജും രംഗത്തെത്തി. സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി തനിക്ക് ബന്ധമില്ലെന്ന് ജെയിന്‍ രാജ് പറഞ്ഞു. മനുവിനെതിരെ നിയമനടപടി സ്വീകരിക്കും. ഈ വിഷയത്തില്‍ മാധ്യമങ്ങളോട് കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ജെയിന്‍ രാജ് പ്രതികരിച്ചു. പി ജയരാജനും മകനുമെതിരെ ആരോപണവുമായി മനു തോമസ് രംഗത്തെത്തിയിരുന്നു.
പി ജയരാജനാണ് സ്വര്‍ണ കടത്ത് സംഘത്തിന്റെ സംരക്ഷകനെന്നാണ് മനു തോമസ് തുറന്നടിച്ചത്. ഇതില്‍ പ്രകോപിതനായ പി.ജയരാജന്‍ മനു തോമസിന്റെ തലശേരിയിലെയും തളിപ്പറമ്പിലെയുംബിസിനസ് ബന്ധങ്ങളെ കുറിച്ചു പരാമര്‍ശിച്ചതോടെ വിവാദങ്ങള്‍ കത്തിപടരുകയായിരുന്നു. ഇതിന് മറുപടിയായാണ് സ്വര്‍ണക്കടത്ത് സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങളായ ആകാശ് തില്ലങ്കേരിയെയും അര്‍ജുന്‍ ആയങ്കി മാരെയും കാറില്‍ കയറ്റിക്കൊണ്ടു നടന്ന് സംരക്ഷിച്ചതും വന്‍ വൃക്ഷങ്ങളായി വളര്‍ത്തിയതും പി.ജയരാജനാണെന്ന് മനു തോമസ് തുറന്നടിച്ചത്. 2019ല്‍ പി.ജയരാജെനെ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത് വ്യക്തി പൂജാ വിവാദം മാത്രമല്ല കാരണമെന്നാണ് പുറത്തുവരുന്ന വിവരം പോരാളി ഷാജി, റെഡ് ആര്‍മി ചെങ്കതിര്‍, ചെങ്കോട്ട തുടങ്ങിയ ഇടതു അനുകൂല സൈബര്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നത് പി.ജയരാജന്റെ ഗള്‍ഫില്‍ ജോലി ചെയ്യുന്ന മകന്‍ ജയ്ന്‍ രാജാണെന്നായിരുന്നു മനു തോമസിന്റെ ആരോപണം. ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും നടത്തുന്ന സ്വര്‍ണം പൊട്ടിക്കലിന്റെ കോര്‍ഡിനേറ്റായി പ്രവര്‍ത്തിക്കുന്നതും ജയിന്‍ രാജാണെന്ന ആരോപണം പി.ജയരാജനെ ആരാധിക്കുന്ന പാര്‍ട്ടിയിലെ സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പി ജയരാജനും കുടുംബത്തിനെതിരെയും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്‍തുണയുമായി പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ അണിയറയില്‍ കളിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























