രാത്രികാലങ്ങളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ദീര്‍ഘദൂര ബസുകള്‍ നിര്‍ത്താനാവില്ലെന്ന് അറിയിച്ച് കെഎസ്ആര്‍ടിസി

രാത്രികാലങ്ങളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ദീര്‍ഘദൂര ബസുകള്‍ നിര്‍ത്താനാവില്ലെന്ന് അറിയിച്ച് കെഎസ്ആര്‍ടിസി. രാത്രി എട്ട് മുതല്‍ രാവിലെ അഞ്ച് വരെ സ്ത്രീകളും മുതിര്‍ന്ന പൗരന്മാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തണമെന്ന് സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും ദീര്‍ഘദൂര മള്‍ട്ടി ആക്സില്‍ എ സി സൂപ്പര്‍ ഡീലക്സ്, സൂപ്പര്‍ എക്സ്പ്രസ് ബസുകളില്‍ ഈ നിര്‍ദ്ദേശം നടപ്പാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ഇത് ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് അസൗകര്യമാണെന്നും നിരവധി പരാതികള്‍ ഉയര്‍ന്ന് വന്നിട്ടുള്ളതാണെന്നും തുടര്‍ന്നും ഇത്തരം സര്‍വീസുകള്‍ നിര്‍ദ്ദിഷട സ്ഥലങ്ങളിലല്ലാതെ നിര്‍ത്തുന്നതല്ലെന്നും കെഎസ്ആര്‍ടിസി കമ്മീഷനെ അറിയിച്ചിട്ടുണ്ട്. പാലക്കാട് - വാളയാര്‍ റൂട്ടില്‍ പതിനാലാംകല്ലില്‍ ബസുകള്‍ നിര്‍ത്താറില്ലെന്ന് സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന് ആക്റ്റിംഗ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജൂനാഥ് ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
അതേസമയം, വാളയാര്‍-പാലക്കാട് റൂട്ടില്‍ രാത്രികാലങ്ങളില്‍ ഓര്‍ഡിനറി ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്താനുള്ള സാദ്ധ്യത പരിശോധിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസി പാലക്കാട് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്കാണ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയത്. ഇതേ റൂട്ടില്‍ രാത്രികാലത്ത് ബസ് സര്‍വീസുകള്‍ കുറവായ സാഹചര്യത്തിലാണ് നടപടി.
https://www.facebook.com/Malayalivartha

























