സ്കൂളുകളിൽ വനിതാ കമ്മിഷൻ ബോധവൽക്കരണം നടത്തും: വി.ആർ. മഹിളാമണി

ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരേയും സൈബറിടത്തിലെ മാന്യമായ ഇടപെടൽ സംബന്ധിച്ചും സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണം സംഘടിപ്പിക്കുമെന്ന് വനിതാ കമ്മിഷൻ അംഗം വി.ആർ. മഹിളാമണി പറഞ്ഞു. പാലക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അംഗം.
വനിതാ കമ്മിഷന് മുൻപാകെ വരുന്ന പരാതികൾ പഠിച്ച് ആവശ്യമായ മേഖലകൾക്ക് ഊന്നൽ നൽകി ബോധവത്കരണ പരിപാടികൾ നടത്തി വരുന്നുണ്ട്. ഗാർഹിക പീഡന നിയമം, സ്ത്രീധന നിരോധന നിയമം, തൊഴിൽ നിയമങ്ങൾ, പോഷ് ആക്ട്, സൈബർ നിയമങ്ങൾ, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ തുടങ്ങിയവയിൽ ബോധവത്കരണം ശക്തമായി തുടരും.
തൊഴിൽ സംബന്ധമായ മാനസിക പീഡനങ്ങളും സൈബറിടങ്ങളിലെ ആക്രമണങ്ങളും സിറ്റിംഗിൽ പരാതിയായി വന്നിട്ടുണ്ട്. ഇത്തരം പരാതികൾ വർധിച്ച് വരുന്നത് വനിതാ കമ്മിഷൻ ഗൗരവത്തോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിൽ കുട്ടികളിൽ നിന്ന് തന്നെ ബോധവൽക്കരണം ആരംഭിക്കാനാണ് വനിതാ കമ്മിഷൻ തീരുമാനം.
വീടിനകത്ത് സ്ത്രീകൾ അനുഭവിക്കുന്ന വിവിധ മാനസിക പ്രശ്നങ്ങൾ, ഗാർഹിക പീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ തുടങ്ങിയവയാണ് സിറ്റിംഗിൽ പരിഗണനയ്ക്കു വന്നതിലേറെ പരാതികളെന്നും വനിതാ കമ്മിഷൻ അംഗം പറഞ്ഞു.
സിറ്റിംഗിൽ ഏഴ് കേസുകൾ തീർപ്പാക്കി. മൂന്നെണ്ണം റിപ്പോർട്ടിനായി വിട്ടു. ബാക്കിയുള്ളവ അടുത്ത അദാലത്തിലേക്ക് മാറ്റി. 45 കേസുകളാണ് പരിഗണിച്ചത്. അഡ്വ. സി. ഷീബ, കൗൺസലർ പി. ബിന്ധ്യ എന്നിവരും പങ്കെടുത്തു.
https://www.facebook.com/Malayalivartha

























