മറ്റു ജില്ലകളെ അപേക്ഷിച്ച് കണ്ണൂരിൽ പരാതികൾ കുറവ്: വനിതാ കമ്മിഷൻ

കണ്ണൂർ ജില്ലയിൽ വനിതാ കമ്മിഷന്റെ മുൻപാകെ വരുന്ന പരാതികളുടെ എണ്ണം മറ്റു ജില്ലകളെ അപേക്ഷിച്ച് കുറവാണെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ.
വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന ജാഗ്രതാ സമിതികളുടെ സജീവമായ ഇടപെടലുകളിലൂടെ പരാതികൾ താഴെ തലത്തിൽ തന്നെ ജില്ലയിൽ പരിഹരിക്കുവാൻ സാധിക്കുന്നതാണ് ഇതിന് കാരണം. ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തുകയാണെങ്കിൽ പ്രശ്ന പരിഹാരം താഴെത്തട്ടിൽ തന്നെ സാധ്യമാകും.
സിറ്റിംഗിൽ പരിഗണനയ്ക്കെത്തിയ കൂടുതൽ പരാതികളും ഗാർഹിക പീഡനങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. ഭാര്യയെ മൃഗീയമായി തല്ലുകയും പീഡനങ്ങൾക്കിരയാക്കുകയും ചെയ്യുന്ന സംഭവങ്ങൾ ചില സ്ഥലങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുവാനും കേസ് രജിസ്റ്റർ ചെയ്യുവാനും പോലീസിന് നിർദേശം നൽകി.
തൊഴിലിടങ്ങളിലെ പീഡനവുമായി ബന്ധപ്പെട്ട പരാതികളും സിറ്റിംഗിൽ പരിഗണനയ്ക്ക് എത്തി. തൊഴിലിടങ്ങളിൽ പോഷ് ആക്ട് അനുശാസിക്കും വിധം പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്തണം. പത്തിൽ കുറഞ്ഞ ജീവനക്കാരോ തൊഴിലാളികളോ ഉള്ള സ്ഥാപനങ്ങളാണെങ്കിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള പ്രാദേശികതല പരാതി പരിഹാരം സംവിധാനമാണ് അതിൽ ഇടപെടേണ്ടത്.
എല്ലാ ജില്ലകളിലും ഇത്തരം സമതികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർമാർ ഉറപ്പുവരുത്തണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു. വനിതാ കമ്മിഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ, അഭിഭാഷകരായ കെ.എം. പ്രമീള, ചിത്തിര ശശിധരൻ, കൗൺസിലർ മാനസ ബാബു, പോലീസ് ഉദ്യോഗസ്ഥ ടി.വി. പ്രിയ എന്നിവർ പങ്കെടുത്തു.
സിറ്റിംഗിൽ 14 പരാതികൾ തീർപ്പാക്കി. നാല് പരാതികൾ പോലീസിന്റെ റിപ്പോർട്ടിനായും രണ്ടു പരാതി ജാഗ്രതാ സമിതിയുടെ റിപ്പോർട്ടിനായും അയച്ചു. 42 പരാതികൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കും. ആകെ 62 പരാതികളാണ് പരിഗണിച്ചത്.
https://www.facebook.com/Malayalivartha

























