വ്യാജ ഐ എസ് ആര് ഓ ചാരക്കേസില്‍ ഉദ്യോഗസ്ഥരുടെ ഗൂഢാലോചന... സിബി മാത്യൂസടക്കമുള്ള 5 പ്രതികള്‍ ജൂലൈ 26 ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു, 5 ഉദ്യോഗസ്ഥര്‍ക്കെതിരെയുളള സി ബി ഐ കുറ്റപത്രം കോടതി അംഗീകരിച്ചു

ഐ എസ് ആര് ഓ ശസ്ത്രജ്ഞന്‍ നമ്പി നാരായണനെ വ്യാജ ഐ എസ് ആര് ഒ ചാരവൃത്തിക്കേസില്‍ ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രതികളായ 5 ഉദ്യോഗസ്ഥര്‍ ജൂലൈ 26 ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. ഉദ്യോഗസ്ഥര്‍ക്കെതിരെയുളള സി ബി ഐ കുറ്റപത്രം അംഗീകരിച്ചു കൊണ്ടാണ് കോടതി ഉത്തരവ്.
മുന്‍ ഡിഐജി സിബി മാത്യൂസ് , സ്പെഷ്യല്‍ ബ്രാഞ്ച് മുന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്മാര്‍ട്ട് വിജയനെന്ന എസ്. വിജയന് , ഡിവൈഎസ്പി കെ.കെ. ജോഷ്വ , ഇന്റലിജന്റ്സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്.ബി. ശ്രീകുമാര്‍ , കൊച്ചി ഐ ബി എ സി ഐ ഒ റ്റി. എസ്. ജയപ്രകാശ് എന്നിവര്‍ക്കെതിരെയാണ് സ്ത്രീത്വത്തെ അപമാനിക്കല്‍ , അന്യായ തടങ്കലില്‍ വച്ച് പീഡിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കോടതി
കേസെടുത്തത്.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.എം. സുജയുടേതാണ് ഉത്തരവ്.5 പേര്‍ക്കെതിരെ ബുധനാഴ്ച സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
തലസ്ഥാന സിജെഎം കോടതിയിലാണ് സിബിഐ ഡല്‍ഹി യൂണിറ്റ് എസ്പി ബുധനാഴ്ച വൈകിട്ട് 4.30 മണിയോടെ മുദ്ര വെച്ച കവറില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഉന്നത പോലീസുദ്യോഗസ്ഥരടക്കം 18 പേര്‍ക്കെതിരെ സിബിഐ കേസെടുത്തിരുന്നു. എഫ് ഐ ആര് തിരുവനന്തപുരം സി ജെ എം കോടതിയില്‍ 2021 ല്‍ ഹാജരാക്കിയിരുന്നു. യാതൊരു ചാരവൃത്തിയും നടന്നിട്ടില്ലന്നും
ശാസ്ത്രജ്ഞനായ നമ്പിനാരായണനെ ചാരക്കേസില്‍ ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്ന് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ജയിന് കമ്മിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.
കേരള പൊലീസിലെയും ഐബിയിലെയും മുന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 18 പേര്‍ക്കെതിരെയാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ആരൊക്കെയാണ് ഇപ്പോള്‍ നല്കിയ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയതെന്ന കാര്യം വ്യക്തമല്ല. വരും ദിവസങ്ങളില്‍ കുറ്റപത്രം കോടതി പരിഗണിക്കും.
https://www.facebook.com/Malayalivartha

























