ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാം പ്രതി അനുപമ പദ്മകുമാറിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാം പ്രതി അനുപമ പദ്മകുമാറിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ബെംഗളൂരുവില്‍ എല്‍എല്‍ബി പഠിക്കാന്‍ ജാമ്യം നല്‍കണമെന്ന ആവശ്യം ജസ്റ്റിസ് സി.എസ്.ഡയസ്സിന്റെ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കൊല്ലം ജില്ലയില്‍ പ്രവേശിക്കരുത്, പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, എല്ലാ മാസവും മൂന്നാമത്ത ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
എന്നാല്‍ അനുപമയാണ് കേസിന്റെ പ്രധാന ആസൂത്രക എന്ന വാദമുയര്‍ത്തി സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു. എന്നാല്‍ മറ്റാരുടെയെങ്കിലും ജാമ്യാപേക്ഷയാണ് പരിഗണിച്ചിരുന്നത് എങ്കില്‍ അവരാണ് ആസൂത്രകര്‍ എന്ന വാദമുയര്‍ത്തിയായിരിക്കും സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുക. ഇത് അനുപമയുടെതായതു കൊണ്ട് ആസൂത്രണം അനുപമയാണെന്ന് പറയുന്നുവെന്ന് പ്രതിഭാഗം പറഞ്ഞു. കൂടാതെ ഈ കേസുമായി അനുപമയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും കേസിലെ ഒന്നും രണ്ടും പ്രതികള്‍ മാതാപിതാക്കളാണെന്നും പ്രതിഭാഗം വാദിച്ചു.
ചാത്തന്നൂര്‍ സ്വദേശികളായ അനുപമയും പിതാവ് പത്മകുമാറും മാതാവ് അനിതാ കുമാരിയുമാണ് കേസിലെ പ്രതികള്‍ പ്രതിയായ പത്മകുമാറിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. എം നിശാന്തിനിയുടെ നേതൃത്വത്തില്‍ കൊല്ലം ജില്ലയിലെ വലിയ പൊലീസ് സംഘമാണ് കേസന്വേഷിച്ചത്. സംഭവം നടന്ന് 96 മണിക്കൂറിനുള്ളിലാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. തട്ടിക്കൊണ്ടുപോകല്‍ ആസൂത്രിതമായിരുന്നു. കടുത്ത സമ്മര്ദ്ദമുണ്ടായെങ്കിലും കൃത്യമായ രീതിലാണ് അന്വേഷണം നടത്തിയത്. സാമ്പത്തിക ബാധ്യത മറികടക്കാനായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നുമാണ് പത്മകുമാറിന്റെ മൊഴി.
അതിനായി ഒരു വര്‍ഷം മുന്‍പേ ആസൂത്രണം തുടങ്ങിയിരുന്നു. സ്ഥിരമായി യാത്ര ചെയ്ത്, തട്ടിക്കൊണ്ടുപോകാന്‍ സാധിക്കുന്ന കുട്ടികളെ തെരഞ്ഞെടുക്കുകയും കുട്ടികളെ ഒരാഴ്ചയിലധികം നിരീക്ഷിക്കുകയും ചെയ്തിരുന്നു. നേരത്തെയും ഈ കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചിരുന്നു. കൂടാതെ കുട്ടിയുടെ സഹോദരനായ ജൊനാഥന്റെ ഇടപെടല്‍ കൃത്യമായിരുന്നുവെന്നും, റിയല്‍ ഹീറോ കുട്ടിയുടെ സഹോദരനാണെന്ന് പറഞ്ഞ എഡിജിപി ജോനാഥനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. കേസ് അന്വേഷണം വിജയകരമായി പൂര്‍ത്തിയാക്കിയ നിശാന്തിനി ഐപിഎസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ എഡിജിപി അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha


























