വിവിധ ഡാമുകള്‍ തുറന്നു... മഴ ശക്തിപ്രാപിച്ചതോടെ വ്യാപക നാശനഷ്ടം; വയനാട് മുണ്ടക്കൈയില്‍ വന്‍ ഉരുള്‍പൊട്ടല്‍, റോഡും പാലവും ഒലിച്ചുപോയി, നിരവധി പേര്‍ക്ക് പരിക്ക്; ചൂരല്‍മല ഒറ്റപ്പെട്ടു; വടക്കന്‍ കേരളത്തില്‍ വ്യാപക നാശം; വിവിധ ഡാമുകള്‍ തുറന്നു

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു. സംസ്ഥാനത്ത് പരക്കെ വ്യാപക മഴ. കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരംവരെ ന്യുനമര്‍ദ പാത്തി സജീവമായി സ്ഥിതിചെയ്യുന്നതും തെക്കു കിഴക്കന്‍ മധ്യ പ്രദേശിന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതുമാണ് മഴയ്ക്ക് കാരണം.
വയനാട് മേപ്പാടി മുണ്ടക്കൈയില്‍ വന്‍ ഉരുള്‍പൊട്ടല്‍. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പ്പൊട്ടിയത്. ഇതേതുടര്‍ന്നുണ്ടായ മണ്ടിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മലയും ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരല്‍മല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയി. ചൂരല്‍മല പാലവും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി.
ഇതേ തുടര്‍ന്ന് ആളുകള്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല. പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വലിയ രീതിയില്‍ മലവെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഓടിരക്ഷപ്പെട്ടു. നിരവധി വാഹനങ്ങള്‍ ഒഴുകിപോയി. വീടുകളിലും വെള്ളവും ചെളിയും കയറി.
മുമ്പ് പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ സ്ഥലത്തിനടുത്താണ് മുണ്ടക്കൈ. ഇന്നലെ രാവിലെ മുതല്‍ ശക്തമായ മഴയായിരുന്നു പ്രദേശത്തുണ്ടായിരുന്നത്. ഒറ്റപ്പെട്ട മേഖലകളില്‍ നിന്ന് ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെയും ചൂരല്‍മല ടൗണില്‍ വലിയ രീതിയില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. രക്ഷാപ്രവര്‍ത്തകര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. കിലോമീറ്ററോളം സ്ഥലത്ത് വന്‍ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. മേപ്പാടി പഞ്ചായത്തിലാണ് മുണ്ടക്കൈ, ചൂരല്‍മല, പുത്തുമല പ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്നത്.
ചൂരല്‍മല വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്ഥിതിചെയ്യുന്ന ഭാഗത്ത് വരെ വന്‍ മണ്ണിടിച്ചിലുണ്ടായതായി നാട്ടുകാര്‍ പറയുന്നു. ചൂരല്‍ മലയിലേക്ക് പോകുന്ന റോഡില്‍ പലയിടത്തും ഗതാഗത തടസ്സം. മേഖലയില്‍ പലയിടങ്ങളും ഒറ്റപ്പെട്ട അവസ്ഥയാണ്. ആളുകള്‍ മണ്ണിനടിയില്‍പ്പെട്ടു കിടക്കുന്നതായും സംശയമുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. മുണ്ടക്കൈ പുഞ്ചിരി മട്ടം ഭാഗത്തുനിന്ന് രണ്ടുമണിയോടെ വലിയ ശബ്ദത്തോടെ ഉരുള്‍പൊട്ടിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഇന്നലെ പുഞ്ചിരി മട്ടം മുണ്ടക്കൈ ഭാഗത്ത് നിന്ന് കുറച്ച് കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു. മുണ്ടക്കൈ മലയില്‍ കഴിഞ്ഞദിവസം മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ആളുകളെ ഒഴിപ്പിച്ചിരുന്നത്. ഇന്നലെ തന്നെ മുണ്ടക്കൈ പുഴയില്‍ വലിയ കുത്തൊഴുക്കും മലവെള്ളപ്പാച്ചിലും രൂപപ്പെട്ടിരുന്നു. വയനാട്ടില്‍ അതിശക്തമായ മഴ തുടരുകയാണ്. ഇതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമാണ്.
വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയാണ് പെയ്യുന്നത്. ആളിയാര്‍ ഡാം തുറന്നതിനെ തുടര്‍ന്ന് ചിറ്റൂര്‍ പുഴയിലേക്ക് കൂടുതല്‍ വെള്ളമെത്തുന്നുണ്ട്. തൃശൂരില്‍ പീച്ചി ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. പൊരിങ്ങല്‍ക്കുത്ത് ഡാമില്‍ ആറാമത്തെ ഷട്ടര്‍ തുറന്നു. വയനാട് ബാണാസുരസാഗര്‍ അണക്കെട്ട് ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് തുറക്കും. ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചൊവ്വാഴ്ച യെലോ അലര്‍ട്ടാണ്.
കോഴിക്കോട് ജില്ലയില്‍ പുഴകളില്‍ മലവെള്ളപ്പാച്ചിലുണ്ടായതിനെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ചാലിപ്പുഴയിലെ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ചെമ്പ്കടവ് പാലം അടച്ചു. തുഷാരഗിരി, നൂറാംതോട് മലയില്‍ ചെറിയ ഉരുള്‍പൊട്ടല്‍ ഉണ്ടായതാണ് ചാലിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടാകാന്‍ കാരണം. തിരുവമ്പാടി മുത്തന്‍പുഴയിലും മലവെള്ളപ്പാച്ചില്‍ ഉണ്ടായി. അരിപ്പാറ വെള്ളച്ചാട്ടം നിറഞ്ഞൊഴുകുകയാണ്. ഈങ്ങാപ്പുഴയില്‍ ദേശീയപാതയില്‍ വെള്ളം കയറി. കുറ്റ്യാടി മരുതോങ്കരയില്‍ ശക്തമായ കാറ്റില്‍ വൈദ്യുത ലൈനില്‍ തെങ്ങ് വീണ് തീപിടിച്ചു. റോഡില്‍ വാഹനങ്ങളില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. കരുവന്‍തുരുത്തി പെരവന്‍മാട് കടവിന് സമീപം തോണി മറിഞ്ഞു. തോണിയിലുണ്ടായിരുന്ന മൂന്നു പേരെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. കൊയിലാണ്ടി ഹാര്‍ബറിന് സമീപം മത്സ്യബന്ധന വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന മൂന്നു പേരേയും മറ്റു വള്ളങ്ങളിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.
" f
https://www.facebook.com/Malayalivartha


























