വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്.ടി.സി. സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തി

വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്.ടി.സി. സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. പോലീസ് നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചതെന്ന് കെ.എസ്.ആര്.ടി.സി. അധികൃതര്‍ അറിയിച്ചു.
വയനാട്ടില്‍ കനത്ത മഴ തുടരുകയാണ്. മുണ്ടക്കൈയിലും ചൂരല്‍മലയിലും വന്‍ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈയിലേക്ക് പോകുന്ന പാലം തകര്‍ന്ന് പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്.
അതിനിടെ, താമരശ്ശേരി ചുരം വഴിയുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാന്‍ വേണ്ടിയാണിത്.
അതേസമയം വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലാതല കണ്ട്രോള് റൂം പുലര്‍ച്ചെ തന്നെ തുറന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ സേവനം ലഭ്യമാവാന്‍ 8086010833, 9656938689 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
വൈത്തിരി, കല്‍പ്പറ്റ, മേപ്പാടി, മാനന്തവാടി ആശുപത്രികള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികളും സജ്ജമാണ്. രാത്രി തന്നെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സേവനത്തിനായി എത്തിയിട്ടുണ്ടായിരുന്നു. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘത്തെ വയനാട്ടില്‍ വിന്യസിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha


























