ആലപ്പുഴ മാന്നാറില്‍ കല എന്ന 22കാരിയെ കാണാതായ സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് എടുത്ത കേസില്‍ കേരളാ പൊലീസ് ഉജ്ജലപ്രകടനം കാഴ്ചവയ്ക്കുന്നു; കല കൊല്ലപ്പെട്ടുവെന്നും മൃതദേഹം കണ്ടെന്നുമുള്ള മൊഴികളല്ലാതെ തെളിവുകളൊന്നും കിട്ടിയിട്ടില്ല

ആലപ്പുഴ മാന്നാറില്‍ കല എന്ന 22കാരിയെ കാണാതായ സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് എടുത്ത കേസില്‍ കേരളാ പൊലീസ് ഉജ്ജലപ്രകടനം കാഴ്ചവയ്ക്കുന്നു. കല കൊല്ലപ്പെട്ടുവെന്നും മൃതദേഹം കണ്ടെന്നുമുള്ള മൊഴികളല്ലാതെ തെളിവുകളൊന്നും കിട്ടിയിട്ടില്ല. വെറുതെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കി കൊടുത്തത് മാത്രം മിച്ചം. കേട്ടുകള്വിയുടെ അടിസ്ഥാനത്തില്‍ ആരോ അയച്ച ഊമകത്തിന് പിന്നാലെ പോയി പുലിവാല് പിടിക്കുകയാണ് പൊലീസ് ചെയ്തത്. നാണക്കേട് ഒഴിവാക്കാനായി ഇസ്രയേലിലുള്ള ഭര്‍ത്താവ് അനില്‍ കുമാറിനെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
അന്വേഷണം സജീവമാണെന്നും ഭര്‍്ത്താവിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നെന്നും പരഞ്ഞിട്ട് ആഴ്ചകളായി. തടിതപ്പാനായി പൊലീസ് ഇറക്കിയ നമ്പരാണിതെന്നാണ് ഇപ്പോഴത്തെ ആക്ഷേപം. അനിലിനെ നാട്ടിലെത്തിക്കുക അത്ര എളുപ്പമല്ലെന്നും ശാസ്ത്രീയ തെളിവില്ലാതെ ആരെയും നാടുകടത്താന്‍ അനുമതി കിട്ടില്ലെന്നും നിയമവിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്റര്‍പോള്‍ മുഖേനയാണ് വിദേശത്തുള്ളയാളെ നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തേണ്ടത്. റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പടുവിക്കുകയാണ് ആദ്യപടി. അതിന് കൃത്യമായ തെളിവുകള്‍ വേണം. കുറ്റപത്രം സമര്‍പ്പിക്കണം. വെറും സംശയത്തിന്റെ പേരില്‍ ആരെയും അപമാനിക്കാന്‍ ഇന്റര്‍പോള്‍ തയ്യാറാകില്ല. പ്രത്യേകിച്ച് വിദേശത്ത് ജോലി ചെയ്ത് ജീവിക്കുന്നയാളെ. ഇക്കാര്യം ഇന്റര്‍പോളുമായി നിരന്തരം ബന്ധപ്പെട്ട് നില്ക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കേരളത്തിലെ ക്രൈംബ്രാഞ്ചിനും അറിയാം.
വേണ്ടത്ര തെളിവുകളില്ലാതെ അയച്ച ഓട്ടേറെ അപേക്ഷകള്‍ കേന്ദ്രം നിരാകരിച്ചത് അറിയാവുന്ന ക്രൈംബ്രാഞ്ച് ആദ്യം ആലപ്പുഴ പോലീസിന്റെ അപേക്ഷയില്‍ കൂടുതല്‍ വിശദീകരണം തേടി തിരിച്ചയച്ചു. പിന്നീട് കിട്ടിയ വിശദീകരണവും തൃപ്തികരം ആകാത്തതിനാല്‍ വീണ്ടും വിശദീകരണം ചോദിച്ചിരിക്കുകയാണ്. കുറ്റപത്രം തയ്യാറാക്കാത്തതിനാല്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടാണ്. തെളിവുകള്‍ വ്യക്തമാക്കാന്‍ പണിപ്പെടേണ്ടിവരും. അതുകൊണ്ട് കലയുടെ കേസ് ഇപ്പോഴും സെപ്റ്റിക് ടാക്കിന് പുറത്തേക്ക് കൊണ്ടുവരാന്‍ കേരളാ പൊലീസിന് കഴിഞ്ഞില്ല.
കല കൊല്ലപ്പെട്ടു എന്നതിന് ശാസ്ത്രീയ തെളിവൊന്നുമില്ല. ഫോറന്‍സിക് സംഘം പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. മൃതദേഹം പോലും കണ്ടെത്തുന്നതിന് മുമ്പ് കൊല്ലപ്പെട്ടെന്ന് നിഗമനത്തില്‍ പൊലീസ് എത്തുകയും ചെയ്തു. ഇന്റര്‍പോളിന് എന്ത് തെളിവ് നല്‍കുമെന്ന ചോദ്യം കേരളാ പൊലീസിനെ കുഴപ്പിച്ചിരിക്കുകയാണ്. തുടരന്വേഷണത്തില്‍ കൂടുതല്‍ എന്തെങ്കിലും തെളിവുകള്‍ ലഭിച്ചാല്‍ അവയും ചേര്‍ത്ത് അപേക്ഷ നല്കാന് നിര്‍ദേശിച്ചാണ് ആലപ്പുഴയില്‍ നിന്നുള്ള അപേക്ഷ ക്രൈംബ്രാഞ്ച് തിരിച്ചയച്ചത്.
മൃതദേഹമോ അവശിഷ്ടങ്ങളോ കണ്ടെത്താതെ ഒരു കൊലക്കേസും കോടതിയില്‍ എത്തിക്കാനാകില്ല. അങ്ങനെ നോക്കിയാല്‍ ഈ കേസില്‍ എന്തിന്റെ അടിസ്ഥാനത്തില്‍ കുറ്റപത്രം തയ്യാറാക്കും? എന്നതാണ് ഏറ്റവും കുഴപ്പിക്കുന്ന ചോദ്യം. കുറ്റപത്രത്തില്‍ പ്രതിയാകാത്ത ഒരാളെ, ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിന്റെ പേരില്‍ എങ്ങനെ ഒരു വിദേശരാജ്യത്ത് നിന്ന് നാടുകടത്തും. പണ്ടങ്ങനത്തെ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ അത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല.
തെളിവുകളില്ലാതെ ആരേയും പുറത്താക്കാന്‍ പല വിദേശരാജ്യങ്ങളും തയ്യാറാകില്ല. അല്ലെങ്കില്‍ രാജ്യരക്ഷ പോലെയുള്ള കേസുകളാകണം. രാഷ്ട്രിയമാനങ്ങളുള്ള ചില കേസുകള്‍ ഉള്‍പ്പെടെ ഒട്ടേറെ അനാവശ്യ അപേക്ഷകള്‍ കേരളത്തില്‍ നിന്ന് ലഭിക്കുന്നതായി സിബിഐ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. അതിനാല്‍ ഇത്തരം ദുര്‍ബലമായ കേസുകള്‍, അതും ഈ പ്രാരംഭഘട്ടത്തില്‍ അനുവദിച്ച് കിട്ടാന്‍ എളുപ്പമല്ല. കൂടുതല്‍ ശക്തവും ശാസ്ത്രീയവുമായ തെളിവുകള്‍ വേണ്ടിവരുമെന്ന് ചുരുക്കം. പൊലീസാകട്ടെ അനിലിനെ കസ്റ്റഡിയില്‍ കിട്ടിയാല്‍ തെളിവുകള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ്.
നിലവില്‍ കസ്റ്റഡിയിലെടുത്ത പ്രതികളെല്ലാം നിലപാട് മാറ്റിയതും പൊലീസിന് തലവേദനയായി. ഇവരില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതിയത്. കേസിന്റെ തുടക്കം മുതലേ പൊലീസിന് വലിയ മീഡിയ ഹൈപ്പ് കിട്ടിയതിന്റെ ആവേശത്തില്‍ ചില ഉദ്യോഗസ്ഥര്‍ കൊലപാതകം എന്ന നിഗമനത്തിലെത്തുകയായിരുന്നു. ഇതിനെതിരെ പൊലീസില്‍ തന്നെ അഭിപ്രായഭിന്നതകളുണ്ട്. കല സുഹൃത്തായ സൂരജിനൊപ്പം ഉണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
കഴിഞ്ഞ കൊല്ലം അടൂരില്‍ നിന്ന് കാണാതായ നൗഷാദ് എന്നയാളെ ഭാര്യ കൊലപ്പെടുത്തിയെന്ന സംശയത്തില്‍ പോലീസ് വീട് കുഴിച്ച് പരിശോധിച്ചിരുന്നു. കൊലപ്പെടുത്തിയെന്ന് ഭാര്യ ഏറ്റുപറഞ്ഞിരുന്നു. മൃതദേഹം കണ്ടെത്താനുള്ള ന്രടപടികള് പുരോഗമിക്കുന്നതിനിടെ നൗഷാദിനെ തൊടുപുഴയില്‍ കണ്ടെത്തിയിരുന്നു. അത് കേരളാ പൊലീസിന് വലിയ നാണക്കേടാണ് വരുത്തിവച്ചത്. ഇത്തരം അനുഭവങ്ങള്‍ മുന്നിലുള്ളപ്പോഴാണ് ആലപ്പുഴ കേസില്‍ ശാസ്ത്രീയമായ തെളിവുകള്‍ ഒന്നുമില്ലാതെ ഭര്‍ത്താവിനെ പ്രതിചേര്‍ക്കാനും വിദേശത്ത് നിന്ന് നാടുകടത്തി എത്തിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നത്.
കേസില്‍ എന്തെങ്കിലും രാഷ്ട്രീയ താല്പര്യങ്ങള് ഉള്ളതായി അറിയില്ല. കലയുടെ മൃതദേഹം അനില്‍ വന്ന കാറില്‍ കണ്ടെന്ന് പ്രദേശവാസിയായ ചായക്കടക്കാരന് മൊഴി നല്കിയതും നിലവില്‍ വിശ്വസിക്കാനാകില്ല. കാറിലിരുന്ന കല മരിച്ചനിലയിലാണോ എന്നതിന് തെളിവില്ല. സംഭവം നടന്നിട്ട് ഇത്രയും വര്‍ഷമായിട്ടും ചായക്കടക്കാരന് ഇക്കാര്യം മറ്റാരോടും പറഞ്ഞതുമില്ല, പൊലീസിനെയും മറ്റും അറിയിച്ചുമില്ല.
ഇസ്രയേലിലുള്ള അനിലിനെ പൊലീസ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തിന് ശേഷം ഇയാള്‍ മൊബൈല്‍ നമ്പര്‍ മാറ്റി. പുതിയ നമ്പരില്‍ നിന്നാണ് വീട്ടുകാരുമായി ആശയവിനിമയം നടത്തുന്നത്. നമ്പര്‍ മാറ്റിയത് തന്നെ ദുരൂഹമാണെന്നാണ് പൊലീസ് വിലയിരുത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇയാള്‍ അടുത്തകാലത്തെങ്ങും നാട്ടിലേക്ക് വരാന്‍ സാധ്യതയില്ല. പൊലീസിന് ഇയാളെ കൊണ്ടുവരാനും കഴിയാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ട് ആലപ്പുഴ പൊലീസിന്റെ റെഡ്കോര്‍ണര്‍ നോട്ടീസുമായി ഇന്റര്‍പോളിനെ സമീപിച്ചാല്‍ ഇന്ത്യയ്ക്ക് തന്നെ നാണക്കേടാകും.
https://www.facebook.com/Malayalivartha


























