പിണറായിയുടെ മൗനം ലാവ്‌ലിനെ ഭയപ്പെടുന്നതുകൊണ്ടല്ലേയെന്ന് വിഎം സുധീരന്റെ കത്ത്

ലാവ്‌ലിനെ ഭയപ്പെടുന്നതുകൊണ്ടല്ലേ പിണറായി മൗനമായിരിക്കുന്നതെന്ന് സുധീരന്‍. അഴിമതിക്കെതിരേ ശബ്ദമുയര്‍ത്തുമ്പോള്‍ എസ്.എന്‍.സി. ലാവ്‌ലിന്‍ കേസിനെപ്പറ്റി പിണറായി വിജയന്‍ പുലര്‍ത്തുന്ന മൗനം അത്ഭുതപ്പെടുത്തുകയാണെന്ന് വി.എം. സുധീരന്‍. പിണറായിക്കെഴുതിയ കത്തിലാണിക്കാര്യം.
അഴിമതിക്കെതിരായി പോരാടുന്നുവെന്ന് വീരവാദം മുഴക്കുന്ന താങ്കള്‍ മൗനം വെടിഞ്ഞ് ലാവ്‌ലിന്‍ കേസിനെപ്പറ്റി പ്രതികരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
കത്തു തുടരുന്നു; വിചാരണയ്ക്കു മുമ്പേ കേസ് എഴുതിത്തള്ളിയ സി.ബി.ഐ. കോടതി വിധിയുടെ സാധുതയില്‍ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിട്ടും താങ്കള്‍ മൗനത്തിലായിരുന്നു.
പൊതുഖജനാവിനു ഭീമമായ നഷ്ടമുണ്ടാക്കുകയും കനേഡിയന്‍ കമ്പനിയായ ലാവ്‌ലിന് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുകയും ചെയ്യുകവഴി സാധാരണക്കാരന്റെ നികുതിപ്പണം തട്ടിയെടുക്കുന്നവര്‍ കുറ്റവിചാരണയെ നേരിടണമെന്നത് ഏതൊരു പൗരന്റെയും ആവശ്യമാണ്. കുറ്റവിമുക്തമാക്കിയ വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള റിവിഷന്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ താമസമുണ്ടാകരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ശക്തിയുക്തം എതിര്‍ത്തുകൊണ്ടുള്ള താങ്കളുടെയും മറ്റു പ്രതികളുടെയും നിലപാടില്‍ നിന്നും റിവിഷന്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനെ താങ്കള്‍ ഭയപ്പെടുന്നു എന്നു വ്യക്തമാണ്.
പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ര്ടിക്കല്‍സിനെ കൊണ്ട് 100.5 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കാമെന്ന് ഇ. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിയിട്ടാണ് ലാവ്‌ലിന് വന്‍ തുകയ്ക്ക് കരാര്‍ നല്‍കിയത്.ഇതിന്റെ ഭാഗമായി മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ലാവ്‌ലിന്‍ നല്‍കാമെന്ന് പറഞ്ഞ 98.4 കോടി രൂപക്ക് കരാറുണ്ടാക്കാത്തത് ലാവ്‌ലിന്‍ കമ്പനിയും താങ്കള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നടത്തിയ ഗൂഢാലോചനയുടെയും ഭാഗമായിരുന്നുവെന്നുമാണ് സി.ബി.ഐ. കണ്ടെത്തിയിരിക്കുന്നത്.
ലാവ്‌ലിന്‍ കമ്പനി ക്യാന്‍സര്‍ സെന്ററിന് നല്‍കിയെന്നു പറയുന്ന 12 കോടി രൂപപോലും സംസ്ഥാനസര്‍ക്കാരിനോ വൈദ്യുത ബോര്‍ഡിനോ ക്യാന്‍സര്‍ സെന്ററിനോ നല്‍കാതെ ലാവ്‌ലിന്‍ കമ്പനിയുടെ തന്നെ ഏജന്റായ ടെക്‌നിക്കാലിയ മുഖാന്തിരം ചെലവഴിച്ചതിലെ അഴിമതിയും ഗൗരവമുള്ളതാണ്. സംസ്ഥാന സര്‍ക്കാരിനുണ്ടായ ഭീമമായ നഷ്ടത്തെ നിസാരവത്കരിച്ച താങ്കള്‍ അഴിമതിവിരുദ്ധ മുദ്രാവാക്യമുയര്‍ത്തി നവകേരള മാര്‍ച്ച് നടത്തുന്നത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം.
കേന്ദ്രത്തിന്റെ നിര്‍ദേശം മറികടന്നാണ് യാതൊരുവിധ ടെന്‍ഡറും വിളിക്കാതെ വെറും കണ്‍സള്‍ട്ടന്റ് മാത്രമായ ലാവ്‌ലിന്‍ കമ്പനിക്കു കരാര്‍ നല്‍കിയത്.
നവകേരള മാര്‍ച്ചില്‍ ലാവ്‌ലിന്‍ വിഷയത്തില്‍ മറുപടി പറയില്ലെന്ന നിലപാട് താങ്കളും സി.പി.എമ്മും അവലംബിച്ചത് കുറ്റബോധം കൊണ്ടാണെന്നു പറഞ്ഞാല്‍ നിഷേധിക്കാന്‍ കഴിയുമോ? റിവിഷന്‍ ഹര്‍ജിയില്‍ വാദം നീട്ടിവയ്ക്കണമെന്ന നിലപാട് കോടതിയില്‍ എടുക്കുന്നത് ആ കേസിനെ താങ്കള്‍ ഭയപ്പെടുന്നത് കൊണ്ടുതന്നെയല്ലേയെന്നും കത്തില്‍ ചോദിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























