പനയമ്പാടത്ത് നാല് വിദ്യാര്‍ഥിനികളുടെ ജീവനെടുത്ത അപകടം: ലോറി ഡ്രൈവര്‍മാര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്
പനയമ്പാടത്ത് നാല് വിദ്യാര്‍ഥിനികളുടെ ജീവനെടുത്ത അപകടം വരുത്തിയ ലോറി ഡ്രൈവര്‍മാര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് കല്ലടിക്കോട് പൊലീസ്. അമിത വേഗതയില്‍ വാഹനം ഓടിച്ച് അപകടം വരുത്തിയതിനാണ് 2 ലോറി ഡ്രൈവര്‍മാര്‍ക്കെതിരെയും കേസെടുത്തതെന്ന് കല്ലടിക്കോട് സിഐ എം.ഷഹീര്‍ പറഞ്ഞു.
പ്രജീഷ്, വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് കേസ്. വഴിക്കടവ് സ്വദേശിയായ പ്രജീഷാണ് എതിര്‍ദിശയില്‍ വന്നിരുന്ന ലോറി ഓടിച്ചിരുന്നത്. ഈ ലോറിയാണ് വിദ്യാര്‍ഥിനികള്‍ നടന്നുവന്നിരുന്ന വശത്തു കൂടി സഞ്ചരിച്ചിരുന്ന സിമന്റ് ലോറിയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വര്‍ഗീസ് ഓടിച്ചിരുന്ന സിമന്റ് ലോറി വിദ്യാര്‍ഥിനികളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.
പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ കരിമ്പ പനയമ്പാടത്ത് ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. കരിമ്പ ഗവ. ഹയര്‍സെക്കന്‍ഡറി വിദ്യാലയത്തിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനികളായ റിദ (13), ഇര്‍ഫാന ഷെറിന്‍ (13), നിത ഫാത്തിമ (13), ആയിഷ (13) എന്നിവരാണ് മരിച്ചത്.
വിദ്യാര്‍ഥികളുടെ ഒപ്പമുണ്ടായിരുന്ന അജ്‌ന എന്ന വിദ്യാര്‍ഥിനി അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. അതേസമയം പരുക്കേറ്റ സിമന്റ് ലോറി ഡ്രൈവര്‍ വര്‍ഗീസ് (51), ക്ലീനര്‍ മഹേന്ദ്രപ്രസാദ് (28) എന്നിവര്‍ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha