സുരേന്ദ്രന്റെ അവസ്ഥയാകുമോ... അജിത് കുമാറിനെയും സുജിത് ദാസിനെയും ജയിലില്‍ അടയ്ക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഒടുവില്‍ അന്‍വര്‍ ജയിലിലായി; കെ സുരേന്ദ്രനെ പോലെ മറ്റ് കേസുകളില്‍പ്പെടുത്തി ദീര്‍ഘനാള്‍ ജയിലിലാകുമോ

കെ സുരേന്ദ്രനെ ശബരിമല സമരത്തിന്റെ പേരില്‍ ജയിലിലാക്കി, പുറത്തിറങ്ങാനാകാതെ പൂട്ടിയത് പോലെയാകുമോ പിവി അന്‍വറിന്റെ കാര്യം എന്ന് ഏവരും നോക്കുന്നുണ്ട്. അവിടെ നിന്നാണ് സുരേന്ദ്രന് വച്ചടി വച്ചടി കയറ്റമുണ്ടായി ബിജെപി അധ്യക്ഷനായത്. ഇപ്പോള്‍ അന്‍വറിന്റെ അവസ്ഥയും അതുപോലെയാണ്.
പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും മുന്നും പിന്നും നോക്കാതെ ആക്രമിക്കാന്‍ അടുത്തിടെ വരെ സിപിഎമ്മിന്റെ ആയുധമായിരുന്നു പി.വി. അന്‍വര്‍. ഒടുവില്‍ പാര്‍ട്ടിയുമായി തെറ്റി ഭരണപക്ഷത്തെയാകെ വെറുപ്പിച്ചാണ് അന്‍വര്‍ അറസ്റ്റിലാകുന്നത്. അന്‍വറിനെ പുകഴ്ത്തിയവര്‍ തന്നെ ഇകഴ്ത്തുന്ന കാഴ്ചയാണു രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണകാലയളവില്‍ കണ്ടത്. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പെടും.
ഇതിനിടെയാണു വന്യജീവി ആക്രമണത്തിനെതിരെയുള്ള മാര്‍ച്ച് നടത്താന്‍ അന്‍വറും സംഘവും രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസം കരുളായിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം കൂടിയുണ്ടായതോടെ ഫോറസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഇത് അക്രമങ്ങളിലേക്ക് പോവുകയും പൊതുമുതല്‍ നശിപ്പിച്ചതിനു പൊലീസ് കേസെടുക്കുകയും ചെയ്തു. ഈ സംഭവമാണ് അന്‍വറിന്റെ അറസ്റ്റിലേക്ക് നയിച്ചത്.
എഡിജിപി അജിത് കുമാറിനെയും മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെയും വിമര്‍ശിച്ച് തുടങ്ങിയ അന്‍വര്‍ അവരെ അറസ്റ്റ് ചെയ്യിച്ച് ജയിലിലടയ്ക്കുമെന്നു പ്രതിജ്ഞയെടുത്തിരുന്നു. ഒടുവില്‍ അന്‍വര്‍ ജയിലിലേക്ക് പോവുന്ന കാഴ്ചയാണു രാഷ്ട്രീയ കേരളം കാണുന്നത്. താന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം അജിത് കുമാറിനെ ഡിജിപിയാക്കില്ലെന്നും ജയിലില്‍ അടയ്ക്കുമെന്നും കഴിഞ്ഞദിവസവും അന്‍വര്‍ പറഞ്ഞിരുന്നു.
ഫോറസ്റ്റ് ഓഫീസ് ആക്രമണമെന്ന ജാമ്യമില്ലാ കേസ് അന്‍വറിനെതിരെ കിട്ടിയത് ഭരണപക്ഷത്തിനും പിടിവള്ളിയായി. അന്‍വര്‍ പൊലീസിനു എതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പരാതി എഴുതി വാങ്ങി വിവാദം അവസാനിപ്പിക്കാനായിരുന്നു മുഖ്യമന്ത്രിയും പാര്‍ട്ടിയും ആദ്യം ശ്രമിച്ചത്. മലപ്പുറത്തുനിന്നു തിരുവനന്തപുരത്ത് നേരിട്ടെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മാധ്യമങ്ങളെ കണ്ട അന്‍വര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെയും അന്‍വര്‍ ആരോപണങ്ങള്‍ കടുപ്പിച്ചു. ഇതാണ് അന്‍വറിന് എല്‍ഡിഎഫില്‍ നിന്നും പുറത്തേക്കുള്ള വഴിയൊരുക്കിയത്.
മുന്നണിയില്‍ നിന്നും പുറത്തായ ശേഷവും നിരന്തരം വാര്‍ത്താസമ്മേളനം വിളിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കല്‍ അന്‍വര്‍ തുടര്‍ന്നു. പൊതുസമ്മേളനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നടത്തി. പല പാര്‍ട്ടികളിലേക്കും ചേക്കേറാനുള്ള ശ്രമം നടത്തിയെങ്കിലും ഒടുവില്‍ ഡിഎംകെ എന്ന കക്ഷിയുണ്ടാക്കി. ചേലക്കരയില്‍ ഡിഎംകെയുടെ സ്ഥാനാര്‍ഥി മത്സരിച്ചെങ്കിലും കാര്യമായ ചലനമുണ്ടാക്കാന്‍ പിന്നീട് അന്‍വറിന് കഴിഞ്ഞില്ല. ഇതിനിടെയാണ് അന്‍വറിന് ജയിലിലേക്കുള്ള വഴി അദ്ദേഹം തന്നെ വെട്ടിത്തെളിച്ചത്.
അതേസമയം നിലമ്പൂര്‍ ഫോറസ്റ്റ് ഓഫിസ് തകര്‍ത്തതില്‍ അറസ്റ്റിലായ പി.വി. അന്‍വര്‍ എംഎല്‍എ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അദ്ദേഹത്തെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. കൃത്യനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അന്‍വറിനെ അറസ്റ്റ് ചെയ്തത്. കേസില്‍ പി.വി.അന്‍വര്‍ ഒന്നാം പ്രതിയാണ്. അന്‍വറുള്‍പ്പെടെ 11 പ്രതികളാണുള്ളത്. മറ്റു 4 പ്രതികളെയും റിമാന്‍ഡ് ചെയ്തു. ഇവരെ മഞ്ചേരി സബ് ജയിലിലേക്കാണ് മാറ്റിയത്. ഇന്ന് ജാമ്യാപേക്ഷ നല്‍കുമെന്ന് അന്‍വര്‍ അറിയിച്ചു.
കഴിഞ്ഞദിവസം കരുളായി ഉള്‍വനത്തില്‍ ചോലനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട മണി എന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചത്. സമരക്കാര്‍ ഓഫിസിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറി നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് നടപടി.
ജയിലില്‍നിന്ന് പുറത്തുവന്നതിനു ശേഷം ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്ന് പി.വി.അന്‍വറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വന്നു. റിമാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പി.വി.അന്‍വറിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പുതിയ പോസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇനി കാത്തിരുന്ന് കാണാം.
"
https://www.facebook.com/Malayalivartha

























