ഞെട്ടലോടെ കൊല്ലത്തുകാർ... കൊല്ലത്തെ 26 വയസുകാരിയുടെ മരണത്തിൽ വീണ്ടും ദുരൂഹത; ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ, ലഹരിമരുന്ന് ബന്ധമെന്ന് ബന്ധു, മൃതദേഹം കണ്ടെത്തിയ മുറി വൃത്തിയാക്കിയതിലും സംശയം

കൊല്ലം ഇരവിപുരത്ത് 26 വയസ്സുകാരിയായ സായയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ അന്വേഷണം കൂടുതൽ ഗൗരവത്തിലേക്ക്. ഭർത്താവ് അഫ്സലിന് ലഹരിമരുന്ന് കേസുകളുമായി ബന്ധമുണ്ടായിരുന്നുവെന്നും സായ ഭർതൃവീട്ടിൽ കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നുവെന്നുമാണ് ബന്ധുവായ യുവതിയുടെ വെളിപ്പെടുത്തൽ. ഏറ്റവും ഞെട്ടിക്കുന്ന മറ്റൊരു ആരോപണം കൂടിയുണ്ട്. സായയെ മരിച്ച നിലയിൽ കണ്ടെത്തിയ മുറി പൊലീസ് എത്തുന്നതിന് മുൻപ് വൃത്തിയാക്കിയെന്നാണ് ബന്ധു പറയുന്നത്. എന്തിനാണ് മുറി വൃത്തിയാക്കിയത്? മരണവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ നഷ്ടപ്പെട്ടിട്ടുണ്ടോ? കുടുംബം ഉന്നയിക്കുന്ന ഈ ചോദ്യങ്ങൾക്കാണ് ഇനി അന്വേഷണത്തിൽ ഉത്തരം ലഭിക്കേണ്ടത്.
ഒക്ടോബർ 31 രാത്രി ഇരവിപുരം ഭരണിക്കാവിലെ ഭർതൃവീട്ടിലാണ് സായയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 26 വയസ്സായിരുന്നു പ്രായം. ഭർതൃവീട്ടുകാർ ഉടൻതന്നെ സായയെ പാലത്തറയിലെ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മകളുടെ മരണവാർത്ത വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് കുടുംബം. സായ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് മാതാപിതാക്കളുടെ നിലപാട്.
2023 ജനുവരി 15നായിരുന്നു പത്തനാപുരം സ്വദേശിയായ സായയും മാടൻനട സ്വദേശിയായ അഫ്സലും വിവാഹിതരായത്. വലിയ ആർഭാഢത്തോടെയായിരുന്നു വിവാഹം. എന്നാൽ വിവാഹശേഷം ഭർതൃവീട്ടിൽ സായയ്ക്ക് നേരിടേണ്ടിവന്നത് കടുത്ത മാനസിക സമ്മർദങ്ങളായിരുന്നുവെന്നാണ് ഇപ്പോൾ ബന്ധു ആരോപിക്കുന്നത്. ഭർത്താവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പുറത്തുപറയാതിരിക്കാൻ ഭർതൃവീട്ടുകാർ ശ്രമിച്ചെന്നും യുവതി പറയുന്നു. ഭർത്താവിന്റെ അമ്മയും സായയെ സമ്മർദത്തിലാക്കിയിരുന്നുവെന്നാണ് ആരോപണം.
സുഹൃത്തുക്കളോട് സംസാരിക്കുന്നതിനു പോലും സായയ്ക്ക് വിലക്കുണ്ടായിരുന്നുവെന്നാണ് ബന്ധുവിന്റെ വെളിപ്പെടുത്തൽ. സ്വന്തം ഇഷ്ടങ്ങൾക്കും സൗഹൃദങ്ങൾക്കും പോലും നിയന്ത്രണങ്ങൾ നേരിടേണ്ടിവന്നിരുന്നോ എന്ന ചോദ്യവും ഇതോടെ ഉയരുകയാണ്. എന്നാൽ ഈ ആരോപണങ്ങളിലൊന്നും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരണമുണ്ടായിട്ടില്ല. അഫ്സലിനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷണത്തിലൂടെ പരിശോധിക്കേണ്ടതുണ്ട്.
മരണവുമായി ബന്ധപ്പെട്ട് മറ്റൊരു പ്രധാന ആരോപണവും ബന്ധു ഉന്നയിക്കുന്നുണ്ട്. തൂങ്ങിമരിക്കാൻ ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന ഷാൾ സായ ഉപയോഗിച്ചിരുന്നതല്ലെന്നാണ് യുവതിയുടെ വാദം. മൃതദേഹം കണ്ടെത്തിയ മുറി പൊലീസ് എത്തുന്നതിന് മുൻപ് വൃത്തിയാക്കിയെന്ന ആരോപണവും ഇതിനൊപ്പം ചേരുമ്പോൾ സംഭവസ്ഥലത്ത് എന്താണ് യഥാർഥത്തിൽ നടന്നതെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. മുറിയിലെ സാഹചര്യങ്ങൾ, ഉപയോഗിച്ചുവെന്ന് പറയുന്ന ഷാൾ, അവിടെ ഉണ്ടായിരുന്ന മറ്റ് വസ്തുക്കൾ എന്നിവയെല്ലാം വിശദമായി പരിശോധിക്കണമെന്നാണ് ബന്ധുവിന്റെ ആവശ്യം.
സായയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം നേരത്തെയും നിരവധി സംശയങ്ങൾ ഉന്നയിച്ചിരുന്നു. മരണവിവരം അറിഞ്ഞത് നാല് മണിക്കൂറോളം വൈകിയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സായയുടെ ലാപ്‌ടോപ്പ് കാണാനില്ലെന്ന പരാതിയും കുടുംബം ഉന്നയിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതൽ ഡയറി എഴുതുന്ന ശീലമുണ്ടായിരുന്ന സായയുടെ ഒരു ഡയറിയും കാണാനില്ലെന്നാണ് നേരത്തേ കുടുംബം ആരോപിച്ചത്. ഇവയിൽ മരണവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങളുണ്ടായിരുന്നോ എന്നതും പരിശോധിക്കണമെന്നാണ് ആവശ്യം.
സംഭവ ദിവസം വൈകിട്ട് നാലുമണിയോടെ വീട്ടിൽ ബഹളമുണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഭർത്താവ് അഫ്സലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സായയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് നടന്നിരുന്നതെന്നും കുടുംബം ആരോപിച്ചിരുന്നു. സായയുടെ സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണമെന്ന പരാമർശമുള്ള ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. ഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂവെന്നും കുറിപ്പിൽ പറയുന്നുണ്ട്. എന്നാൽ ഈ കുറിപ്പ് മാത്രം മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെല്ലാം വ്യക്തമാക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്.
അഫ്സലിന് ലഹരിമരുന്ന് കേസുകളുമായി ബന്ധമുണ്ടെന്ന ബന്ധുവിന്റെ ആരോപണം ശക്തമാകുന്നു. അഫ്സലിനെതിരെ കേസെടുക്കണമെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ബന്ധു ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ സായയുടെ മാതാപിതാക്കളുടെ പരാതിയിൽ ഇരവിപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. എന്നാൽ മരണവുമായി ബന്ധപ്പെട്ട ഓരോ ആരോപണവും പരിശോധിച്ച് വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മുറി വൃത്തിയാക്കിയെന്ന ആരോപണത്തിന് പിന്നിലെ യാഥാർഥ്യമെന്താണ്? കാണാതായെന്ന് പറയുന്ന ലാപ്‌ടോപ്പും ഡയറിയും എവിടെയാണ്? സായയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തൊക്കെയാണ്? ഈ ചോദ്യങ്ങൾക്കെല്ലാം അന്വേഷണത്തിലൂടെ വ്യക്തമായ ഉത്തരം ലഭിക്കേണ്ടതുണ്ട്. 26 വയസ്സുകാരിയായ യുവതിയുടെ മരണത്തിൽ ഉയർന്നിരിക്കുന്ന സംശയങ്ങൾ അവസാനിക്കണമെങ്കിൽ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം അനിവാര്യമാണ്.
https://www.facebook.com/Malayalivartha

























