കസേര പിടിച്ചിടാന്‍ പോലും കലോത്സവ വേദികളില്‍ കയറിയിട്ടില്ല, പക്ഷേ ഇന്ന് ഈ വേദിയില്‍ നില്ക്കുമ്പോള് അഭിമാനം തോന്നുന്നെന്ന് ആസിഫ് ആലി

അറുപത്തിമൂന്നാമത് സ്കൂള്‍ കലോത്സവ സമാപന സമ്മേളന വേദിയില്‍ മുഖ്യ അതിഥികളില്‍ ഒരാള്‍ നടന് ആസിഫ് ആലി ആയിരുന്നു. വേദിയില്‍ താരത്തിന്റെ വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്. ഇന്ന് ഈ വേദിയില്‍ വന്ന് നില്‍ക്കുന്നത് വളരെയധികം അഭിമാനത്തോടെയാണെന്ന് താരം പറയുന്നു. ഈ വേദിയില്‍ വന്ന് നില്ക്കുമ്പോള് ഏറെ അഭിമാനമുണ്ട്. വ്യക്തിപരമായി സ്കൂള്‍ സമയത്ത് ഒരു കലോത്സവത്തിലും പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
കസേര പിടിച്ചിടാന്‍ പോലും കലോത്സവ വേദികളില്‍ കയറിയിട്ടില്ല, പക്ഷേ ഇന്ന് ഈ വേദിയില്‍ നില്ക്കുമ്പോള് അഭിമാനം തോന്നുന്നു. ഇന്ന് എന്റെ കലയായ സിനിമ എനിക്ക് തന്നെ ഏറ്റവും വലിയ ഭാഗ്യമാണ് ഈ വേദി. ആ സന്തോഷത്തില്‍ പറയുകയാണ്. ഈ കലോത്സവത്തില്‍ പങ്കെടുത്ത നിങ്ങള്‍ എല്ലാവരും മറ്റൊരു ജീവിതത്തിലേക്ക് പോകുമ്പോഴും കലയെ കൂടെ കൂട്ടണം.
ആ കലയാല്‍ ലോകം മുഴുവന്‍ നിങ്ങള്‍ അറിയപ്പെടണമെന്നും ഞാന്‍ ആശംസിക്കുകയാണ്. ഒരുപാട് സന്തോഷമുണ്ട് ഈ വേദിയില്‍ വന്ന് നില്ക്കാന് കഴിഞ്ഞതില്‍. ഇത്രയും ഗംഭീരമായി കലോത്സവം നടത്തിയ സംഘാടകര്‍ക്കും സംസ്ഥാന സര്‍ക്കാരിനും പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും തിരക്ക് നിയന്ത്രിക്കുന്ന പൊലീസുകാര്‍ക്കും നന്ദിയുണ്ട്.ഏഷ്യയില്‍ തന്നെ ഏറ്റവും വലിയ ഉത്സവമാണ് നടന്നത്. നാളെ രേഖാ ചിത്രം എന്ന സിനിമ റിലീസ് ചെയ്യുന്നുണ്ട്. അത് കാണാന്‍ നിങ്ങളെ എല്ലാവരെയും തിയറ്ററിലേക്ക് ക്ഷണിക്കുകയാണ്.
ഇന്ന് വിജയികളായ തൃശൂര്‍ ജില്ലയിലെ എല്ലാ കലോത്സവ താരങ്ങള്‍ക്കും സൗജന്യമായി രേഖാ ചിത്രം സിനിമ കാണാനുള്ള സൗകര്യം നിര്‍മാതാക്കള്‍ ഒരുക്കിയിട്ടുണ്ട്. തൃശൂര്‍ ടീമിന് രേഖാചിത്രം എന്ന സിനിമ സൗജന്യമായി കാണാനാകുമെന്ന സര്‍പ്രൈസ് പ്രഖ്യാപിച്ചപ്പോള്‍ സദസില്‍ നിന്ന് വലിയ കയ്യടിയാണ് ഉയര്‍ന്നത്. ഒപ്പം ഒരു സിനിമയുടെ ഭാഗമാകുന്നവരെ നിങ്ങളെ ഞാന്‍ കാത്തിരിക്കുകയാണ്. കുട്ടികളുടെ രക്ഷിതാക്കള്‍ നല്കുന്ന പിന്തുണ വളരെ വലുതാണെന്നും ആസിഫ് അലി പറഞ്ഞു.
ഇത്രയും വിസ്മയം തരുന്ന കുട്ടികള്‍ നാടിന്റെ സമ്പത്താണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു. പരിപാടി ഭംഗിയായി തീര്‍ത്തതില്‍ വിദ്യാഭ്യാസമന്ത്രിയേയും അധ്യാപക സംഘടനകളേയും എല്ലാവരെയും അഭിനന്ദിക്കുകയാണെന്നും എല്ലാവരും ചേര്‍ന്ന് പരിപാടി ഭംഗിയായി നടത്തിയതില്‍ അഭിമാനമുണ്ടെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് പറഞ്ഞു. സംഘാടനത്തിന് എ പ്ലസ് പ്ലസ് നല്‍കുന്നുവെന്ന് സ്പീ ക്കര് എ. എന്‍ ഷംസീര്‍ പറഞ്ഞു.ലോകത്തിന് മുന്പില് അഭിമാനത്തോടെ തല ഉയര്‍ത്തി പറയാന്‍ കഴിയുന്ന പരിപാടിയാണ് സ്കൂള്‍ കലോത്സവമെന്നും എഎന്‍ ഷംസീര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























