ജീവിച്ചിരിക്കെതന്നെ അവയവങ്ങള്‍ ദാനം ചെയാനൊരുങ്ങുന്നു അജിഷ് മോള്‍

നാലുവര്‍ഷംമുമ്പ് സൗജന്യമായി വൃക്കകളിലൊന്ന് ദാനം ചെയ്ത കൊല്ലം ആശ്രാമം സ്വദേശിനി അജിഷ് മോള്‍. മസ്തിഷ്‌ക മരണം സംഭവിക്കുമ്പോള്‍ മാത്രമല്ല, ജീവിച്ചിരിക്കെതന്നെ അവയവങ്ങള്‍ ദാനം ചെയ്യണമെന്നതാണ് ഈ നാല്‍പതുകാരി മുന്നോട്ട് വയ്ക്കുന്ന സന്ദേശം. അശ്വതിഭവനെന്ന ആഡംബരങ്ങളില്ലാത്ത തന്റെ ചെറിയ വീട്ടില്‍ നിന്നാണ് അജിഷ് മോള്‍ ഈ തീരുമാനമെടുത്തത്.
ഡ്രോയിങ്ങില്‍ ഡിപ്ലോമ നേടിയ അജിഷ് മോള്‍ വസ്ത്രങ്ങളില്‍ ഡിസൈന് ചെയ്ത് കൊടുക്കുന്നുണ്ട്. കുടുംബ പെന്‍ഷനാണ് മറ്റൊരു ആശ്രയം. ഇരുവൃക്കകളും തകരാറിലായ അമ്മ 14 വര്‍ഷംമുമ്പ് മരണത്തിലേക്ക് വഴുതിവീണു. അമ്മയ്ക്കായി ഒന്നും ചെയ്യാനായില്ലല്ലോ എന്ന കുറ്റബോധത്തില്‍ നിന്നാണ്, തന്റെ വൃക്കകളിലൊന്ന് പ്രതിഫലേച്ഛയില്ലാതെ ദാനം ചെയ്യണമെന്ന തീരുമാനത്തിലെത്തിയത്. രണ്ട് ചേട്ടന്മാരും ചേച്ചിയും തീരുമാനത്തെ എതിര്‍ത്തു. അവയവദാനമെന്ന ആശയം സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നിട്ടില്ലാത്ത സമയവും. എന്നാല്‍ തന്റെ തീരുമാനത്തില്‍ അവര്‍ ഉറച്ചുനിന്നു. അമ്മ മരിച്ച് പത്തുവര്‍ഷങ്ങള്‍ക്കുശേഷം പട്ടാമ്പി സ്വദേശിയും 62 കാരനുമായ അഴകത്ത് ശാസ്ത്രശര്‍മ്മന് നമ്പൂതിരിപ്പാടിന് വൃക്ക നല്‍കി; 2013 ഫിബ്രുവരി 13ന്. ഇത്രയും പ്രായമായ ഒരാള്‍ക്ക് വൃക്ക ദാനം ചെയ്യുന്നത് എന്തിനാണെന്നത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ അജിഷ് മോളുടെ ദൃഢനിശ്ചയത്തിനു മുന്നില്‍ വഴിമാറി. തന്റെ ആശയങ്ങളോട് യോജിക്കുന്ന ആളെ ലഭിച്ചില്ലെങ്കിലോ എന്നോര്‍ത്ത് വിവാഹവും വേണ്ടെന്നുവച്ചു. കരള്‍കൂടി ദാനം ചെയ്യണമെന്നാണ് ഇപ്പോള്‍ ആഗ്രഹം. ഇതിനോട് ആദ്യം ഡോക്ടര്‍മാര്‍ വിയോജിച്ചെങ്കിലും അജിഷ് മോള്‍ പിന്മാറിയില്ല. പത്രത്തില്‍ വന്ന വാര്‍ത്ത കണ്ട് ഒമ്പത് മാസം പ്രായമായ കുഞ്ഞിന് കരള്‍ നല്‍കാന് അജിഷ് മോള്‍ ആസ്പത്രി അധികൃതരെ സമീപിച്ചു. എന്നാല്‍ ശരീരഭാരം തടസ്സമായി.
രണ്ടരമാസത്തിനുള്ളില്‍ ശരീരഭാരം കുറച്ച് കരള്‍ ദാനം ചെയ്യുമെന്ന ദൃഢനിശ്ചയത്തിലാണവര്‍. അവയവദാനത്തെക്കുറിച്ചുള്ള ബോധവത്കരണവും കച്ചവടപ്രവണതകളെ എതിര്‍ക്കുകയുമാണ് തന്റെ ജീവിതംകൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് അവര്‍ പറയുന്നു. മരണശേഷവും ദാനം ചെയ്യാനാകുന്ന എല്ലാ അവയവങ്ങളും ദാനം ചെയ്യണം. ശരീരം മെഡിക്കല്‍ കോളേജിന് നല്‍കണം. അങ്ങനെ തന്റെ ജീവിതത്തെ എല്ലാ അര്‍ഥത്തിലും പരോപകാരത്തിനായി അടയാളപ്പെടുത്തണമെന്ന് സ്വപ്നം കാണുകയാണ് അവര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























