ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി, പരിയാരം മെഡിക്കല്‍ കോളജില്‍ ഇതുവരെ വിവിധ തടവുകാരെ ചികില്‍സിച്ചതിന്റെ കുടിശിക തുക 97,000 രൂപ കെട്ടിവച്ചശേഷമായിരുന്നു ഡിസ്ചാര്‍ജ്

കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി.ജയരാജനെ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരിയാരം മെഡിക്കല്‍ കോളജില്‍ ഇതുവരെ വിവിധ തടവുകാരെ ചികില്‍സിച്ചതിന്റെ കുടിശിക തുക കെട്ടിവച്ചശേഷം പി.ജയരാജനെ ഡിസ്ചാര്‍ജ് ചെയ്തത്. കുടിശികയായ 97,000 രൂപ അടച്ചാലേ ജയരാജനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധിക്കുവെന്നു പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ കടുംപിടുത്തം പിടിച്ചതോടെയാണ് സര്‍ക്കാര്‍ വഴങ്ങിയത്.
പരിയാരത്തെ സ്വകാര്യ ആശുപത്രിയായി സര്‍ക്കാരും സിബിഐയും കണക്കാക്കുന്ന നിലയ്ക്ക് ഇനി കുടിശിക അനുവദിക്കാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ ജയില്‍ ഉദ്യോഗസ്ഥന്‍ പരിയാരത്തെത്തി കുടിശിക തുട അടച്ചു. തുടര്‍ന്നാണ് കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയത്.
റിമാന്‍ഡു തടവുകാരനായ ജയരാജനെ അടിയന്തരഘട്ടമെന്ന നിലയിലാണ് പരിയാരത്തേക്കു മാറ്റിയതെന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അദ്ദേഹത്തെ മാറ്റണമെന്നും കാണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് കത്തുനല്‍കിയിരുന്നു. ജയരാജന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജയരാജന്റെ ആരോഗ്യനില പൂര്‍ണ തൃപ്തമല്ലെന്നായിരുന്നു ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഇതിനു പിന്നാലെയാണ് കുടിശിക അടച്ചാല്‍ മാത്രമേ ജയരാജനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയൂവെന്ന നിലപാട് ആശുപത്രി അധികൃതര്‍ സ്വീകരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























