ആറ്റുകാലില്‍ ഭക്തജന പ്രവാഹം തുടങ്ങി, ഉത്സവത്തോടനുബന്ധിച്ച് ആറ്റുകാലും പരിസരവും ദീപാലങ്കാര പ്രഭയില്‍

അഭീഷ്ട വരദായിനിയായ ഭഗവതിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെ ആറ്റുകാല്‍ പൊങ്കാല ഉല്‍സവത്തിനു തുടക്കമായി. ചന്ദന ചര്‍ച്ചിതയായ ആറ്റുകാലമ്മയെ ദര്‍ശിക്കാന്‍ ഉല്‍സവത്തിന്റെ ഒന്നാം ദിവസമായ ഇന്നലെ മുതല്‍ ഭക്തരുടെ ഒഴുക്കും തുടങ്ങി. 23 നാണ് പ്രശസ്തമായ പൊങ്കാല. ഉല്‍സവത്തോടനുബന്ധിച്ച് ആറ്റുകാലും പരിസരവും ദീപാലങ്കാര പ്രഭയില്‍ മുങ്ങി. വാദ്യമേളങ്ങളും ക്ഷേത്രാങ്കണത്തില്‍ തടിച്ചുകൂടിയ നൂറുകണക്കിനു ഭക്തരുടെ പ്രാര്‍ഥനകളും ഭക്തിനിര്‍ഭരമാക്കിയ അന്തരീക്ഷത്തില്‍ തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി എസ്. അരുണ്‍കുമാര്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തിലാണു കാപ്പുകെട്ടു ചടങ്ങു നടത്തിയത്. ആറ്റുകാലമ്മയുടെ ഉടവാളിലും ക്ഷേത്ര മേല്‍ശാന്തി എസ്. അരുണ്‍കുമാര്‍ നമ്പൂതിരിയുടെ കൈകളിലും പഞ്ചലോഹ നിര്‍മിതമായ കാപ്പ് ബന്ധിക്കുന്നതാണു കാപ്പു കെട്ട്. പുലര്‍ച്ചെ 4.30നു പള്ളിയുണര്‍ത്തലോടെ ഉല്‍സവ ചടങ്ങുകള്‍ ആരംഭിച്ചു.
നട തുറന്നപ്പോള്‍ ആദ്യ ദര്‍ശനത്തിനായി ഭക്തരുടെ വന്‍നിരതന്നെ രൂപപ്പെട്ടിരുന്നു. ആദ്യദിനത്തില്‍ പ്രായഭേദമെന്യേ നൂറു കണക്കിനു ഭക്തരാണ് ആറ്റുകാലമ്മയുടെ ദര്‍ശനത്തിനായി എത്തിയത്. പലപ്പോഴും ക്യൂ ക്ഷേത്രാങ്കണത്തിനു പുറത്തു വരെയെത്തി. കാര്‍ത്തിക, അംബ ഓഡിറ്റോറിയങ്ങളിലായി നടത്തിയ അന്നദാനത്തിലും ഭക്തര്‍ പങ്കെടുത്തു. ഭക്തരുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകളില്‍ നിന്നു പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി പൊലീസ് സേനയെ വിന്യസിച്ചു. ജനത്തിരക്ക് പരിഗണിച്ചു ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഇരുപതോളം ബാരിക്കേഡുകള്‍ വച്ചു നിയന്ത്രിച്ചിട്ടുണ്ട്. പൊലീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.
ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു. കലാപരിപാടികള്‍ക്കും തുടക്കമായി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സ് നേടുന്നതിനു വേണ്ടി ക്ഷേത്ര പരിസരത്തു കണ്‍ട്രോള്‍ റൂം തുറന്നു. ഇന്നു മുതല്‍ ഇവിടെ നിന്നു ലൈസന്‍സ് നല്‍കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഉല്‍സവത്തോടനുബന്ധിച്ചു ക്ഷേത്രവും പരിസരവും വ്യക്തികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ദീപങ്ങളാല്‍ അലങ്കരിച്ചു. പൊങ്കാലക്കലങ്ങളുടെ കച്ചവടവും പൊടിപൊടിക്കുകയാണ്. വരും ദിവസങ്ങളില്‍ തിരക്കു നിയന്ത്രിക്കാന്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha