സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്റെ കാലാവധി നീട്ടാന്‍ ആവശ്യപ്പെടും

സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്റെ കാലാവധി ആറു മാസത്തേക്കു കൂടി നീട്ടി നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. കമ്മിഷന് ലഭിച്ച പുതിയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതിനാലാണ് ഇതെന്ന് കമ്മിഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം എത്രയും പെട്ടെന്ന് അറിയിക്കാന്‍ കമ്മിഷന്‍ സര്‍ക്കാര്‍ അഭിഭാഷകനെ ചുമതലപ്പെടുത്തി. കൊല്ലത്തെ രാഷ്ട്രീയ യോഗത്തില്‍ തന്നെ വിമര്‍ശിച്ച മന്ത്രി ഷിബു ബേബി ജോണിനെ സോളാര്‍ കമ്മിഷന്‍ നിശിതമായി വിമര്‍ശിച്ചു. സോളാര്‍ കമ്മിഷനിലെ വിചാരണയുടെ പേരില്‍ മുഖ്യമന്ത്രിയുടെ വിലപ്പെട്ട 15 മണിക്കൂര്‍ കണ്ട വായ്‌നോക്കികളുടെ മുന്നില്‍ നഷ്ടപ്പെട്ടെന്ന് കൊല്ലത്ത് മന്ത്രി നടത്തിയ പരാമര്‍ശത്തിനെതിരെ അഡ്വ. സി. രാജേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി പറയുകയായിരുന്നു കമ്മിഷന്‍. മന്ത്രിസ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ ജുഡീഷ്യല്‍ കമ്മിഷന് എതിരേ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി ഷിബു ബേബി ജോണ്‍ കമ്മിഷനില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ആരേയും ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രസംഗത്തിനിടയില്‍ പറഞ്ഞുപോയതാണെന്നും അതില്‍ നിര്‍വ്യാജമായ ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ പരാമര്‍ശം കമ്മിഷന്‍ ഓഫ് എന്‍ക്വയറി ആക്ട് 10(എ) പ്രകാരം കമ്മിഷനെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നു എന്നതിനാല്‍ ഖേദം പ്രകടിപ്പിച്ചതു കൊണ്ട് പരാമര്‍ശം ഇല്ലാതാകില്ലെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. മന്ത്രിയുടെ പരാമര്‍ശം മനഃപൂര്‍വമല്ലെന്നും കമ്മിഷനെയും കക്ഷികളെയും അപമാനിക്കാന്‍ കരുതിക്കൂട്ടി ശ്രമിച്ചിട്ടില്ലെന്നും ഷിബു ബേബി ജോണിന്റെ അഭിഭാഷകന്‍ വിശദീകരിച്ചു. ഇതു സംബന്ധിച്ച് മന്ത്രിക്കെതിരായ ഹര്‍ജിയില്‍ ഉത്തരവ് അടുത്ത ദിവസം ഉണ്ടാകുമെന്നു ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ അറിയിച്ചു. സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായര്‍ ഇന്നലെ ഹാജരാകാതിരുന്നതിനെ കമ്മിഷന്‍ വിമര്‍ശിച്ചു. സരിതയെ വിസ്തരിക്കാനായി കമ്മിഷനില്‍ എത്തിയിരിക്കുന്ന അഭിഭാഷകരുടെയും കമ്മിഷന്റെയും സമയം നഷ്ടപ്പെടുത്തരുത്. സരിത ഹാജരാകാത്തതിനുപിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശലക്ഷ്യങ്ങളുണ്ടോ എന്നും കമ്മിഷന്‍ ആരാഞ്ഞു. തന്റെ കക്ഷിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടെന്നും കമ്മിഷനില്‍ ഹാജരാക്കേണ്ട തെളിവുകള്‍ ലഭിക്കാത്തതിനാലാണു ഹാജരാകാത്തതെന്നും സരിതയുടെ അഭിഭാഷകന്‍ സി.ഡി. ജോണി കമ്മിഷനെ അറിയിച്ചു. സരിത 18നു ഹാജരാകുമെന്നും അഭിഭാഷകന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha