എം.എം.എസ്. സേവനം നിര്‍ത്തുന്നുവെന്ന അബദ്ധ സന്ദേശമയച്ച് ബി.എസ്.എന്‍.എല്‍. പുലിവാലു പിടിച്ചു

ബി.എസ്.എന്‍.എല്‍. എം.എം.എസ്. സേവനം നിര്‍ത്തുന്നുവെന്ന അബദ്ധ സന്ദേശമയച്ച് പുലിവാലു പിടിച്ചു. മൊബൈല്‍ സേവനം തുടങ്ങുന്ന കാലത്ത് എം.എം.എസ്. സേവനം നല്‍കുന്നതിനായി സ്ഥാപിച്ചിരുന്ന സെര്വറിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന് തീരുമാനിച്ചിരുന്നു. ഇതോടെ എം.എം.എസ്. സേവനം ഇല്ലാതാവുമെന്ന് തെറ്റിദ്ധരിച്ച് ഇതിന്റെ ചുമതലയുള്ളവര്‍ അയച്ച സന്ദേശമാണ് ആശയക്കുഴപ്പമുണ്ടാക്കിയത്.
സാങ്കേതിക കാരണങ്ങളാല്‍ മാര്‍ച്ച് 14 മുതല്‍ എം.എം.എസ്. സേവനം ലഭിക്കില്ലെന്ന സന്ദേശമാണ് ബി.എസ്.എന്‍.എല്‍. വരിക്കാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്. എന്നാല്‍ ബി.എസ്.എന്‍.എല്‍. ഇങ്ങനെയൊരു കാര്യം ആലോചിച്ചിട്ടുതന്നെയില്ലായിരുന്നു. സന്ദേശം ലഭിച്ച നിരവധിപ്പേര്‍ ഓഫീസുകളില്‍ വിളിച്ച് പരാതിപ്പെടുകയും ചെയ്തു. ഏറെ ക്ലേശിച്ചാണ് അധികൃതര്‍ ഇവരെ പറഞ്ഞ് സമാധാനിപ്പിച്ചത്. സെര്വറിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചാലും എം.എം.എസ്. അയയ്ക്കുന്നതിന് ഒരു തടസ്സവുമില്ലെന്ന് ബി.എസ്.എന്‍.എല്‍. അധികൃതര്‍ പറഞ്ഞു.
ബി.എസ്.എന്‍.എല്‍. മൊബൈല്‍ സേവനം തുടങ്ങുന്ന കാലത്ത് 2ജി സേവനം മാത്രമാണുണ്ടായിരുന്നത്. അന്ന് മൊബൈല്‍ ഇന്റര്‍നെറ്റില്ലാത്തതിനാല്‍ എം.എം.എസ്. സേവനം നല്‍കുന്നതിനായി ചെന്നൈയില്‍ പ്രത്യേകം സെര്വര്‍ സ്ഥാപിച്ചിരുന്നു. പിന്നീട് 3ജി സേവനം തുടങ്ങുകയും 2ജിയിലും 3ജിയിലും മൊബൈല്‍ ഇന്റര്‍നെറ്റ് ലഭ്യമാവുകയും ചെയ്തതോടെ എം.എം.എസ്. അയയ്ക്കാന്‍ പ്രത്യേക സെര്വറിന്റെ ആവശ്യമില്ലാതായി.
ഇതോടെയാണ് സെര്വറിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ബി.എസ്.എന്‍.എല്‍. തീരുമാനിച്ചത്. സര്വീസ് തുടങ്ങുന്ന കാലത്ത് മോട്ടറോള, നോര്‍ട്ടല്‍ തുടങ്ങിയ കമ്പനികളുടെ ഉപകരണങ്ങളാണ് മൊബൈല്‍ സേവനത്തിനായി ബി.എസ്.എന്‍.എല്‍. ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ 3ജി സേവനത്തിനായി ഈ കമ്പനികളുടെ ഉപകരണങ്ങളൊന്നും ഉപയോഗിക്കുന്നില്ല. അതിനാല്‍ സെര്വറിന്റെ അറ്റകുറ്റപ്പണിയും പ്രയാസമായി.
സെര്വറിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് എം.എം.എസ്. സേവനത്തെ ബാധിക്കുമെന്ന് തെറ്റിദ്ധരിച്ചാണ് ചെന്നൈയില്‍ ഇതിന്റെ ചുമതലയുള്ളവര് സന്ദേശമയച്ചത്. കേരള സര്‍ക്കിളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതറിഞ്ഞയുടന്‍ സന്ദേശമയയ്ക്കുന്നത് നിര്‍ത്തി. എന്നാല്‍ അതിനകം പതിനായിരക്കണക്കിന് വരിക്കാര്‍ക്ക് സന്ദേശം പോയിക്കഴിഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha