തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് താംബരം വരെ ആഴ്ചതോറുമുള്ള എസി സ്പെഷ്യല്‍ ട്രെയിന്‍ പുനലൂര്‍ ചെങ്കോട്ട വഴി റെഗുലര്‍ സര്‍വീസ് ആക്കിമാറ്റണമെന്ന് യാത്രക്കാര്‍

തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് താംബരം വരെ ആഴ്ചതോറുമുള്ള എസി സ്പെഷ്യല്‍ ട്രെയിന്‍ പുനലൂര്‍ ചെങ്കോട്ട വഴി റെഗുലര്‍ സര്‍വീസ് ആക്കിമാറ്റണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു. പാലക്കാട് വഴിയുള്ള റൂട്ടിനെക്കാള്‍ സമയലാഭം, കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെടും എന്നതുമാണ് ഇതിന് പ്രധാന കാരണമായി യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഓടുന്ന ട്രെയിന്‍ ഏറെ ജനപ്രിയവുമാണ്.
'കൊല്ലം-പുനലൂര്‍- ചെങ്കോട്ട വഴി നേരത്തേ രണ്ട് ചെന്നൈ സര്‍വീസുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പാത ബ്രോഡ് ഗേജ് ആക്കി മാറ്റിയശേഷം കൊല്ലം മെയില്‍ മാത്രമാണ് സര്‍വീസ് പുനരാരംഭിച്ചത്. സ്പെഷ്യല്‍ ട്രെയിന്‍ റഗുലര്‍ സര്‍വീസ് ആക്കി മാറ്റുകയാണെങ്കില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഉപയോഗപ്രദമാകും.
കൊച്ചുവേളി, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നുള്ളവര്‍ക്ക് മധുര, തിരുച്ചിറപ്പള്ളി, ശ്രീരംഗം, വില്ലുപുരം, താംബരം എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാനും ഈ ട്രെനിന് ഉപയോഗിക്കാം' - കൊല്ലം-ചെങ്കോട്ട റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് സെക്രട്ടറി ദിപു രവി പറഞ്ഞു. പാലക്കാട് വഴിയുള്ള ട്രെയിനുകളില്‍ ടിക്കറ്റ് കിട്ടാന്‍ ഏറെ പ്രയാസമാണ്. സ്പെഷ്യല്‍ ട്രെയിന്‍ റെഗുലര്‍ സര്‍വീസ് ആക്കിയാല്‍ ആ പ്രശ്നവും മാറിക്കിട്ടുമെന്നും യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
സമയലാഭമാണ് മറ്റൊരു പ്രത്യേകത. പാലക്കാട് വഴിയുള്ള ട്രെയിനുകള്‍ ചെന്നൈയിലെത്താന്‍ ഏകദേശം 17 മണിക്കൂര്‍ എടുക്കും. എന്നാല്‍ നാഗര്‍കോവില്‍ വഴിയുള്ള അനന്തപുരി എക്സ്പ്രസ് ചെന്നൈയിലെത്താന്‍ 13 മണിക്കൂര്‍ മാത്രമാണ് എടുക്കുന്നത്. കൊല്ലം, പുനലൂര്‍, ചെങ്കോട്ട വഴിയുള്ള ട്രെയിനുകള്‍ക്ക് ഏകദേശം 16 മണിക്കൂര്‍ മതിയാകും. കൊല്ലത്ത് നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കുറഞ്ഞ യാത്രാ സമയം ഒരു ആകര്‍ഷണമാണ്.
തിരുവനന്തപുരത്ത് നിന്ന് തിരക്കേറിയ പാലക്കാട് മെയിന്ലൈനിന് ബദല്‍ റൂട്ടായി പുനലൂര്‍-ചെങ്കോട്ട റൂട്ടില്‍ ചെന്നൈ, ബെംഗളൂരു, സെക്കന്തരാബാദ് എന്നിവിടങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ റെയില്‍വേ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിക്കുന്ന തരത്തില്‍ പുനലൂര്‍-ചെങ്കോട്ട ഘട്ട് സെക്ഷനിലെ സ്റ്റേഷനുകളുടെ പ്ലാറ്റ്ഫോം നീളം വര്‍ദ്ധിപ്പിക്കണമെന്ന് പാസഞ്ചര്‍ അസോസിയേഷനുകള്‍ ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങളെല്ലാം റെയില്‍വേ അനുഭാവപൂര്‍വം പരിഗണിച്ച് യാത്രാ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.
https://www.facebook.com/Malayalivartha

























