കെ.കെ.രമയുടെ കൈ പിടിച്ച് അഭിനന്ദ് വിവാഹ മണ്ഡപത്തിലേയ്ക്ക്: നിറഞ്ഞ മനസ്സോടെ അതിഥികൾ...

കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെയും കെ.കെ.രമ എംഎൽഎയുടെയും മകൻ ആർ.സി.അഭിനന്ദും റിയ ഹരീന്ദ്രനും വിവാഹിതരായി. ചാത്തമംഗലം വട്ടോളി പരേതനായ പി.സി.ഹരീന്ദ്രൻ, കെ.വി.പ്രസന്ന എന്നിവരുടെ മകളാണു വധു റിയ ഹരീന്ദ്രൻ. വിവാഹത്തിനു രാഷ്ട്രീയ, പൊതുരംഗത്തെ പ്രമുഖരാണു സാക്ഷ്യം വഹിച്ചത്. രാവിലെ പതിനൊന്നരയ്ക്കു വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിലെ മണ്ഡപത്തിലേക്ക് അഭിനന്ദ് രമയുടെ കൈ പിടിച്ച് എത്തി. 2012ൽ ടിപി കൊല്ലപ്പെടുമ്പോള്‍ അഭിനന്ദിന് 17 വയസ്സായിരുന്നു. ഒഞ്ചിയത്തു വലിയ സംഘർഷാവസ്ഥ നിലനിന്നതിനാൽ അഭിനന്ദു മറ്റു സ്ഥലങ്ങളിൽനിന്നാണു പഠനം പൂർത്തിയാക്കിയത്.
അഭിനന്ദ് മുംബൈയിൽ ജെഎസ്ഡബ്ല്യു കമ്പനിയിലാണു ജോലി ചെയ്യുന്നത്. കേരളം ഞെട്ടിയ രാഷ്ട്രീയ കൊലപാതകത്തിനിരയായ ടിപിയുടെ മകന്റെ വിവാഹത്തിനു കക്ഷി,രാഷ്ട്രീയ ഭേദമന്യേ കേരളത്തിന്റെ നാനതുറകളിൽനിന്നുള്ളവർ പങ്കെടുത്തു. സ്പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.മുരളീധരൻ, ഷാഫി പറമ്പിൽ, വി.ടി.ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ പ്രമുഖരും വിവാഹത്തിനെത്തി വധൂവരൻമാർക്ക് ആശംസ നേർന്നു.
https://www.facebook.com/Malayalivartha

























