എലിവിഷം കഴിച്ചത്ര! ആതിരയെ കാണാനെത്തിയ ജോണ്സണ് കൊലപാതകം നടത്തിയത് ചായ നല്കിയ ശേഷം; കൊലപ്പെടുത്തിയത് കൂടെ വരാന്‍ വിസമ്മതിച്ചത് കൊണ്ട്

തിരുവനന്തപുരം കഠിനംകുളത്തെ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ജോണ്സണ് കഴിഞ്ഞ ഒരു വര്‍ഷമായി ആതിരയുമായി പ്രണയത്തിലായിരുന്നു. റീല്‍സുകള്‍ പങ്കുവച്ചുകൊണ്ടാണ് സൗഹൃദം തുടങ്ങിയത്. ആതിരയും ജോണ്‍സണും സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു. ജോണ്സണ് ആതിര ഒരുലക്ഷം രൂപയോളം ആദ്യം നല്‍കിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തി. കൊലപാതകം നടക്കുന്നതിന് മൂന്നു ദിവസം മുമ്പും ജോണ്സണ് ആതിരയില്‍ നിന്ന് പണം വാങ്ങി.
യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയും ജോണ്സണ് പണം കൈപറ്റിയതായും സൂചനയുണ്ട്. ആതിരയെ കൂടെ ചെല്ലാനും ഇയാള്‍ നിര്‍ബന്ധിച്ചു. ആതിര അത് നിഷേധിച്ചു. ഇക്കാരങ്ങളാണ് കൊലയ്ക്ക് കാരണമായതെന്നും പൊലീസ് കരുതുന്നു. ഇയാള്‍ പലദിവസവും ആതിരയുടെ കഠിനംകുളത്തെ വീട്ടില്‍ എത്താറുണ്ടായിരുന്നു. ഭര്‍ത്താവ് രാജീവിന് ജോണ്‍സണും ആതിരയും തമ്മിലുള്ള ബന്ധം നേരത്തെ അറിയാമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കുഞ്ഞിനെയും കൊണ്ട് കൂടെ വരാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തത് കൊണ്ടാണ് കഠിനംകുളം സ്വദേശിയായ ആതിരയെ കൊലപ്പെടുത്തിയതെന്ന് പ്രതി ജോണ്‍സന്റെ മൊഴി. പോലീസ് പിടിയിലാകുമെന്നുറപ്പായപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും അന്വേഷണ സംഘത്തിന് ജോണ്സണ് മൊഴി നല്കി.
കൊലപാതകത്തിന് പിന്നാലെ മുങ്ങിയ ജോണ്സന് ഔസേപ്പിനെ ഇന്നലെ കോട്ടയം ചിങ്ങവനത്തെ ഒരു വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. എലിവിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ജോണ്സണ്. കഠിനംകുളം പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നത്. കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയില്‍ നിന്ന് രാവിലെ 7 മണിയോടെ പ്രതി മതില് ചാടി ആതിര താമസിക്കുന്ന വീടിനകത്തു വന്നു. അവസാനമായി ആതിരയെ ഒന്നു കാണമെന്നായിരുന്നു ജോണ്‍സന്റെ ആവശ്യം.
തന്റെ ബൈക്ക് അടക്കം വിറ്റിട്ടാണ് പ്രതി ആതിരയെ കാണാന്‍ എത്തിയത്. വീട്ടില്‍ എത്തിയ പ്രതിക്ക് ആതിര ചായ ഇട്ടു കൊടുത്തു. ഈ സമയം ജോണ്സണ് കയ്യില്‍ കരുതിയ കത്തി മുറിക്കുള്ളിലെ കിടക്കയുടെ അടിയില്‍ സൂക്ഷിച്ചു. ഇതിനിടെ കുട്ടി ഉണരുകയും ആതിര കുട്ടിയെ ഒരുക്കി സ്കൂളില്‍ വിടുകയും ചെയ്തു. ഈ സമയമെല്ലാം പ്രതി വീടിനുള്ളില്‍ തന്നെ ഉണ്ടായിരുന്നു. കുട്ടിയെ സ്കൂളില്‍ വിട്ടശേഷം ഭര്‍ത്താവിന് ഭക്ഷണം കൊടുത്ത് ആതിര മടങ്ങി റൂമില്‍ എത്തിയപ്പോഴാണ് കൊലപാതകം നടത്തിയത്.
ആതിരയെ കുത്താനുള്ള കത്തി ചിറയിന്‍കീഴില്‍ നിന്നുമാണ് വാങ്ങിയതെന്നാണ് ജോണ്‍സന്റെ മൊഴി. കൃത്യം നടത്തുന്നതിനിടയില്‍ ജോണ്‍സന്റെ കൈയ്ക്കും മുറിവേറ്റിരുന്നു. കൊലപാതക ശേഷം ജോണ്‍സന്റെ ഷര്‍ട്ട് അവിടെ ഉപേക്ഷിച്ച് ആതിരയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ഇട്ടാണ് രക്ഷപ്പെട്ടത്. ആതിര തന്റെ കൂടെ വരാന്‍ സമ്മതിക്കാത്തതാണ് കൊലപാതകം നടത്താന്‍ കാരണം എന്നാണ് പ്രതിയുടെ മൊഴി. ഈ മാസം 7-ാം തിയതി തമ്മില്‍ കണ്ട ഇരുവരും അന്ന് ജോണ്‍സന്റെ ബുള്ളറ്റില്‍ ഒരുമിച്ച് യാത്ര ചെയ്യുകയും ചെയ്തിരുന്നുവെന്നും മൊഴിയിലുണ്ട്. ഡിസംബര്‍ 7 മുതല്‍ ജനുവരി 7 വരെ ചിങ്ങവനത്ത് ഒരു രോഗിയെ നോക്കിയ ജോണ്സണ് അതിന് ശേഷമാണ് ജോലി ഉപേക്ഷിച്ച് പെരുമാതുറയിലെത്തിയത്.
ചിങ്ങവനത്തെ വീട്ടില്‍ നിന്ന് സാധനങ്ങള്‍ എടുക്കാന്‍ എത്തിയപ്പോഴാണ് ഇയാള്‍ പൊലീസ് പിടിയിലായത്. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണ്. എന്നാല്‍ 48 മണിക്കൂര്‍ നിരീക്ഷണമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന് ശേഷമായിരിക്കും പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുക. ആശുപത്രിയില്‍ പൂര്‍ണമായും പോലീസ് നിരീക്ഷണത്തിലാണ് പ്രതി കഴിയുന്നത്.
https://www.facebook.com/Malayalivartha

























