ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വ്യവസായിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയ പ്രതി പിടിയില്‍

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ മട്ടാഞ്ചേരിയിലെ വ്യവസായിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയ പ്രതി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ ധീരജ് ഗിരിയാണ് (28) പിടിയിലായത്. പ്രമുഖ ബാങ്കിന്റെ കെവൈസി അപ്ഡേഷനെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ലിങ്ക് അയച്ചു കൊടുത്ത ശേഷം ഫോണിന്റെ നിയന്ത്രണം കൈക്കലാക്കി പണം തട്ടുന്നതാണ് പ്രതിയുടെ രീതി. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31നാണ് വ്യവസായി തട്ടിപ്പിനിരയായത്. പൊലീസ് അന്വേഷണത്തിലാണ് പുതിയരീതി തിരിച്ചറിഞ്ഞത്.
രണ്ടരമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ മട്ടാഞ്ചേരി എസ്.ഐ ജിമ്മി ജോസിന്റെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശിലെ ഗ്രേറ്റ് നോയിഡയില്‍ നിന്ന് പിടികൂടിയത്. ഇന്ന് കൊച്ചിയില്‍ എത്തിച്ച പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ബംഗളൂരുവില്‍ ഒരുകോടി തട്ടിയകേസില്‍ പ്രതിയാണിയാള്‍. ഏതാനും കൂട്ടുപ്രതികള്‍ കൂടിയുണ്ട്. ഇവരും ഉടനെ പിടിയിലാകുമെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ ജുവനപ്പുടി മഹേഷ് പറഞ്ഞു.
ഡാര്‍ക്ക് വെബില്‍നിന്ന് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ കൈക്കലാക്കിയാണ് അക്കൗണ്ട് ഉടമകളുടെ വാട്സ്ആപ്പ് നമ്പറുകളിലേക്ക് ആധാര്‍ പുതുക്കാനായി ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ പാക്കേജ് (എ.പി.കെ ഫയല്‍) അയക്കുക. പ്രത്യേകം പ്രോഗ്രാംചെയ്തുവച്ചിരിക്കുന്ന എ.പി.കെ ഫയലിന്റെ ലിങ്കില്‍ ക്ലിക്കുചെയ്താല്‍ പിന്നെ മൊബൈല്തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും. മൊബൈല്ബാങ്ക് ആപ്പിലൂടെ പണം തട്ടിപ്പുകാരുടെ പല പല അക്കൗണ്ടിലേക്ക് മാറ്റിയെടുക്കും. മട്ടാഞ്ചേരി സ്വദേശിയുടെ അക്കൗണ്ടില്‍നിന്ന് 37 തവണയാണ് പണം തട്ടിയത്. തുടര്‍ന്ന് 41 അക്കൗണ്ടുകളിലേക്ക് മാറ്റിയ പണം ധീരജ് ഓണ്‍ലൈന്‍ ഗെയിമില്‍ നിക്ഷേപിച്ച് മാറ്റിയെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























