കണ്ണീര് കാഴ്ചയായി... തിക്കോടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ 4 പേര്‍ക്ക് ദാരുണാന്ത്യം: ജിമ്മിലെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ 26 അംഗ സംഘം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു

തിക്കോടിയില്‍ കടലില്‍ ഇറങ്ങിയ അഞ്ചംഗ സംഘത്തിലെ 4 പേര് തിരയില്‍പ്പെട്ടു മരിച്ചു. കല്‍പ്പറ്റ സ്വദേശികളായ ഫൈസല്‍, ബിനീഷ്, അനീസ, വാണി എന്നിവരാണു മരിച്ചത്. അപകടത്തില്‍പ്പെട്ട ജിന്‍സി ചികിത്സയിലാണ്. കല്ലകത്തു ബീച്ചില്‍ വൈകിട്ടായിരുന്നു അപകടം. കല്‍പ്പറ്റയിലെ ജിമ്മിലെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ 26 അംഗ സംഘം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇവിടെ.
കടല്‍ ഉള്‍വലിഞ്ഞിട്ടുണ്ടെന്നും ആഴവും അടിയൊഴുക്കും ഉള്ളതിനാല്‍ ആരും ഇവിടെ ഇറങ്ങാന്‍ തയാറാവില്ലെന്നും തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് പറഞ്ഞു. ഇവരോടു കടലില്‍ ഇറങ്ങരുതെന്നു നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. കൈകോര്‍ത്തു പിടിച്ചു സംഘം കടലില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടമെന്നും ജമീല വ്യക്തമാക്കി.
ഇന്ന് വൈകിട്ടോടെ തിക്കോടി കല്ലകത്ത് ബീച്ചിലാണ് ദാരുണാപകടം ഉണ്ടായത്. അവധി ദിവസമായ ഞായറാഴ്ച ഇവര്‍ രാവിലെയാണ് കോഴിക്കോട്ടേക്ക് ടൂര്‍ പോയതായിരുന്നു. വയനാട്ടിലേക്ക് തിരികെ വരുമ്പോള്‍ ബീച്ചില്‍ കയറിയപ്പോള്‍ ആയിരുന്നു അപകടം. അവധിയായതിനാല്‍ ബീച്ചില്‍ നല്ല തിരക്കുണ്ടായിരുന്നു. ബീച്ചിലേക്കിറങ്ങിയപ്പോള്‍ അഞ്ചുപേരും തിരയില്‍പെടുകയായിരുന്നുവെന്നാണ് വിവരം.
ഇവരെ ഉടന്‍ തന്നെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല. വയനാട് കല്‍പ്പറ്റയിലെ ജിമ്മില്‍ പരിശീലനം നടത്തുന്നവരും ട്രെയിനേഴ്സും അടക്കം 26 അംഗം സംഘമാണ് ടെംപോ ട്രാവലറില്‍ തിക്കോടി കല്ലകത്ത് ബീച്ചിലെത്തിയത്. മരിച്ച അനീസ, വാണി, വിനീഷ് എന്നിവരുടെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച ഫൈസലിന്റെ മൃതദേഹം കൊയിലാണ്ടിയിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.
കുളിക്കാനിറങ്ങിയതല്ലെന്നും അഞ്ചുപേരും കൈപിടിച്ച് കടലില്‍ ഇറങ്ങുകയായിരുന്നുവെന്നും കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. അഞ്ചുപേരും ഇറങ്ങിയതിനിടെ ഒരാള്‍ വീണു. കൂടെയുണ്ടായിരുന്ന മൂന്നു പേര് വീണയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തിരയില്‍പെടുകയായിരുന്നു. ഇതോടെയാണ് നാലു പേരും തിരയില്‍പ്പെട്ടത്. ഒരാള്‍ വീഴാതെ രക്ഷപ്പെടുകയായിരുന്നു.
26 അംഗം സംഘം രാവിലെ അകലാപ്പുഴയിലും സന്ദര്‍ശനം നടത്തിയിരുന്നു. രാവിലെ ഏഴുമണിയോടെയാണ് വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ചത്. കല്‍പ്പറ്റയിലെ ബോഡി ഷേപ്പ് എന്ന പേരിലുള്ള ജിമ്മിലുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. വയനാട് കല്പറ്റ സ്വദേശി ഷറഫുവിന്റേതാണ് ജിം. ഷറഫു ഉള്‍പ്പെടെയുള്ളവരാണ് വിനോദ യാത്രയ്ക്ക് പോയത്. അഞ്ച് പേര് ഒരുമിച്ച് കൈപിടിച്ചാണ് കടലില്‍ ഇറങ്ങിയതെന്നും ഇതിനിടെ തിര അടിച്ച് വീഴുകയായിരുന്നുവെന്നും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജിന്‍സി പറഞ്ഞു.
https://www.facebook.com/Malayalivartha

























