പ്രശസ്ത സര്‍ജനും കോട്ടയം മെഡിക്കല്‍ കോളജിലെ ആദ്യ സൂപ്രണ്ടുമായ ഡോ. മാത്യു വര്‍ഗീസ് കുരുടാമണ്ണില്‍ അന്തരിച്ചു...

പ്രശസ്ത സര്‍ജനും കോട്ടയം മെഡിക്കല്‍ കോളജിലെ ആദ്യ സൂപ്രണ്ടുമായ ഡോ. മാത്യു വര്‍ഗീസ് കുരുടാമണ്ണില്‍ (94) അന്തരിച്ചു. മുന്നൂറോളം പാന്‍ക്രിയാറ്റിക് സര്‍ജറികള്‍ ചെയ്തിട്ടുള്ള ഡോ. മാത്യുവാണ് ലോകത്താദ്യമായി ട്രോപിക്കല്‍ കാല്‍കുലസ് ഓഫ് പാന്‍ക്രിയാറ്റെറ്റിസ് എന്ന രോഗാവസ്ഥയെപ്പറ്റി ഒരു ശാസ്ത്രീയ പ്രബന്ധമവതരിപ്പിച്ചത്.
തിങ്കള്‍ വൈകുന്നേരം 3 മുതല്‍ ചൊവ്വ രാവിലെ 10 വരെ ഗാന്ധിനഗര്‍ ചെമ്മനംപടിയിലെ വസതിയില്‍ പൊതുദര്‍ശനമുണ്ടാകും. വൈകുന്നേരം മൂന്നിന് പത്തനംതിട്ട അയിരൂരിലെ ശാലോം മാര്‍ത്തോമ പള്ളിയില്‍ ശുശ്രൂഷയ്ക്കു ശേഷം സംസ്കാരചടങ്ങുകള്‍ നടക്കും.
അതേസമയം പത്തനംതിട്ട ജില്ലയിലെ അയിരൂരില്‍ കുരുടാമണ്ണിലായിരുന്നു ഡോ. മാത്യുവിന്റെ കുടുംബം. പിതാവ് പ്രഫസറായിരുന്നു. അദ്ദേഹം ആന്ധ്രാപ്രദേശിലാണ് ജോലി ചെയ്തിരുന്നത്. അതുകൊണ്ട് മാത്യുവിന്റെ കുട്ടിക്കാലവും അവിടെയായിരുന്നു. 1947 ല്‍ മദ്രാസിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസും സര്‍ജറിയില്‍ സ്വര്‍ണമെഡലോടെ ബിരുദാനന്തര ബിരുദവും നേടിയ ശേഷം തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്റ് പ്രഫസറായി സര്‍ക്കാര്‍ സര്‍വീസില്‍ ചേരുകയായിരുന്നു.
പിന്നീട് ഇംഗ്ലണ്ടിലെത്തി എഫ്ആര്‍സിഎസ് നേടി. തിരിച്ചെത്തി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജോലിക്കു ചേര്‍ന്നു. അതിനു ശേഷം അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍നിന്ന് ഉന്നത ബിരുദം നേടി. 1963 മുതല്‍ 1986 ല്‍ വിരമിക്കുന്നതു വരെ കോട്ടയം ഗവ.മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ വിഭാഗം മേധാവി അടക്കമുള്ള ചുമതലകള്‍ വഹിച്ചിരുന്നു.
.
https://www.facebook.com/Malayalivartha

























