ബാര്‍ കോഴ : കെ.എം.മാണിക്കുമപ്പുറം ബാര്‍ കോഴയും കടന്ന് യു.ഡി.എഫ്

തുടക്കം മുതല്‍ ബാര്‍ കോഴ കൃത്യമായ തിരക്കഥയിലോടുന്ന ക്രൈം ത്രില്ലറായിരുന്നു ചാനലുകള്‍ക്ക്. എന്തും പറയാന്‍ മടിക്കാത്ത ബിജുരമേശ് എന്ന മദ്യരാജാവിനെ മുന്‍നിര്‍ത്തി പിന്നണിയില്‍ പോലീസ് ഉദ്യോഗസ്ഥരും, ചാനല്‍ പ്രമാണിയും ചില പത്രക്കാരും, രാഷ്ട്രീയക്കാരുമുള്‍പ്പെട്ട തികച്ചും പ്രൊഫഷണല്‍ ടീം. ക്വട്ടേഷന്‍ സംഘങ്ങളെപ്പോലെ തെളിവുകള്‍ നല്‍കാനും സാക്ഷി പട്ടികയിലെത്താനും ചിലര്‍.
ബാറുകള്‍ നഷ്ടപ്പെട്ട മദ്യമുതലാളിമാര്‍ക്ക് ബ്ലാക്ക്‌മെയിലിംഗ് തന്ത്രമൊരുക്കാന്‍ ആദ്യം വീണുകിട്ടിയ ഇരയായിരുന്നു കെ.എം.മാണി. മാണിയെ കുടുക്കാന്‍ മുഖ്യമന്ത്രിക്കും, ആഭ്യന്തരമന്ത്രിക്കും ആദ്യഘട്ടത്തില്‍ ഒരേ മനസ്സായിരുന്നു. എല്ലാക്കാലത്തും ബാര്‍ മുതലാളിമാര്‍ പണം പിരിക്കാറുണ്ട്. ഈ പണം ഇടതുവലതു ഭേദമില്ലാതെ എല്ലാ രാഷ്ട്രീയകക്ഷികളും വീതംവെച്ചെടുക്കാറുമുണ്ട്. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു വേളയില്‍ അവര്‍ കോടികള്‍ പിരിച്ചു. വിതരണം ചെയ്തു. വലതു ഭരണകക്ഷിയിലായതുകൊണ്ട് സിംഹഭാഗവും കൈക്കാലാക്കി. ഇടതില്‍ ചിലര്‍ക്കും കൊടുത്തെന്ന അണിയറക്കഥകളുമുണ്ട്.
ഇടതിലേക്കു ചാടാന്‍ നിന്ന മാണി കോണ്‍ഗ്രസിനും, ഇടതിലേക്കുവന്നാല്‍ തങ്ങള്‍ അപ്രസക്തരാകുമോ എന്നു കരുതിയ സി.പി.ഐയും, എല്‍.ഡി.എഫിലെത്തിയാല്‍ പിന്തുണ പിണറായിക്കുമായിരിക്കുമെന്ന ചിന്ത അച്യുതാനന്ദനും കെ.എം.മാണിയോട് പക മനസില്‍ വയ്ക്കാന്‍ കാരണമായി.
ബിജുരമേശ് എന്ന അധോലോക രാജാവിന് കയ്യില്‍ പണം ഇഷ്ടം പോലുളളതുകൊണ്ട് എന്തുകളിയും കളിക്കാം. പോരെങ്കില്‍ ശിവന്‍കുട്ടിയുടെയും വി.എസിന്റെ മകന്‍ അരുണ്‍കുമാറിന്റെയും ഉറ്റചങ്ങാതി. ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പ്രമുഖചാനലിന്റെ ന്യൂസ് ഹെഡ്. തലസ്ഥാനത്തെ ചില പത്രപ്രവര്‍ത്തകര്‍ ഉറ്റചങ്ങാതികള്‍. തിരുവനന്തപുരത്തെ പ്രമുഖ പത്രത്തിന്റെ മുതലാളിയുമായുളള ചങ്ങാത്തം. രമേശ് ചെന്നിത്തലയുടെ പിന്തുണ ഉറപ്പാക്കാന്‍ അടൂര്‍ പ്രകാശ്. അടൂര്‍പ്രകാശ് തയ്യാറാക്കിയ തിരക്കഥയില്‍ ആദ്യ രംഗം അടിച്ചുപൊളിച്ചു. പിന്നെ ബിജുവും ബാറുകാരും പലരെയും കയ്യിലെടുത്തു. റിപ്പോര്‍ട്ടര്‍ചാനലുടമ നികേഷ്‌കുമാറിനെ ഉള്‍പ്പെടെ രാഷ്ട്രീയവും ജാതിയും അതിരുകടന്ന കളിയായി കെ.എം.മാണിക്കെതിരെയുളള നീക്കം. പണം ആവശ്യമുളളവര്‍ക്ക് പണം നല്‍കാനും ബാറുടമകള്‍ മത്സരിച്ചു.
കെ.എം.മാണിക്കെതിരെയുളള ദൃശ്യരേഖയും ശബ്ദരേഖയും തന്റെ കൈയ്യിലുണ്ടെന്ന് പറഞ്ഞ് കൊഴുപ്പിച്ച കോഴയാരോപണം ഒടുവില്‍ സുഹൃത്തുക്കളെ വിളിച്ചുചേര്‍ത്തു വെടിവട്ടം പറയിച്ച് അതു റിക്കോര്‍ഡ് ചെയ്ത് എഡിറ്റ് ചെയ്ത് തെളിവുണ്ടാക്കി ബിജുരമേശ്. ഇതിനിടയില്‍ സി.പി.ഉദയഭാനുവും, സുകേശനും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനുമൊക്കെ ഈ കളിയില്‍ പങ്കാളികളായി.
റിപ്പോര്‍ട്ടറും, ഏഷ്യാനെറ്റും കളം കൊഴിപ്പിച്ചു. ചാനല്‍ ചര്‍ച്ചകളില്‍ കെ.എം.മാണിയെ അതിക്രൂരമായി വ്യക്തിഹത്യചെയ്തു. നേരമ്പോക്കു രൂപത്തിലായാലും അഡ്വ.ജയശങ്കര്‍ ഉള്‍പ്പടെയുളളവര്‍ മൃഗീയമായ കമന്റുകള്‍ പറഞ്ഞു. മാണിയുടെ രാജി ഏഷ്യാനെറ്റും റിപ്പോര്‍ട്ടറും വെല്ലുവിളിയായെടുത്തു.
ഇവിടെ കാണാതെ പോകുന്ന ചില ചോദ്യങ്ങളുണ്ട്. 25 കോടി പിരിച്ചെടുത്ത ബാറുകാര്‍ 24 കോടി എന്ന വലിയ ഭാഗം പങ്കിട്ടെടുത്ത ഉഗ്രനേതാക്കളെക്കുറിച്ചന്വേഷിക്കാന്‍ എന്തേ മടികാട്ടിയത്. 25 കോടി പിരിച്ചെങ്കില്‍ എന്തുകൊണ്ട് ഒരു സമഗ്രാന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ക്ക് വി.എസ്.അച്യുതാനന്ദന്‍ കത്തു നല്‍കിയില്ല. എന്തുകൊണ്ട് സുനില്‍കുമാറും ശിവന്‍കുട്ടിയും ഈ 25 കോടിയുടെ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസു കൊടുത്തില്ല.
ജനം ചിലതെല്ലാം സംശയിക്കുന്നു. ഈ ഇരുപത്തിയഞ്ച് കോടി ഇടതു വലതു രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ചു വീതിച്ചെടുത്തു എന്ന് പറയുന്ന ബി.ജെ.പിയുടെ നിരീക്ഷണം ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. കെ.എം.മാണിക്കപ്പുറം രമേശ് ചെന്നിത്തലയിലേക്കോ, ശിവകുമാറിലേക്കോ, അതിനുമപ്പുറത്തേക്കോ അന്വേഷണം വ്യാപിപ്പിക്കാന്‍ ഒരു രാഷ്ട്രീയ കക്ഷികളും ഇഷ്ടപ്പെടുന്നില്ല.
നിയമസഭയില്‍ ഇരുമുന്നണികളും കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ പരിഹസിക്കപ്പെടണം. ബാര്‍ മുതലാളിമാര്‍ വിലയ്‌ക്കെടുത്ത എം.എല്‍.എമാര്‍ അവര്‍ക്കുവേണ്ടി പൊരുതുന്നത് കാണുമ്പോള്‍ പരിഹാസ്യതയുളവാകുന്നു.
ദീര്‍ഘകാലം നിയമന്ത്രിയായിരുന്ന കെ.എം.മാണിക്ക് ശത്രുക്കള്‍ ഏറെയുണ്ട്. ജുഡീഷ്യറിയില്‍ പോലും, സ്വന്തം പാളയത്തില്‍ നിന്നും പുറത്തുപോയ പി.സി. ജോര്‍ജ്, ഏക്കാലത്തെയും രാഷ്ട്രീയ വൈരിയായിരുന്ന ബാലകൃഷ്ണപിളള ശത്രുനിര വളരെ ശക്തമാണ്. കെ.എം.മാണിക്കുമപ്പുറം ബാര്‍ കോഴ ഇടതുപക്ഷത്തെയും തിരിഞ്ഞുകൊത്തുന്ന വിചിത്രമായ കാഴ്ചയാണ് കേരളമിപ്പോള്‍ കാണുന്നത്. ബാര്‍ തുറക്കുമോ, ഇല്ലയോ എന്നുപോലും പറയാന്‍ സി.പി.എംനു പേടിച്ചിട്ടു കഴിയുന്നില്ല.
നമ്മുടെ രാഷ്ട്രീയ നേതൃത്വം ബാര്‍മുതലാളിമാരുടെ പണക്കൊഴുപ്പില്‍ തെന്നിവീഴരുത്. കെ.എം.മാണിക്കുമപ്പുറമുളള ബാര്‍ കോഴ രാഷ്ട്രീയമുണ്ട്. ഗൂഢാലോചനയായാലും ബ്ലാക്‌മെയിലിംങായാലും വ്യക്തിഹത്യയായാലും തിരിച്ചറിയേണ്ടതുണ്ട്.
ചാനല്‍ക്കഥകളില്‍, അജണ്ട നിശ്ചയിച്ചുളള ബ്ലാക്ക്‌മെയില്‍ തന്ത്രങ്ങളില്‍, അവതാരകരുടെ വ്യക്തിഹത്യക്കുമുന്‍പില്‍ അനേകവര്‍ഷങ്ങളുടെ രാഷ്ട്രീയ പാരമ്പര്യമുളളവരെ വ്യക്തിഹത്യചെയ്യുമ്പോള്‍ ചില മുന്‍കരുതലുകള്‍ വേണം. നാടകങ്ങള്‍ തിരിച്ചറിയണം. ഇവിടെ ജാതി ചിന്തകള്‍ പാടില്ല. വര്‍ഗീയതയുടെ നിറം കലരരുത്.
ഞങ്ങള്‍ കെ.എം.മാണിയെ ന്യായീകരിക്കാന്‍ ശ്രമിക്കുകയല്ല. എന്നാല്‍ കെ.എം.മാണിയില്‍ ബാര്‍ കോഴ അവസാനിക്കുമ്പോള്‍ ഇതിന്റെ പിന്നിലുളള അജണ്ടകള്‍ തിരിച്ചറിയേണ്ടതുണ്ട്. ബാര്‍ തുറപ്പിക്കാനുളള രാഷ്ട്രീയ നാടകത്തില്‍ മാണി കരുവാക്കപ്പെടുകയായിരുന്നുവെങ്കില്‍ അതു തുറന്നു പറയാന്‍ ചാനലുകളും മാധ്യമങ്ങളും കരുത്തു കാണിക്കണം. ബാര്‍ ഉടമകളുടെ ക്വട്ടേഷന്‍ ഏറ്റെടുക്കാത്ത നീതി ബോധമുളള മാധ്യമപ്രവര്‍ത്തകര്‍ ബാര്‍ കോഴയുടെ യഥാര്‍ത്ഥ വസ്തുതകള്‍ അന്വേഷിച്ചറിയേണ്ടതുണ്ട്.
ജനാതിപത്യപാര്‍ട്ടികല്‍ ചിലപ്പോഴെങ്കിലും ജനം അവിശ്വാസം കാണുമ്പോള്‍ ഒരു തിരുത്തല്‍ ശക്തിയായി വേണം മാധ്യമങ്ങള്‍ കരുത്തു കാട്ടന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha