വീരന്‍വിറച്ചു, ജനതാദള്‍ (യു)യുഡിഎഫില്‍ തന്നെ തുടരുമെന്ന് വീരേന്ദ്രകുമാര്‍,രാജ്യസഭാ സീറ്റിനു പുറമേ ജെ.ഡി.യു. ആവശ്യപ്പെടുന്ന നിയമസഭാ സീറ്റുകളും യു.ഡി.എഫ്. വാഗ്ദാനം

യു.ഡി.എഫില്‍ തുടരാനും നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയസാധ്യതയുള്ള മൂന്നു സീറ്റുകള്‍കൂടി ചോദിക്കാനും ജനതാദള്‍ (യു) തീരുമാനിച്ചു. കോഴിക്കോട്ട് സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറിന്റെ വസതിയില്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും സഹസംഘടനാ പ്രസിഡന്റുമാരുടെയും യോഗമാണു തീരുമാനമെടുത്തത്.
യു.ഡി.എഫ്. വിടണമെന്നും വേണ്ടെന്നും പാര്‍ട്ടിയില്‍ രണ്ടഭിപ്രായമുയര്‍ന്ന സാഹചര്യത്തിലാണു നേതൃയോഗം വിളിച്ചുചേര്‍ത്തത്. 14 ജില്ലാ കൗണ്‍സിലുകളില്‍ പന്ത്രണ്ടും യു.ഡി.എഫ്. വിട്ട് ഇടതുപക്ഷത്തേക്കു പോകണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി രമേശ് ചെന്നിത്തലയും വീരേന്ദ്രകുമാറിനെക്കണ്ടു വാഗ്ദാനങ്ങള്‍ നല്‍കിയതിനു പുറമേ പാര്‍ട്ടിയില്‍ മന്ത്രി കെ.പി. മോഹനനും മുന്നണി വിടാതിരിക്കാന്‍ സമ്മര്‍ദം ചെലുത്തി. രാജ്യസഭാ സീറ്റിനു പുറമേ ജെ.ഡി.യു. ആവശ്യപ്പെടുന്ന നിയമസഭാ സീറ്റുകളും യു.ഡി.എഫ്. വാഗ്ദാനം ചെയ്തിട്ടുണ്ട്. മൂന്നു സീറ്റുകള്‍ കൂടുതലായി ചോദിക്കാനാണു ജെ.ഡി.യു. നേതൃയോഗതീരുമാനം.
ബിഹാറില്‍ പാര്‍ട്ടിയുണ്ടാക്കിയ മഹാസഖ്യവിജയത്തിന്റെയും ദേശീയരാഷ്ട്രീയത്തിലെ പുതിയ സാഹചര്യത്തിന്റെയും വെളിച്ചത്തില്‍ യു.ഡി.എഫിനെ ശക്തിപ്പെടുത്തുമെന്നു യോഗശേഷം പത്രസമ്മേളനത്തില്‍ വീരേന്ദ്രകുമാര്‍ പറഞ്ഞു. മുന്നണി വിടണമെന്നു ജില്ലാ കൗണ്‍സിലുകളില്‍ അഭിപ്രായമുയര്‍ന്നിരുന്നു എന്നതു ശരിയാണ്. എന്നാല്‍, തീരുമാനമെടുക്കേണ്ടതു പാര്‍ട്ടി നേതൃത്വമാണ്. സംസ്ഥാന കൗണ്‍സില്‍ ഈമാസം അവസാനമോ അടുത്തമാസം ആദ്യമോ ചേരും. മുന്നണി വിടേണ്ട രാഷ്ട്രീയസാഹചര്യം ഇപ്പോഴില്ല. കേരളത്തില്‍ സംഘപരിവാറും ബി.ജെ.പിയും ശക്തിപ്പെടുകയാണ്. ഉത്തര്‍പ്രദേശിലും മറ്റും ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു പരാജയം നേരിട്ടപ്പോള്‍ കേരളത്തില്‍ ശക്തിയാര്‍ജിച്ചതു രാഷ്ട്രീയമായി വിലയിരുത്തണം. അതിന്റെകൂടി ഭാഗമായാണു യു.ഡി.എഫില്‍ തുടരാന്‍ തീരുമാനിച്ചത്. മന്ത്രി കെ.പി. മോഹനന്‍ പാര്‍ട്ടിക്കു വിരുദ്ധമായ നിലപാട് എടുത്തിട്ടില്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഷെയ്ക്ക് പി. ഹാരിസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി. കോരപ്പന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ജയരാജനെതിരായ യു.എ.പി.എ. പിന്‍വലിക്കണം: വീരേന്ദ്രകുമാര്‍
കോഴിക്കോട്: രാഷ്ട്രീയക്കാര്‍ക്കെതിരേ യു.എ.പി.എ. പോലുള്ള കരിനിയമങ്ങള്‍ പ്രയോഗിക്കരുതെന്നു ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍. സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ യു.എ.പി.എ. ചുമത്തിയതു തെറ്റാണ്, അതു പിന്‍വലിക്കണം. ജയരാജനെതിരേ യു.എ.പി.എ. ചുമത്തിയതു യു.ഡി.എഫ്. സര്‍ക്കാരല്ലേ എന്ന ചോദ്യത്തിന്, ആരായാലും പാടില്ലെന്നായിരുന്നു വീരേന്ദ്രകുമാറിന്റെ മറുപടി.യു.എ.പി.എ. ദേശദ്രോഹികള്‍ക്കെതിരേ ചുമത്തേണ്ടതാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് മിസയും പിന്നീടു ടാഡയും വന്നപ്പോള്‍ എതിര്‍ത്തവരാണു ഞങ്ങള്‍. അതേ കരിനിയമമാണ് ഇപ്പോഴത്തെ യു.എ.പി.എയും. സര്‍ക്കാരിനു വിരോധമുള്ളവരെ നശിപ്പിക്കാനുള്ള ആയുധമാണിതെന്നും അദ്ദേഹം ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha