ഉമ്മന്‍ചാണ്ടിയും അഞ്ചു വര്‍ഷം തികയ്ക്കുന്നു, പക്ഷേ....

കെ.കരുണാകരന് ശേഷം ഭരണത്തില്‍ അഞ്ചു വര്‍ഷം തികയ്ക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. കരുണാകരന്‍ നാലു തവണ മുഖ്യമന്ത്രിയായെങ്കിലും ഒരു തവണ മാത്രമേ കാലാവധി തികയ്ക്കാനായുള്ളൂ. 1982 മുതല്‍ 87 വരെയുള്ള മൂന്നാം ഊഴത്തിലായിരുന്നു അത്. പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്ത് നിന്നും വീശിയടിച്ച കൊടുങ്കാറ്റുകളെ അതിജീവിച്ച അതിസാഹസികമായ ഒരു യാത്രയിലൂടെയായിരുന്നു കരുണാകരന്‍ അഞ്ചു വര്‍ഷം പിന്നിട്ടത്. കരുണാകരനെ താഴെ ഇറക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ചതുരുപായങ്ങളും പ്രയോഗിക്കപ്പെട്ടു. പ്രതിഛായ ചര്‍ച്ചയുടെ പേരില്‍ അന്ന് നടന്ന അന്തര്‍നാടകങ്ങള്‍ക്ക് കണക്കില്ല. പലരും കാലിടറി വീണു.
കരുണാകരനുമായി തട്ടിച്ചു നോക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഭീഷണി ഉയര്‍ന്നില്ല എന്ന് വേണമെങ്കില്‍ പറയാനാവും. മുഖ്യശത്രുവാകേണ്ട ഐ ഗ്രൂപ്പ് കരുണാകരന് ശേഷം അനാഥാവസ്ഥയിലെത്തി പലതായി ചിതറിപ്പോയിരുന്നു. എല്ലാ കഷണങ്ങളെയും തടുത്ത് കൂട്ടി 'വിശാല ഐ' രൂപീകരിച്ച രമേശ് ചെന്നിത്തലയ്ക്ക് പക്ഷേ ഉമ്മന്‍ചാണ്ടിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താനായില്ല. നിയമസഭയില്‍ ഐ ഗ്രൂപ്പ് എം.എല്‍.എ മാരുടെ എണ്ണം കുറവായിരുന്നു എന്നതുകൂടാതെ കരുണാകരന്റെ കാലത്തേത് പോലെ ചാവേറുകളായി രണ്ടും കല്പിച്ച് രംഗത്തെത്താന്‍ ആരും ഉണ്ടായതുമില്ല. പലതവണ തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് ഷട്ടിലടിച്ച് അപമാനിതനായ ശേഷമാണ് മുഖ്യമന്ത്രിപദമോഹിയായ ഐ ഗ്രൂപ്പ് തലവനായ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര മന്ത്രിപദത്തിലെങ്കിലും കയറിപ്പറ്റാനായത്.
മുഖ്യമന്ത്രിക്കെതിരെ കലാപം ഉയര്‍ത്താനും നേതൃത്വ മാറ്റം ആവശ്യപ്പെടാനും പറ്റിയ സമയം ലോക്‌സഭാ തെരഞ്ഞെടുപ്പായിരുന്നു. ഐ ഗ്രൂപ്പ് അതിന് ചില തയ്യാറെടുപ്പുകളും നടത്തിയിരുന്നു. രാജ്യത്തുടനീളം കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍, കണക്കു കൂട്ടലുകളെ തെറ്റിച്ചു കൊണ്ട് പന്ത്രണ്ട് സീറ്റില്‍ യു.ഡി.എഫ് വിജയിച്ചു കയറിയതോടെ ഐ ഗ്രൂപ്പിന് നേതൃമാറ്റ ആവശ്യം പുറത്തെടുക്കാനാവാത്ത അവസ്ഥയായി.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ കൂടി വന്‍വിജയം നേടിയതോടെ ഉമ്മന്‍ചാണ്ടിക്കെതിരെ ഒരു നീക്കവും സാദ്ധ്യമല്ലാത്ത അവസ്ഥ വന്നു. കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വം ചരിത്രത്തിലെ തന്നെ ഏറ്റവും ദുര്‍ബലാവസ്ഥയിലായതിനാല്‍ ഡല്‍ഹിയില്‍ ചെന്നുള്ള കരുനീക്കങ്ങള്‍ക്കും പ്രസക്തി ഇല്ലാതായി. അടുത്ത അവസരമായിരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എട്ടുവര്‍ഷത്തിന് ശേഷം യു.ഡി.എഫിന് ആദ്യമായി തിരിച്ചടി ലഭിച്ചു എങ്കിലും നില തീരെ പരിതാപകരമായിപ്പോയില്ല. ജില്ലാ പഞ്ചായത്തുകളില്‍ ഒപ്പത്തിനൊപ്പം പിടിച്ചു നിന്നു. മൊത്തം നേടിയ വോട്ടുകളും രണ്ടു മുന്നണികള്‍ക്കും ഏതാണ്ട് ഒപ്പത്തിനൊപ്പമായിരുന്നു. നേതൃമാറ്റത്തിനുള്ള സമയം അവശേഷിച്ചിരുന്നില്ലെങ്കിലും ഐ ഗ്രൂപ്പ് രഹസ്യമായി ഒരു ശ്രമം നടത്താതിരുന്നില്ല. പക്ഷേ പാര്‍ട്ടി ഹൈക്കമാന്റിന്റെ ശക്തമായ നിലപാട് കാരണം ആ നീക്കം മുന്നോട്ട് പോയില്ല. അങ്ങനെ ചരിത്രത്തിലാദ്യമായി സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ഒരു ഭീഷണിയും നേരിടാതെയാണ് ഉമ്മന്‍ചാണ്ടി എന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി അഞ്ചു വര്‍ഷം തികയ്ക്കുന്നത്.
അതേ സമയം യു.ഡി.എഫിനുള്ളില്‍ അഞ്ചു വര്‍ഷം കൊണ്ട് ശൈഥില്യം വര്‍ദ്ധിക്കുന്നതാണ് കണ്ടത്. അഞ്ചാം മന്ത്രിയെ പിടിച്ചു വാങ്ങാനായെങ്കിലും ലീഗും കോണ്‍ഗ്രസും തമ്മിലുള്ള മല്ലയുദ്ധത്തിന് അത് വഴി തുറന്നു. ലീഗ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി തെരുവില്‍ ഏറ്റുമുട്ടി. തദ്ദേശ തിരഞ്ഞെടുപ്പിന് മലപ്പുറത്തെ 23 പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും ലീഗും തമ്മിലായിരുന്നു മത്സരം. അതിന്റെ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല.
മുന്നണിയിലെ പ്രബല കക്ഷിയായ കേരളാ കോണ്‍ഗ്രസ് എമ്മിനെ ബാര്‍കോഴ വിവാദം കോണ്‍ഗ്രസില്‍ നിന്ന് വല്ലാതെ അകറ്റി. ഇടതു മുന്നണിയിലേക്ക് ചാടിപ്പോകാനൊരുങ്ങിയ കെ.എം.മാണിയെ കുരുക്കാനാണ് കോണ്‍ഗ്രസ് ബാര്‍ കോഴക്കേസ് വഷളാക്കിയതെന്ന് മാണി ഗ്രൂപ്പുകാര്‍ വിശ്വസിക്കുന്നുണ്ട്. അതിന് അവര്‍ക്ക് തെളിവുകളുമുണ്ട്. ബാര്‍ കോഴയില്‍ മാണിക്കെതിരെ നടന്ന അന്വേഷണത്തിന്റെ സ്വഭാവം മാണിയെ കുരുക്കുന്ന തരത്തിലായിരുന്നു. മാണിക്കെതിരെ എഫ്.ഐ.ആറിട്ട് കേസെടുത്തതു തന്നെ അനാവശ്യമായിരുന്നു എന്നാണ് മാണി ഗ്രൂപ്പുകാര്‍ കരുതുന്നത്. അവസാന അന്വേഷണത്തില്‍ മാണി ക്‌ളീനാണെന്ന് തെളിയുകയും ചെയ്തു. അപ്പോള്‍ തുടക്കത്തില്‍ നടന്ന സര്‍ക്കസുകള്‍ എന്തിന് വേണ്ടിയായിരുന്നു എന്ന മാണി ഗ്രൂപ്പുകാരുടെ ചോദ്യത്തില്‍ കഴമ്പുണ്ട്. ബാര്‍ കോഴ വിവാദത്തില്‍ ഗൂഢാലോചന നടന്നു എന്ന് മാണി ഗ്രൂപ്പുകാര്‍ പറയുന്നത് അന്വേഷണ ഉദ്യോഗസ്ഥനായ സുകേശനും ബിജു രമേശും തമ്മിലും ബിജു രമേശും ഇടതു മുന്നണിയും തമ്മിലും നടന്നതായി പറയുന്ന ഗൂഢാലോചനകളെക്കുറിച്ചല്ല.
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിന്റെ രഹസ്യ നീക്കങ്ങളെക്കുറിച്ചാണ്. ബാര്‍ കോഴ വിവാദത്തില്‍ നിന്ന് കോണ്‍ഗ്രസുകാരനായ കെ.ബാബുവനെ രക്ഷിച്ചെടുക്കാന്‍ കഴിഞ്ഞവര്‍ക്ക് എന്തു കൊണ്ട് മാണിയെ രക്ഷിക്കാനായില്ല എന്ന ഇരട്ട നീതിചോദ്യം രണ്ടു കക്ഷികളും തമ്മിലുള്ള ബന്ധത്തില്‍ വീഴ്ത്തിയ വിള്ളല്‍ വളരെ വലുതാണ്. ബാബുവിന് മന്ത്രിസ്ഥാനത്ത് മടങ്ങി എത്താനായെങ്കിലും മാണിക്ക് അതിന് കഴിയുന്നില്ല. മാണിക്ക് മറ്റെങ്ങും പോകാന്‍ നിര്‍വാഹമില്ലാത്തതു കൊണ്ടു മാത്രം യു.ഡി.എഫില്‍ പിടിച്ചു നില്‍ക്കുന്നു.
ജെ.ഡി.യുവായി രൂപാന്തരം പ്രാപിച്ച പഴയ സോഷ്യലിസ്റ്റ് ജനത മിഴിയിങ്ങും മനമങ്ങും എന്ന അവസ്ഥയിലാണ്. കഴിഞ്ഞ കാലങ്ങളില്‍ സി.പി.എം തന്നെക്കുറിച്ച് നടത്തിയ അപവാദ പ്രചാരണങ്ങളെല്ലാം പൊറുക്കാന്‍ തയ്യാറായ എം.പി.വീരേന്ദ്രകുമാര്‍ തനിക്കെന്നും ഇടതു പക്ഷ മനസ്സാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഇടത് ആഭിമുഖ്യം ആവര്‍ത്തിച്ച് പ്രകടമാക്കുന്നു. എം.പി.വീരേന്ദ്രകുമാറിന്റെ പുസ്തകം പിണറായി വിജയന്‍ പ്രകാശനം ചെയ്യുന്ന അത്ഭുതവും കാണാന്‍ കഴിഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്ട് എം.പി.വീരേന്ദ്രകുമാറിനുണ്ടായ നാണം കെട്ട പരാജയം കോണ്‍ഗ്രസുകാര്‍ സംഭാവന ചെയ്തതാണെന്നാണ് വീരേന്ദ്രകുമാറിന്റെ വിശ്വാസം. കോഴിക്കോട് ജില്ലാ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഉള്‍പ്പെടെ കോണ്‍ഗ്രസുകാരുടെ വാഗ്ദാനങ്ങളെല്ലാം പാഴായി എന്നതിനോടൊപ്പം പഞ്ചായത്ത് തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസുകാര്‍ തങ്ങളെ കാലുവാരിയെന്ന പരാതിയും ജെ.ഡി.യുവിനുണ്ട്. പക്ഷേ മന്ത്രി കെ.പി.മോഹനന്‍ കൂടെ വരാത്തതു കൊണ്ട് അവര്‍ക്ക് മുന്നണി വിടാനാവുന്നില്ല. അടുത്ത മാസം കിട്ടാന്‍ പോകുന്ന രാജ്യസഭാ സീറ്റെന്ന പ്രലോഭനവും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ കോണ്‍ഗ്രസ് അനുകൂല നിലപാടും അവരെ യു.ഡി.എഫില്‍ പിടിച്ചു നിര്‍ത്തുന്നു.
യു.ഡി.എഫിലെ ചെറു പാര്‍ട്ടികള്‍ക്കെല്ലാം കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കഷ്ടകാലമായിരുന്നു. വിചിത്രമായ കലഹങ്ങള്‍ക്ക് ശേഷം ആര്‍.ബാലകൃഷ്ണപിള്ളയുടെ കേരളാ കോണ്‍ഗ്രസ് (ബി) യു.ഡി.എഫില്‍ നിന്ന് പുറത്ത് പോയി. ഗൗരിഅമ്മയുടെ ജെ.എസ്.എസും എം.വി.രാഘവന്റെ സി.എം.പിയും പിളര്‍ന്നു.ഒരുപാട് പഴി കേള്‍ക്കാന്‍ വഴി വച്ചു കൊണ്ടാണ് ആര്‍.ബാലകൃഷ്ണപിള്ളയെ തടവില്‍ നിന്ന് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ മോചിതനാക്കിയത്. അന്ന് തുടങ്ങി ആപത്തും. ആദ്യം മകന്‍ കെ.ബി.ഗണേശ്കുമാറിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നായിരുന്നു പിള്ളയുടെ ആവശ്യം. ഒടുവില്‍ പുറത്തായപ്പോള്‍ തിരികെ അകത്ത് കയറ്റണമെന്നും. രണ്ടു കാര്യത്തിലും അങ്ങേ അറ്റം വരെ പോകുന്ന തീവ്രനിലപാടാണ് പിള്ള സ്വീകരിച്ചത്. ഇപ്പോള്‍ യു.ഡി.എഫിന്റെ ഏറ്റവും വലിയ ശത്രുവാണ് പിള്ള. കോണ്‍ഗ്രസിനെ നാണം കെടുത്തിയ സരിതയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലും കേരളാ കോണ്‍ഗ്രസ് ബിയുടെ കരങ്ങള്‍ കാണുന്നവരുണ്ട്, യു.ഡി.എഫില്‍.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചേര്‍ത്തലയിലെ തോല്‍വിയെത്തുടര്‍ന്ന് യു.ഡി.എഫില്‍ നിന്നകന്ന കെ.ആര്‍.ഗൗരിഅമ്മ സി.പി.എമ്മില്‍ തിരിച്ചെത്തുന്നതിനാണ് ശ്രമിച്ചത്. പിണറായിയും ഗൗരിഅമ്മയും തമ്മില്‍ നേരിട്ടും ചര്‍ച്ച നടന്നു. സി.പി.എം ഗൗരിഅമ്മയ്ക്കായി ഒടുവില്‍ വാതില്‍ തുറന്നിട്ടപ്പോള്‍ ദുരൂഹ കാരണങ്ങളാല്‍ ഗൗരിഅമ്മ പിന്മാറി. പകരം ഇടതു മുന്നണിയില്‍ ഘടക കക്ഷിയാകാം എന്ന നിലപാടെടുത്തു. അതിനിടയില്‍ പാര്‍ട്ടിയും പിളര്‍ന്നു. എ.എന്‍.രാജന്‍ബാബുവിന്റെ നേതൃത്വത്തില്‍ ഒരു കഷണം യു.ഡി.എഫില്‍ നില്ക്കുന്നു.
എം.വി.രാഘവന്റെ മരണത്തെത്തുടര്‍ന്ന് പിന്തുടര്‍ച്ചാ തര്‍ക്കവും സ്വത്ത് തര്‍ക്കവുമാണ് സി.എം.പിയെ പിളര്‍ന്നത്. അരവിന്ദാക്ഷന്റെ നേതൃത്വത്തില്‍ ഒരു കഷണം ഇടതു മുന്നണിയിലും സി.പി.ജോണിന്റെ നേതൃത്വത്തിലുള്ള വിഭാഗം യു.ഡി.എഫിലും നില്‍ക്കുന്നു. ഈ മൂന്ന് സംഭവവികാസങ്ങളും യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടിയില്‍ സി.പി.എമ്മുമായി കലഹിച്ച് ഇടതുമുന്നണി വിട്ട് വന്ന ആര്‍.എസ്.പി യു.ഡി.എഫിന് നല്‍കിയ കരുത്തും ആത്മവിശ്വാസവും ചെറുതായിരുന്നില്ല. നേരിയ ഭൂരിപക്ഷത്തിന്റെ ശ്വാസംമുട്ടല്‍ മാറിക്കിട്ടിയത് ആര്‍.എസ്.പിയുടെ വരവോടെയാണ്. പക്ഷേ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണം അവസാനിക്കുമ്പോള്‍ ആര്‍.എസ്.പിക്കാര്‍ അത്ര സന്തോഷത്തിലല്ല. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസിനോട് കൂട്ടുകൂടാന്‍ സി.പി.എമ്മും ശ്രമിക്കുന്നു എന്നതാണ് ആര്‍.എസ്.പിക്ക് ആശ്വാസം പകരുന്ന ഏകഘടകം. എന്നാല്‍ കോവൂര്‍കുഞ്ഞുമോന്‍ എം.എല്‍.എ മുന്നണി വിട്ടത് രാഷട്രീയമായി ആര്‍.എസ്.പിക്കും യു.ഡി.എഫിനും തിരിച്ചടിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha