സുരേഷ് ഗോപി ആശാവര്‍ക്കര്‍മാര്‍ക്ക് കുട കൊടുത്താല്‍ മാത്രമല്ല, മുത്തം കൊടുത്താലും തെറ്റില്ല: കെ എന്‍ ഗോപിനാഥന് മറുപടി നല്കി കെ സുരേന്ദ്രന്

കേരളം ഒറ്റക്കെട്ടായി കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കേണ്ടവരാണ് ആശ വര്‍ക്കര്‍മാര്‍. എന്താ തെറ്റുള്ളത്? കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ആശാവര്‍ക്കര്‍മാര്‍ക്ക് കുട കൊടുത്താല്‍ മാത്രമല്ല, മുത്തം കൊടുത്താലും തെറ്റില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ കാണാന്‍ വന്ന സുരേഷ് ഗോപി കുട നല്‍കിയതില്‍ സിഐടിയു നേതാവ് കെ എന്‍ ഗോപിനാഥ് പരിഹസിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുരേഷ് ഗോപിഎല്ലാവര്ക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയും കൂടി കൊടുത്തോ എന്നറിയില്ലെന്നായിരുന്നു ഗോപിനാഥന്റെ പരിഹാസം.
'കേരളം ഒറ്റക്കെട്ടായി കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കേണ്ടവരാണ് ആശ വര്‍ക്കര്‍മാര്‍. എന്താ തെറ്റുള്ളത്? ഞങ്ങള്‍ അതില്‍ ഒരു അശ്ലീലവും കാണുന്നില്ല. സുരേഷ് ഗോപി കുട കൊടുത്താല്‍ മാത്രമല്ല, മുത്തം കൊടുത്താലും തെറ്റില്ല. മുത്തം കൊടുക്കാന്‍ യോഗ്യരായിട്ടുള്ളവരാണ് ആശാവര്‍ക്കര്‍മാര്‍. നാടിന്റെ മണിമുത്തുകളാണവര്‍. അവരെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്താല്‍ ഒരു തെറ്റുമില്ല.
കേന്ദ്രം അനാവശ്യമായി ഒരു പൈസ പോലും പിടിച്ചുവയ്ക്കില്ല. കേരള സര്‍ക്കാര്‍ ചെയ്യേണ്ട ഒരു കാര്യവും ചെയ്യാതെ കേന്ദ്രവിരുദ്ധ നിലപാട് സ്വീകരിച്ച് തടിതപ്പാനാണ് ശ്രമിക്കുന്നത്. ആശാവര്‍ക്കര്‍മാര്‍ക്ക് അറിയാം എന്താണ് സംഭവിക്കുന്നതെന്ന്. 2014ന് മുന്‍പ് ആശാവര്‍ക്കര്‍മാര്‍ക്കും അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ലഭിക്കുന്നതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ ലഭിക്കുന്നത്. എല്ലാ സംസ്ഥാന സര്‍ക്കാരുകളും ആശാ വര്‍ക്കര്‍മാര്‍ക്ക് കേരളത്തെക്കാള്‍ കൂടുതല്‍ ശമ്പളം നല്‍കുന്നുണ്ട്. പതിവ് പല്ലവി വിജയിക്കാന്‍ പോവുന്നില്ല. വീഴ്ച കേന്ദ്രത്തിന്റേത് അല്ല. സംസ്ഥാന സര്‍ക്കാരിന്റേതാണ്'- അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ ഗോപിനാഥ് സുരേഷ് ഗോപിയെ പരിഹസിച്ച് പറഞ്ഞത് ഇങ്ങനെ, 'സമരനായകന് സുരേഷ് ഗോപി എത്തുന്നു സമരകേന്ദ്രത്തില്‍. എല്ലാവര്ക്കും കുട കൊടുക്കുന്നു. ഇനി ഉമ്മ കൂടി കൊടുത്തോ എന്നറിയില്ല. നേരത്തെ അങ്ങനെ കൊടുക്കുന്ന പതിവുണ്ടായിരുന്നു. ആരോ ഒന്ന് രണ്ട് പേര് പരാതിപ്പെട്ടതോടെ ഉമ്മ കൊടുക്കല്‍ നിര്‍ത്തിയെന്ന് തോന്നുന്നു. ഇപ്പോള്‍ കുട കൊടുത്തെന്ന് കേട്ടു. കുട കൊടുക്കുന്നതിന് പകരം ഓണറേറിയത്തിന്റെ കാര്യം പാര്‍ലമെന്റില്‍ പറഞ്ഞ് എന്തെങ്കിലും നേടിക്കൊടുക്കേണ്ടേ? ആ ഓഫറുമായിട്ട് വേണ്ടെ സമരപ്പന്തലില്‍ വരാന്‍'- കെ എന്‍ ഗോപിനാഥ് പറഞ്ഞു.
https://www.facebook.com/Malayalivartha

























