വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കൊലപാതകങ്ങള്‍ നടന്ന് എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അഫാനെ ജയിലിലേക്ക് മാറ്റിയത്. കഴിഞ്ഞ ശനിയാഴ്ച തന്നെ അഫാനെ ജയിലിലേക്ക് മാറ്റുമെന്ന് പറഞ്ഞിരുന്നുവെങ്കിലും മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജയിലിലേക്ക് മാറ്റാതിരുന്നത്.
ഇന്നലെ കാമുകിയെയും അനുജനെയും കൊന്ന കേസില്‍ വെഞ്ഞാറമൂട് പൊലീസ് അഫാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ നാളെ അഫാനെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം. കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ എലിവിഷം കഴിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 90 ദിവസത്തിനകം കുറ്റപ്പത്രം നല്‍കാനാണ് പൊലീസ് നീക്കം.
പ്രതി അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് ഇന്നലെ അറിയിച്ചിരുന്നു. പൂര്‍ണ ബോധത്തോടെയാണ് ഇയാള്‍ കൂട്ടക്കൊല നടത്തിയതെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. സാമ്പത്തിക ബാദ്ധ്യത തന്നെയാണ് എല്ലാവരെയും കൊന്ന് ജീവനൊടുക്കാന്‍ പ്രേരണയായതെന്നാണ് അഫാന്‍ പൊലീസിന് വീണ്ടും മൊഴി നല്‍കിയത്. താന്‍ ഒറ്റയ്ക്ക് മരിച്ചാല്‍ അനുജനും അമ്മയ്ക്കും ആരും ഉണ്ടാകില്ല. അവര്‍ നരകിക്കും. അതു താങ്ങാനാകില്ല. കാമുകിയും ഒറ്റയ്ക്കാകും. അവളെ ഒറ്റയ്ക്ക് ഉപേക്ഷിച്ചുപോകാന്‍ മനസു വന്നില്ല. വലിയ ഉപ്പയും ഭാര്യയും ഉമ്മുമ്മയും തങ്ങളുടെ ബുദ്ധിമുട്ടിനെക്കുറിച്ച് മനസിലാക്കി സഹായിച്ചില്ല. അതിനാല്‍ അവരും ജീവിക്കേണ്ട എന്ന് കരുതിയതെന്നുമാണ് അഫാന്‍ മൊഴി നല്‍കിയത്.
സംഭവദിവസം അഫാന്‍ മദ്യം കഴിച്ചിരുന്നതായും വ്യക്തമായി. എന്നാല്‍ രാസലഹരി ഉപയോഗിച്ചിരുന്നോ എന്നതില്‍ വ്യക്തത തേടി രക്തപരിശോധ നടത്തിയതിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ഉറ്റബന്ധുക്കളായ മൂന്നുപേരെക്കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായും അഫാന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 'തട്ടത്തുമലയില്‍ താമസിക്കുന്ന ഉമ്മയുടെ ബന്ധുക്കളായ അമ്മയെയും മകളെയും വെഞ്ഞാമൂടുള്ള മാമനെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍, അനുജനെ തലയ്ക്കടിച്ച് കൊന്നതോടെ തന്റെ മനോവീര്യം നഷ്ടമായി. തളര്‍ന്നുപോയി. അല്ലെങ്കില്‍ അവരേയും കൊല്ലുമായിരുന്നു' എന്നാണ് അഫാന്റെ വെളിപ്പെടുത്തല്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാനസികനില പരിശോധിച്ച മനോരോഗ വിദഗ്ദ്ധനോടാണ് പ്രതി ഇക്കാര്യം പറഞ്ഞത്. മനോരോഗ വിദഗ്ദ്ധന്‍ ഇത് പൊലീസിനെ അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























