ദിവസവും 10000 രൂപയോളം വിവിധ സാമ്പത്തിക ഇടപാടുകാർക്ക് നൽകേണ്ട വിധത്തിൽ കടക്കെണിയിലായിരുന്നു അഫാൻ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്തേക്ക്

വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ദിവസവും 10000 രൂപയോളം വിവിധ സാമ്പത്തിക ഇടപാടുകാർക്ക് നൽകേണ്ട വിധത്തിൽ കടക്കെണിയിലായിരുന്നു അഫാൻ എന്നാണ് കണ്ടെത്തൽ. പ്രതിദിന പിരിവ് അടിസ്ഥാനത്തിൽ ആയിരുന്നു വായ്പകളിൽ ഏറെയും.
പാങ്ങോട് താമസിക്കുന്ന മുത്തശ്ശിയെ കൊലപ്പെടുത്തി തട്ടിയെടുത്ത സ്വർണ്ണം പണയം വച്ചതിൽ 40,000 രൂപ കല്ലറയിലെ ക്യാഷ് ഡിപ്പോസിറ്റ് മെഷീനിൽ നിക്ഷേപിച്ച ശേഷമാണ് അഫാൻ പലർക്കും ഗൂഗിൾ പേ വഴി പണം അയച്ചതെന്നു കണ്ടെത്തി. പണം കൊടുത്തതിൽ മാണിക്കൽ പഞ്ചായത്തിലെ സഹകരണ സ്ഥാപനത്തിലെ പ്രതിദിന കളക്ഷൻ ഏജന്റും ഉൾപ്പെടുന്നു.
കടബാധ്യത സംബന്ധിച്ച് അഫാന്റെ പിതാവും അഫാനും രണ്ട് മൊഴികൾ ആണ് പറയുന്നത്. അഫാന്റെ മൊഴിയും പിതാവ് അബ്ദുൽ റഹീം നൽകിയ വിവരങ്ങളും തമ്മിൽ ഉള്ള പൊരുത്തക്കേടിൽ ഇതുവരെയും ഒരു വ്യക്തത വരുത്താൻ പോലീസിന് സാധിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























