ഷെമിയും, അർഫാനും ഓടിനടന്നത് ആ വ്യക്തിക്ക് 5000രൂപ നൽകാൻ; മൊഴികളിൽ അവ്യക്തത...

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ 8 ദിവസങ്ങൾക്ക് ശേഷം സെൻട്രൽ ജയിലിലേക്ക് കഴിഞ്ഞ ദിവസമാണ് മാറ്റിയത്. ഇതുവരെയും കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. അഫാൻ്റെ മൊഴികളിലെ അവ്യക്തതയാണ് പൊലീസിനെ കുഴക്കുന്നത്. അഫാന്‍ എന്തുകൊണ്ടാണ് കൊലപാതകങ്ങള്‍ക്ക് ചുറ്റിക തിരഞ്ഞെടുത്തതെന്ന നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്ന് പൊലീസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാൽ ഈ ഘട്ടത്തില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചുറ്റിക തിരഞ്ഞെടുത്തിനെക്കുറിച്ച് അറിയാന്‍ സൈബര്‍ പൊലീസ് അഫാന്റെ ഫോണും ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ വിവരങ്ങളും പരിശോധിച്ചിരുന്നു. കൂടാതെ അഫാന്റെ രാത്രി സഞ്ചാരങ്ങളും അന്വേഷണ വിധേയമാക്കിട്ടുണ്ട്. കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ ഉടൻ നൽകും, പിന്നാലെ തെളിവെടുപ്പും ഉണ്ടാകും. അഫാന്‍, മാതാവ് ഷെമി എന്നിവര്‍ സംഭവം നടന്നതിന്റെ തലേന്ന് 50,000 രൂപ വായ്പ ലഭിക്കുന്നതിനു വേണ്ടി വിവിധ സ്ഥലങ്ങളിലുള്ളവരെ സന്ദര്‍ശിച്ചതായി പൊലീസിനു വിവരം ലഭിച്ചു. ഇതിന്റെ ഭാഗമായാണ് ഇരുവരും തട്ടത്തുമലയിലെ ബന്ധുവീട്ടില്‍ എത്തിയത്. തട്ടത്തുമലയില്‍ താമസിക്കുന്ന ബന്ധുവിന്റെ ചെറുമകളുടെ കൈവശം സ്വര്‍ണാഭരണം ഉണ്ടായിരുന്നത് ലക്ഷ്യമിട്ടാണ് ഇരുവരും വായ്പ വാങ്ങാന്‍ എത്തിയതെന്നാണു സംശയിക്കുന്നത്.
എന്നാല്‍ സ്വര്‍ണമോ പണമോ ലഭിച്ചില്ല. മാതാവിനൊപ്പം തട്ടത്തുമലയില്‍ എത്തിയ അഫാന്‍ വീട്ടുകാര്‍ ക്ഷണിച്ചിട്ടും വീടിനുള്ളിലേക്ക് കയറിയില്ല. വായ്പ ലഭിക്കാതെ വന്നപ്പോള്‍ മാതാവ് പുറത്തെത്തി ഇരുവരും പേരുമലയിലേക്ക് തിരിക്കുകയായിരുന്നു. എന്നാല്‍ കൊലപാതകങ്ങള്‍ നടക്കുന്ന ദിവസം രാവിലെ വീണ്ടും ഷെമി പ്രതീക്ഷ കൈവിടാതെ വീണ്ടും തട്ടത്തുമലയിലെ ബന്ധുവിനെ വിളിച്ചു. അപ്പോഴും കൈവശം പണം ഇല്ലെന്ന മറുപടിയാണ് നല്‍കിയതെന്നും പൊലീസിനോട് ബന്ധു പറഞ്ഞു. ഈ 50,000 രൂപ ആര്‍ക്ക് നല്‍കാന്‍ വേണ്ടിയാണ് മാതാവും മകനും ഓടി നടന്നതെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അഫാന്‍ പാങ്ങോട് എത്തി കൊല നടത്തിയതിനു ശേഷം സ്വര്‍ണമാലയുമായി വെഞ്ഞാറമൂട്ടില്‍ എത്തി പണയം വച്ച് പണം വാങ്ങി. അതില്‍ നിന്നും ഒരു തുക ആര്‍ക്കോ അയച്ചു കൊടുത്തുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. കുടുംബത്തിന് കടബാധ്യതയില്ലെന്ന് പിതാവ് അബ്ദുല്‍ റഹീം പറഞ്ഞെങ്കിലും, പൊലീസ് കടബാധ്യത സ്ഥിരീകരിച്ചിട്ടണ്ട്. അഫാന്റെയും അമ്മ ഷെമിയുടെയും ജീവിതശൈലിയാണ് കടംപെരുകാന്‍ കാരണമെന്നും വിലയിരുത്തല്‍.
അഫാന്റെ ബന്ധുക്കൾ, പണം കടം വാങ്ങിയവർ എന്നിവരുടെയെല്ലാം മൊഴി പൊലീസ് രേഖപ്പെടുത്തി വരികയാണ്. ഇവരിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിൽ 90 ദിവസത്തിനകം കുറ്റപത്രം നൽകാനാണ് പൊലീസ് നീക്കം. കൊലപാതകങ്ങൾക്ക് പിന്നാലെ എലി വിഷം കഴിച്ച് ആത്മഹത്യചെയ്യാൻ ശ്രമിച്ച അഫാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിൽ പ്രതിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല എന്ന ജനറൽ മെഡിസിൻ ഡോക്ടറുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഇയാളെ ജയിലിലേക്ക് മാറ്റിയത്. അഫാന് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചനകൾ. എന്നാൽ ഇത് തള്ളിയായിരുന്നു മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. പൂർണബോധ്യത്തോടെയാണ് ഇയാൾ കൂട്ടക്കൊല ചെയ്തതെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കിയിരുന്നു.
സാമ്പത്തിക പ്രശ്‌നങ്ങളെത്തുടർന്നാണ് കൂട്ടക്കൊല നടത്തിയതെന്നാണ് അഫാൻ പൊലീസിന് നൽകിയ മൊഴി. കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാൻ സാധിക്കാതെ വന്നപ്പോൾ കുടുംബം ഒന്നായി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്ന് അഫാൻ പൊലീസിനോട് പറഞ്ഞിരുന്നു. ഉമ്മയ്ക്കും സഹോദരനുമൊപ്പം താനും ജീവനൊടുക്കാനായിരുന്നു പദ്ധതി. എന്നാൽ ആത്മഹത്യ ചെയ്യുമ്പോൾ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയുണ്ടായി. ഇതോടെ എല്ലാവരേയും കൊല്ലാമെന്ന നിഗമനത്തിലെത്തുകയായിരുന്നു.
ഉമ്മയേയും സഹോദരനേയും കൊലപ്പെടുത്താനായിരുന്നു ആദ്യം പദ്ധതിയിട്ടതെന്നും അഫാൻ മൊഴി നൽകിയിരുന്നു. വീട്ടിലെ ചെലവുകൾക്കും മറ്റുമായി ഉമ്മ നിരന്തരം പണം കടംവാങ്ങിയിരുന്നതായും അഫാൻ പറഞ്ഞിരുന്നു. ഏകദേശം 65 ലക്ഷം രൂപയുടെ ബാധ്യതയായി ഇത് മാറി. പ്രധാനമായും പന്ത്രണ്ട് പേരിൽ നിന്നാണ് പലപ്പോഴായി പണം കടം വാങ്ങിയിരുന്നത്. ഒരാളിൽ നിന്ന് വാങ്ങിയ കടം വീട്ടിയിരുന്നത് മറ്റൊരാളിൽ നിന്ന് വീണ്ടും കടംവാങ്ങിയായിരുന്നുവെന്നും അഫാൻ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























