മിഷേല്‍ ഷാജിയുടെ മരണം ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും എവിടെയും എത്തിയില്ല: സിബിഐ അന്വേഷിക്കണമെന്നു കുടുംബം ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി: നീതി തേടി കുടുംബം

മിഷേല്‍ ഷാജിയെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിട്ട് 8 വര്‍ഷമാകുമ്പോഴും നീതി തേടി കുടുംബം. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും എവിടെയും എത്താത്ത കേസ് സിബിഐ അന്വേഷിക്കണമെന്നു കുടുംബം ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി. ക്രൈംബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ അതിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുള്ള നിയമവഴി തേടാമെന്നാണു കുടുംബത്തിന്റെ പ്രതീക്ഷ. എന്നാല്‍ ഇതും നീണ്ടുപോവുകയാണ്.
പിറവം മുളക്കുളം വടക്കേക്കര പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ ഷാജി വര്‍ഗീസിന്റെയും സൈലമ്മയുടെയും മകളായ മിഷേലിനെ 2017 മാര്‍ച്ച് അഞ്ചിനാണ് കൊച്ചിയില്‍ കാണാതായത്. അന്നു വൈകിട്ട് അഞ്ചിന് കലൂര്‍ സെന്റ് ആന്റണീസ് പള്ളിയിലെത്തി മടങ്ങുന്ന മിഷേലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പിറ്റേന്ന് മൃതദേഹം കൊച്ചി കായലില്‍ കണ്ടെത്തി. മിഷേലിനെ കാണാനില്ലെന്നു മാതാപിതാക്കള്‍ അന്നുതന്നെ സ്റ്റേഷനിലെത്തി പരാതിപ്പെട്ടിട്ടും അന്വേഷണം തുടങ്ങാനോ പരാതി സ്വീകരിക്കാനോ പൊലീസ് തയാറായില്ലെന്നു മാതാപിതാക്കള്‍ പറഞ്ഞു.
ക്രൈംബ്രാഞ്ച് പിന്നീട് കേസന്വേഷണം ഏറ്റെടുത്തു. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണവും മിഷേല്‍ ആത്മഹത്യ െചയ്തതാണ് എന്ന ദിശയില്‍ നീങ്ങിയതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണപരിധി വിപുലപ്പെടുത്തി അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ച് കോടതി ഈ ആവശ്യം തള്ളി. അന്വേഷണസംഘം ഡിസംബറില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. പിന്നീട് 2 മാസം കൂടി സമയം അനുവദിച്ചു. എന്നാല്‍ ഫെബ്രുവരി അവസാനം വരെ റിപ്പോര്‍ട്ട് ആയിട്ടില്ലെന്ന് മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസ് പറഞ്ഞു.
''അന്വേഷണം അനന്തമായി നീളുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ വന്ന് പഴയ കാര്യങ്ങളൊക്കെ വീണ്ടും ചോദിച്ചറിഞ്ഞു പോയി. അവര്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കില്‍ അതു ചൂണ്ടിക്കാട്ടിയെങ്കിലും കോടതിയില്‍ പോയി സിബിഐ അന്വേഷണം ആവശ്യപ്പെടാമായിരുന്നു. എന്നാല്‍ ആത്മഹത്യയാണെന്നു പറയുമ്പോള്‍ അതിന്റെ തെളിവ്് ഹാജരാക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍ വൈകുന്നത്''- ഷാജി വര്‍ഗീസ് പറഞ്ഞു.
മിഷേലിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നു മാര്‍ച്ച് നാലിന് എറണാകുളം മുളക്കുളം കര്‍മ്മേല്‍ക്കുന്ന് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ചേര്‍ന്ന വടക്കന്‍ മേഖല വൈദിക സമ്മേളനം ആവശ്യപ്പെട്ടു. കണ്ടനാട് ഈസ്റ്റ്, കണ്ടനാട് വെസ്റ്റ്, കൊച്ചി, അങ്കമാലി, തൃശൂര്‍ ഭദ്രാസനങ്ങള്‍ ഉള്‍പ്പെടുന്ന യോഗമാണു ചേര്‍ന്നത്. മിഷേല്‍ മരിച്ചതിന്റെ എട്ടാം വാര്‍ഷികത്തില്‍ ഇടവക പള്ളിയായ മുളക്കുളത്ത് ഞായറാഴ്ച പ്രാര്‍ഥനയും പ്രതിഷേധയോഗവും നടക്കും.
https://www.facebook.com/Malayalivartha

























