കുതിച്ചുവരുന്ന ട്രെയിനിന് മുന്നില്‍ പതറാതെ ജീവന് പണയം വച്ച് നിഷാദ് രക്ഷിച്ചത് 24 കാരനെ

ട്രാക്കില്‍ കുതിച്ച് പാഞ്ഞുവരുന്ന ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്ന 24കാരനെ സ്വന്തം ജീവന് പണയം വച്ച് രക്ഷിച്ചത് സിവില്‍ പൊലീസ് ഓഫീസറായ നിഷാദ്. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. തക്ക സമയത്ത് യുവാവിന് അടുത്തെത്താന്‍ കഴിഞ്ഞതുകൊണ്ടാണ് യുവാവിനെ രക്ഷിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന് സാധിച്ചത്.
കാണാതായ 24 കാരന്റെ ഫോണ്‍ നമ്പര്‍ ഇട്ടുനല്‍കി ലൊക്കേഷന്‍ നോക്കാന്‍ ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍ നിന്നും നിഷാദിന് നിര്‍ദ്ദേശം വന്നു. അഞ്ച് കിലോമീറ്റര്‍ അകലെ റെയില്‍വെ ട്രാക്കിന് സമീപമാണ് യുവാവ് ഉള്ളതെന്ന് മനസിലായി. എന്നാല്‍ വീണ്ടും പരിശോധിക്കുമ്പോഴും ലൊക്കേഷന്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതോടെ യുവാവിന് എന്തെങ്കിലും സംഭവിച്ച ശേഷം ഫോണ്‍ വീണുകിടക്കുകയാകും എന്ന് നിഷാദിന് തോന്നി. അല്ലെങ്കില്‍ എന്തെങ്കിലും ചെയ്യാനായി കാത്ത് നില്ക്കുകയാകും എന്ന് തോന്നി.റെയില്‍വെ ട്രാക്കില്‍ ഗേറ്റ് കീപ്പറോട് ആദ്യം വിവരം പറഞ്ഞു. ട്രെയിന്‍ ബ്ളോക്ക് ചെയ്യാനാകുമോ എന്ന് ചോദിച്ചെങ്കിലും ട്രെയിന്‍ പുറപ്പെട്ട് കഴിഞ്ഞതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മനസിലായി. ഇതോടെ ബൈക്കെടുത്ത് സ്ഥലത്തെത്തി.
മൊബൈല്‍ ഫോണ്‍ ട്രാക്കിനടുത്ത് കാണിക്കുന്നെന്ന് പറഞ്ഞതോടെ ഒരു പയ്യന് ട്രാക്കിനടുത്ത് നില്‍ക്കുന്നുണ്ടെന്ന് ഗേറ്റ് കീപ്പര്‍ പറഞ്ഞു. ഇതോടെ ഓടി യുവാവിന്റെ സമീപമെത്തി. അപ്പോഴേക്കും ട്രെയിനും എത്തിയിരുന്നു. തുടര്‍ന്ന് സ്വജീവന്‍ പണയം വെച്ചാണ് യുവാവിനെ നിഷാദ് രക്ഷിച്ചത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന സന്ദേശം കുറിച്ച് സംഭവത്തിന്റെ വീഡിയോ പൊലീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























