ആവേശപ്പോര്... ഇന്ത്യുടെ മുന്നില്‍ അടിപതറിയ ന്യൂസിലാന്‍ഡ് ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കൂട്ടി; റണ്‍മലയ്ക്കു മുന്നില്‍ ഇടറിവീണ് ദക്ഷിണാഫ്രിക്ക; ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്കെതിരെ കിരീടപ്പോരിന് കിവീസ്

ചാമ്പ്യന്‍സ് ട്രോഫിയില്‍ സൂപ്പര്‍താരം കെയ്ന്‍ വില്യംസന്റെയും ഇന്ത്യന്‍ വംശജനായ രചിന്‍ രവീന്ദ്രയുടെയും സെഞ്ചറിക്കരുത്തില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ റണ്‍മലയ്ക്കു മുന്നില്‍ ചങ്കുറപ്പോടെ പൊരുതിയ ഡേവിഡ് മില്ലറിനും ദക്ഷിണാഫ്രിക്കയെ രക്ഷിക്കാനായില്ല. തോല്‍വി ഉറപ്പിച്ചിടത്തുനിന്ന് ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ ആത്മവിശ്വാസത്തോടെ തകര്‍ത്തടിച്ച് ഇന്നിങ്‌സിലെ അവസാന പന്തില്‍ സെഞ്ചറി പൂര്‍ത്തിയാക്കി ഡേവിഡ് മില്ലര്‍ തിളങ്ങിയിട്ടും, ദക്ഷിണാഫ്രിക്കയെ 50 റണ്‍സിന് തകര്‍ത്ത് ന്യൂസീലന്‍ഡ് ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍.
മില്ലറിനൊപ്പം സമാനമായ ചങ്കുറപ്പോടെ പൊരുതാന്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മറ്റാര്‍ക്കും സാധിക്കാതെ പോയതാണ് അവര്‍ക്ക് വിനയായത്. ഞായറാഴ്ച ദുബായിലെ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യയാണ് ന്യൂസീലന്‍ഡിന്റെ എതിരാളികള്‍. സെമിയില്‍ കരുത്തരായ ഓസീസിനെ നാലു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ കടന്നത്.
സെമിയില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സെടുത്തപ്പോള്‍, ദക്ഷിണാഫ്രിക്കയുടെ മറുപടി 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സില്‍ അവസാനിച്ചു. പിരിയാത്ത പത്താം വിക്കറ്റില്‍ ലുങ്കി എന്‍ഗിഡിക്കൊപ്പം 27 പന്തില്‍ 56 റണ്‍സ് അടിച്ചുകൂട്ടിയാണ് ഡേവിഡ് മില്ലര്‍ ദക്ഷിണാഫ്രിക്കയുടെ തോല്‍വിഭാരം കുറച്ചത്. ഇതില്‍ എന്‍ഗിഡിയുടെ സംഭാവന ഒറ്റ റണ്‍ മാത്രം. 10 ഓവറില്‍ 43 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറിന്റെ നേതൃത്വത്തിലാണ് കിവീസ് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെ തളച്ചത്.
67 പന്തില്‍ 10 ഫോറും നാലു സിക്‌സും സഹിതമാണ് മില്ലര്‍ 100 റണ്‍സെടുത്തത്. കൈല്‍ ജെയ്മിസന്‍ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തില്‍ ഡബിളെടുത്താണ് മില്ലര്‍ സെഞ്ചറി പൂര്‍ത്തിയാക്കിയത്. റാസ്സിന്‍ വാഡര്‍ ദസന്‍ 66 പന്തില്‍ നാലു ഫോറും രണ്ടു സിക്‌സും സഹിതം 69 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ടെംബ ബാവുമ 71 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം 56 റണ്‍സെടുത്തും പുറത്തായി.
ഓപ്പണര്‍ റയാന്‍ റിക്കിള്‍ട്ടന്‍ (12 പന്തില്‍ 17), എയ്ഡന്‍ മാര്‍ക്രം (29 പന്തില്‍ 31), ഹെന്റിച് ക്ലാസന്‍ (ഏഴു പന്തില്‍ മൂന്ന്), വിയാന്‍ മുള്‍ഡര്‍ (13 പന്തില്‍ എട്ട്), മാര്‍ക്കോ യാന്‍സന്‍ (ഏഴു പന്തില്‍ മൂന്ന്), കേശവ് മഹാരാജ് (നാലു പന്തില്‍ ഒന്ന്), കഗീസോ റബാദ (22 പന്തില്‍ 16) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ പ്രകടനം. കിവീസിനായി സാന്റ്‌നറിനു പുറമേ രണ്ടു വിക്കറ്റ് വീതം പിഴുത മാറ്റ് ഹെന്റി, ഗ്ലെന്‍ ഫിലിപ്‌സ്, ഓരോ വിക്കറ്റ് വീഴ്ത്തിയ മൈക്കല്‍ ബ്രേസ്വെല്‍, രചിന്‍ രവീന്ദ്ര എന്നിവരും തിളങ്ങി.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടര്‍ച്ചയായി മൂന്ന് ഏകദിനങ്ങളില്‍ സെഞ്ചറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡിലേക്ക് ബാറ്റേന്തിയ കെയ്ന്‍ വില്യംസന്‍, ഐസിസി ഏകദിന ടൂര്‍ണമെന്റുകളില്‍ ഏറ്റവും കുറവ് ഇന്നിങ്‌സുകളില്‍നിന്ന് 5 സെഞ്ചറികള്‍ നേടുന്ന താരമെന്ന ഇന്ത്യയുടെ മുന്‍ താരം ശിഖര്‍ ധവാന്റെ റെക്കോര്‍ഡ് സ്വന്തം പേരിലേക്കു മാറ്റിയ ഇന്ത്യന്‍ വംശജന്‍ കൂടിയായ രചിന്‍ രവീന്ദ്ര... ഇവരുടെ ഇന്നിങ്‌സുകളുടെ ബലത്തിലാണ് ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍ ന്യൂസീലന്‍ഡ് കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവീസ്, നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 362 റണ്‍സ്.
ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ചറി കുറിച്ച ഓപ്പണര്‍ രചിന്‍ രവീന്ദ്ര, 108 റണ്‍സുമായി കിവീസിന്റെ ടോപ് സ്‌കോററായി. 101 പന്തില്‍ 13 ഫോറും ഒരു സിക്‌സും സഹിതമാണ് രവീന്ദ്ര 108 റണ്‍സെടുത്തത്. കെയ്ന്‍ വില്യംസന്‍ 94 പന്തില്‍ 10 ഫോറും രണ്ടു സിക്‌സും സഹിതം 102 റണ്‍െസടുത്തും പുറത്തായി. ഐസിസി ടൂര്‍ണമെന്റുകളില്‍ രചിന്റെ അഞ്ചാമത്തെയും വില്യംസന്റെ നാലാമത്തെയും സെഞ്ചറിയാണിത്. ടൂര്‍ണമെന്റില്‍ ന്യൂസീലന്‍ഡ് താരങ്ങള്‍ ഇതുവരെ നേടിയ 5 സെഞ്ചറികളും റെക്കോര്‍ഡാണ്. 2006ല്‍ നാലു സെഞ്ചറികള്‍ നേടിയ വെസ്റ്റിന്‍ഡീസ് രണ്ടാമതായി.
ചാംപ്യന്‍സ് ട്രോഫി രണ്ടാം സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടിയ ന്യൂസീലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പാക്കിസ്ഥാന്‍ ആതിഥ്യം വഹിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനിലെ അവസാന മത്സരം കൂടിയായിരുന്നു ഇത്. ഇന്ത്യ ഫൈനലില്‍ കടന്നതോടെ, ഫൈനല്‍ മത്സരം ദുബായിലാകും നടക്കുക. ഫലത്തില്‍ ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമിഫൈനല്‍ പാക്കിസ്ഥാനില്‍ ഇത്തവണ നടക്കുന്ന അവസാന ചാംപ്യന്‍സ് ട്രോഫി മത്സരമായി.
"
https://www.facebook.com/Malayalivartha

























