ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കേസില്‍ എംഎസ് സൊലൂഷന്‍സ് സിഇഒ കീഴടങ്ങി

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കേസില്‍ ഓണ്‍ലൈന്‍ ട്യൂഷന്‍ സ്ഥാപനമായ എംഎസ് സൊലൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് ഷുഹൈബ് കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫിസിലെത്തി കീഴടങ്ങിയത്. കേസില്‍ ഒന്നാം പ്രതിയാണ് ഷുഹൈബ്. ചോദ്യക്കടലാസ് ചോര്‍ത്തി നല്‍കിയ മലപ്പുറത്തെ സ്വകാര്യ സ്‌കൂളിലെ പ്യൂണ്‍ അബ്ദുല്‍ നാസര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരെയും ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പത്താം ക്ലാസിന്റെയും പ്ലസ് വണ്ണിന്റെയും ക്രിസ്മസ് പരീക്ഷാ ചോദ്യക്കടലാസുകളാണ് എംഎസ് സൊല്യൂഷന്‍സ് യുട്യൂബ് ചാനലിലൂടെ ചോര്‍ന്നത്. ഇതിനെ തുടര്‍ന്ന് ഷുഹൈബിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസെടുത്തു. തൊട്ടുപിന്നാലെ ഒളിവില്‍ പോയ ഷുഹൈബ് മുന്‍കൂര്‍ ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിച്ചു. ഇത് തള്ളിയതോടെയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചപ്പോള്‍ ഫെബ്രുവരി 25 വരെ ഷുഹൈബിനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടിരുന്നു. കേസുമായി സഹകരിക്കണമെന്നു നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചിനു മുന്‍പാകെ ഷുഹൈബ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
ചോദ്യക്കടലാസ് ചോര്‍ച്ച നടന്നിട്ടില്ലെന്നും ചോദ്യങ്ങള്‍ പ്രവചിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ഷുഹൈബിന്റെ മൊഴി. നേരത്തെ അറസ്റ്റിലായ അധ്യാപകരാണ് ചോദ്യക്കടലാസ് തയാറാക്കിയതെന്നും തനിക്ക് അതില്‍ പങ്കില്ലെന്നും ഷുഹൈബ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാല്‍ ഷുഹൈബ് നല്‍കിയ ചോദ്യക്കടലാസ് യുട്യൂബ് ചാനലിലൂടെ അവതരിപ്പിക്കുക മാത്രമാണ് ചെയ്തത് എന്നായിരുന്നു അധ്യാപകരുടെ മൊഴി. ചോദ്യക്കടലാസ് ചോര്‍ത്തിയിട്ടില്ലെന്ന വാദത്തില്‍ ഷുഹൈബ് ഉറച്ചു നില്‍ക്കുന്നതിനിടെയാണ് ഇന്നലെ അബ്ദുല്‍ നാസറിന്റെ നിര്‍ണായക അറസ്റ്റുണ്ടായത്. കേസില്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തനിക്കെതിരെ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മറ്റ് ചില സ്ഥാപനങ്ങളാണ് ഇതിനു പിന്നില്‍ എന്നുമായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചുകൊണ്ട് ഷുഹൈബ് നടത്തിയ പ്രധാന വാദം. ഈ മേഖലയില്‍ 8 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടെന്നും അതുപയോഗിച്ചാണ് ചോദ്യങ്ങളും വിഡിയോയും തയാറാക്കിയതെന്നും ഷുഹൈബ് പറഞ്ഞു. മറ്റു പല സ്ഥാപനങ്ങളും സമാന രീതിയിലുള്ള വിഡിയോകള്‍ തയാറാക്കിയിരുന്നെന്നും എന്നാല്‍, തനിക്കെതിരെ മാത്രമാണ് നടപടിയുണ്ടായതെന്നും കണക്കാക്കി മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഷുഹൈബിന്റെ ആവശ്യം. എന്നാല്‍, സര്‍ക്കാരിന്റെ മറുവാദം അംഗീകരിച്ച കോടതി 'മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുന്നു' എന്ന ഒറ്റവാചകത്തിലൂടെ ഷുഹൈബിന്റെ ആവശ്യം തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഷുഹൈബ് കീഴടങ്ങിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ്പി പറഞ്ഞു.
ചോദ്യക്കടലാസ് ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് മലപ്പുറത്തെ അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണിനെ ക്രൈം ബ്രാഞ്ച് പിടികൂടിയ പശ്ചാത്തലത്തില്‍ വകുപ്പുതല നടപടികള്‍ ആരംഭിക്കാന്‍ പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന് നിര്‍ദേശം നല്‍കി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം മലപ്പുറം ഉപവിദ്യാഭ്യാസ ഡയറക്ടറുടെ പൂര്‍ണ ചുമതലയുള്ള ഡിഇഒ ഗീതാകുമാരി സ്‌കൂള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
https://www.facebook.com/Malayalivartha

























