വയലന്‍സിന് കാരണം സിനിമ മാത്രമല്ലെന്ന് നിര്‍മാതാക്കളുടെ സംഘടന

വയലന്‍സിന് കാരണം സിനിമ മാത്രമല്ലെന്ന് നിര്‍മാതാക്കളുടെ സംഘടന. ഒടിടി പ്ലാറ്റ്ഫോമുകളിലും യൂട്യൂബിലുമൊക്കെ സിനിമയെക്കാള്‍ വയലന്‍സ് നിറഞ്ഞ പരിപാടികള്‍ വരുന്നുണ്ട്. സെന്‍സറിങ് വിധേയമായാണ് സിനിമയിറങ്ങുന്നതെന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി. കൂടാതെ സിനിമയിലെ ലഹരി ഉപയോഗം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും സംഘന വിമര്‍ശിച്ചു. സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍ക്ക് ചില സിനിമകള്‍ കാരണമായിട്ടുണ്ടെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉടലെടുത്ത സാഹചര്യത്തിലാണ് നിര്‍മാതാക്കളുടെ സംഘടനയുടെ പ്രതികരണം.
കേരളത്തില്‍ കുട്ടികള്ക്കിടയിലെയുെ അല്ലാതെയുമുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വയലന്‍സ് നിറഞ്ഞ മാര്‍ക്കോ എന്ന ചിത്രത്തിനെതിരെ നിരവധി പേര് രംഗത്ത് എത്തിയിരുന്നു. മന്ത്രി ഗണേഷ് കുമാര്‍ അടക്കം സിനിമയ്ക്കെതിരെ രംഗത്തെത്തി. വയലന്‍സ് നിറഞ്ഞ ഇത്തരം സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്കിയ സെന്‍സര്‍ ബോര്‍ഡിനെയും മന്ത്രി വിമര്‍ശിച്ചിരുന്നു. ഹരം പിടിക്കുംവിധം ചോര തെറിപ്പിക്കുന്നതിനെ അവതരിപ്പിക്കുന്നത് ശരിയല്ലെന്നായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം. സിനിമാ മേഖലയിലെ നിരവധി താരങ്ങളും സിനിമയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഫഹദ് ഫാസിലിന്റെ ആവേശം എന്ന ചിത്രത്തെയും നിരവധി പേര് വിമര്‍ശിച്ചിരുന്നു.
അതിനിടെ 'മാര്‍ക്കോ' പോലെ വയലന്‍സ് നിറഞ്ഞ ചിത്രങ്ങള്‍ ഇനി ചെയ്യില്ലെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് പറഞ്ഞത്. വയലന്‍സിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്ത സിനിമയല്ല മാര്‍ക്കോ. പ്രേക്ഷകര്‍ സിനിമയെ സിനിമയായി കാണുമെന്ന് കരുതിയെന്നും ഷെരീഫ് പറഞ്ഞു. കഥയുടെ പൂര്‍ണതക്ക് വേണ്ടിയാണ് അതിക്രൂര വയലന്‍സ് ദൃശ്യങ്ങള്‍ ചിത്രത്തിലുള്‍പ്പെടുത്തിയത്. അതൊരു സിനിമാറ്റിക് അനുഭവമായി കാണാന്‍ പ്രേക്ഷകര്‍ ശ്രമിക്കണം. ചിത്രത്തില്‍ ഗര്‍ഭിണിയെ കൊല്ലുന്ന സീന്‍ സിനിമക്ക് ആവശ്യമുള്ളതായിരുന്നുവെന്നും ഷരീഫ് പറഞ്ഞു.
https://www.facebook.com/Malayalivartha

























