എംബി രാജേഷിനെ മുഖ്യമന്ത്രി ആക്കണം;പിണറായി-റിയാസ് കൂട്ടത്തിന്റെ നെഞ്ചത്തിട്ട് പൊട്ടിച്ചു

പ്രായപരിധിയില്‍ ഒരുതവണകൂടി പിണറായിക്ക് ഇളവുനല്‍കേണ്ട കാര്യമില്ല മുതിര്‍ന്ന സി.പി.എം. നേതാവ് പി.കെ.ഗുരുദാസന്‍ കേറിപൊട്ടിച്ചു. 'ഇപ്പോള്‍ത്തന്നെ ഒരാളെ ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ ഇടയ്ക്ക് പിണറായിയെ മാറ്റി മറ്റൊരാളെ മുഖ്യമന്ത്രിയാക്കാമല്ലോ. അപ്പോള്‍ അവര്‍ക്ക് അനുഭവപരിചയവുമുണ്ടാകും'അദ്ദേഹം പറയുന്നു. സി.പി.എമ്മില്‍ നേതൃദാരിദ്ര്യമില്ലെന്നും പി.രാജീവും കെ.എന്‍.ബാലഗോപാലും എം.ബി.രാജേഷും മുഖ്യമന്ത്രിയാകാന്‍ യോഗ്യരാണെന്നും ഗുരുദാസന്‍ വ്യക്തമാക്കുന്നു.
മൂന്നുപേരുടെ പേരുമാത്രം എടുത്തുപറഞ്ഞെന്നതും ശ്രദ്ധേയമാണ്. പഴയ വി.എസ്.പക്ഷത്തെ പോരാളിയായിരുന്നു പി.കെ.ഗുരുദാസന്‍. പിന്നീട് പാര്‍ട്ടി നേതൃത്വത്തിനൊപ്പം നിന്നെങ്കിലും കൊല്ലം നിയമസഭാ മണ്ഡലത്തില്‍ മൂന്നാം തവണ അവസരം നല്‍കാതിരുന്നതില്‍ അന്നേ അദ്ദേഹത്തിന് വിയോജിപ്പുണ്ടായിരുന്നു. കഴിഞ്ഞതവണ എം.മുകേഷിനെ കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയതിനെ അദ്ദേഹം ജില്ലാ കമ്മിറ്റിയില്‍ ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. മുറിവേറ്റ പഴയ നേതാവ് തക്കംവന്നപ്പോള്‍ ആഞ്ഞടിച്ചതാണെന്ന് കരുതുന്നവര്‍ പാര്‍ട്ടിയിലുണ്ട്.
'പ്രായമാണ് പ്രശ്‌നമെങ്കില്‍ 75 വയസ്സ് തികയുന്ന ദിവസംതന്നെ പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് ഒഴിവാക്കുന്ന രീതി നടപ്പാക്കണ'മെന്ന് കഴിഞ്ഞദിവസം മാതൃഭൂമിക്കു നല്‍കിയ അഭിമുഖത്തില്‍, മറ്റൊരു മുതിര്‍ന്ന നേതാവായ ജി.സുധാകരന്‍ പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടുതവണ മത്സരിച്ചവരെ ഒഴിവാക്കിയതോടെ കഴിഞ്ഞതവണ വലിയ നേതൃനിരയ്ക്ക് മത്സരരംഗത്തുനിന്ന് മാറിനില്‍ക്കേണ്ടിവന്നിരുന്നു. മന്ത്രിസ്ഥാനത്തും രണ്ടാംവട്ടം പ്രമുഖ നേതാക്കളാരും പരിഗണിക്കപ്പെട്ടില്ല. ഈ അമര്‍ഷം രണ്ട് നേതാക്കളിലൂടെ പുറത്തുവരിക മാത്രമായിരുന്നോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. നിലവിലെ പാര്‍ട്ടി നേതൃത്വത്തിലെ ചിലരുടെയെങ്കിലും വികാരമാണോ മുതിര്‍ന്ന നേതാക്കളുടെ പ്രസ്താവനയ്ക്കു പിന്നിലെന്ന് സംശയിക്കുന്നവരുണ്ട്.
കൊല്ലത്തെ സമ്മേളനത്തിന് പതാക ഉയരുന്നതിന് മുന്‍പ് ഗുരുദാസന്‍ ഉയര്‍ത്തിവിട്ട കനല്‍ ആളിക്കത്തുമോ ഇതാണ് അറിയേണ്ടത്. ഗുരുദാസന്‍ നേരിട്ട് അടിക്കുന്നത് പിണറായിക്കിട്ട് മാത്രമല്ല മുഹമ്മദ് റിയാസിനും കൂടിയാണ്. മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള മൂന്ന് പേരുടെ പേര് ഗുരുദാസന്‍ പറഞ്ഞപ്പോഴും അതില്‍ മുഹമ്മദ് റിയാസ് ഉണ്ടായിരുന്നില്ല. അതായത് റിയാസിന്റെ കടയ്ക്കല്‍ വെട്ടുകയായിരുന്നു. ഇതില്‍ റിയാസ് പക്ഷക്കാര്‍ ഇടഞ്ഞിരിക്കുകയാണ്. അമ്മായിയപ്പന്‍ കഴിഞ്ഞാല്‍ മരുമകന്‍ എന്ന പുതിയ കീഴ്‌വഴക്കം ഉണ്ടാകാതിരിക്കാന്‍ വേണ്ടി. റിയാസിന് മന്ത്രിക്കസേര കൊടുക്കാന്‍ വേണ്ടി പൊളിച്ചെഴുത്ത് നടത്തിയ ആളാണ് പിണറായി. അതായത് രണ്ടാം പിണറായി സര്‍ക്കാരില്‍ പുതുമുഖങ്ങള്‍ മാത്രം മതിയെന്ന്. ക്യാപ്ടനെ നിലനിര്‍ത്തി ബാക്കി എല്ലാവരും പുതുമുഖങ്ങള്‍ ആയിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ മിടുക്കരായിരുന്ന ജനസമ്മതി ഉള്ളവരെപ്പോലും രണ്ടാം പിണറായി സര്‍ക്കാര്‍ വെട്ടിയൊതുക്കി. എല്ലാം മരുമകന് വേണ്ടി ആയിരുന്നുവെന്ന അടക്കംപറച്ചില്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയര്‍ന്നു.
റിയാസിന് മന്ത്രിക്കസേര കൊടുത്തതിന് പിന്നാലെ എ എന്‍ ഷംസീര്‍ പാര്‍ട്ടിയുമായ് കട്ട ഉടക്കിലായിരുന്നല്ലോ. ഷംസീറിനെ വെട്ടിയാണ് റിയാസിനെ മന്ത്രിസഭയില്‍ തള്ളിക്കയറ്റിയത്. പിന്നീട് ഷംസീറും റിയാസും പല വിഷയങ്ങളില്‍ ഏറ്റുമുട്ടി പരസ്യപ്പോര് വരെ നടന്നു. ഒടുക്കം ഷംസീരിനെ തമുപ്പിക്കാനാണ് സ്പീക്കര്‍ കസേര കൊടുത്ത് നിയമസഭയില്‍ ഇരുത്തിച്ചത്. റിയാസിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആക്കുന്നതിനോട് പാര്‍ട്ടിയിലെ വലിയ ഒരുപക്ഷം എതിര്‍പ്പിലാണ്. ഇനിയും കപ്പിത്താന്‍ ഭയത്തില്‍ മിണ്ടാതിരിക്കാന്‍ നേതാക്കള്‍ തയ്യാറായേക്കില്ല. എന്നാല്‍ അതിരുകടന്ന് പോകുന്ന വിമര്‍ശനങ്ങള്‍ പാടില്ലെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. അതിന് കാരണം ജില്ലാനേതൃയോഗങ്ങളില്‍ പിണറായിക്ക് മാത്രമല്ല കുടുംബത്തിന് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മകള്‍ വീണയുടെ അഴിമതി കേസുകള്‍ പാര്‍ട്ടിയെ കളങ്കപ്പെടുത്തുന്നുവെന്ന് നേതാക്കള്‍ പച്ചയ്ക്ക് പറഞ്ഞു. കൊല്ലം സമ്മേളനത്തില്‍ കുടുംബത്തോട്ട് കേറി വിമര്‍ശനം വേണ്ടെന്ന് മുന്നറിയിപ്പ്. കൊല്ലത്തെ സമ്മേളനത്തിന്റെ പ്രതിനിധി ചര്‍ച്ചയില്‍ അതിരുവിട്ട വിമര്‍ശനം അനുവദിക്കില്ല. നേതാക്കളെ വിമര്‍ശിക്കാം. എന്നാല്‍ അതിന് അപ്പുറത്തേക്ക് എന്തും പറയാമെന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിക്കില്ല. ഇത്തരം ചര്‍ച്ചകളില്‍ വ്യക്തമായ ഇടപെടല്‍ നേതൃത്വം നടത്തും. അതിരുവിട്ടുയരാന്‍ ശ്രമിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ ഉയര്‍ച്ചയും ഉണ്ടാകില്ല. ഈ സന്ദേശം എല്ലാ സമ്മേളന പ്രതിനിധികളിലേക്കും എത്തിക്കഴിഞ്ഞിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ അണികളും നേതാക്കളും പിണറായിക്ക് വാഴ്ത്തുപാട്ട് പാടിയാല്‍ മതി വിമര്‍ശനം വേണ്ടെന്ന്.
പ്രായ പരധിയിലെ ഇളവ് പിണറായിയ്ക്ക് മാത്രമാകും. നേരത്തെ ഇപി ജയരാജന്‍ ഇടതു കണ്‍വീനര്‍ സ്ഥാനം രാജിവച്ചു. ഈ ഘട്ടത്തില്‍ എകെ ബാലനെ ആ പദവിയില്‍ നിയോഗിക്കണമെന്ന ചര്‍ച്ച സജീവമായി. എന്നാല്‍ ടി പി രാമകൃഷ്ണനാണ് കണ്‍വീനറായത്. ഈ സമ്മേളത്തില്‍ 75 കഴിയുന്ന ബാലനെ ഇടതു കണ്‍വീനറായി നിയോഗിക്കാത്തത് തന്നെ പ്രായ പരിധിയിലെ കര്‍ശന സ്വഭാവത്തിലെ സന്ദേശം ന ല്‍കാനാണ്. സിപിഎമ്മിന് തുടര്‍ഭരണം സമ്മാനിച്ചതു കൊണ്ട് മാത്രമാകും മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് നല്‍കിയെന്ന വാദം സമ്മേളനത്തില്‍ ഉയരും. ഈ സമ്മേളന കാലത്ത് 75 വയസ്സാകാത്ത ഇപിയെ നേതൃത്വത്തില്‍ നിലനിര്‍ത്തും. കണ്ണൂരിലെ സിപിഎം രാഷ്ട്രീയം കലുഷിതമാകാതിരിക്കാന്‍ കൂടിയാണ് ഇത്. 75 വയസ്സ് പൂര്‍ത്തിയായവരെയെല്ലാം ചുമതലകളില്‍നിന്ന് നീക്കുമെന്ന് ഗോവിന്ദന്‍ പറഞ്ഞു. രണ്ടോ മൂന്നോ മാസത്തിനകം 75 വയസ്സ് പൂര്‍ത്തിയാകുന്നവരുടെ കാര്യത്തില്‍ എന്താണ് തീരുമാനമെന്ന് ചോദിച്ചപ്പോള്‍, 'അതൊന്നും കണക്കാക്കുന്നില്ല. 75 വയസ്സ് പൂര്‍ത്തിയായവര്‍ വേണ്ടെന്നാണ് തീരുമാന'മെന്ന് അദ്ദേഹം പറഞ്ഞു. അതായത് ഇപിയ്ക്ക് കാര്യങ്ങള്‍ അനുകൂലമെന്ന് സാരം.
https://www.facebook.com/Malayalivartha

























