നിയമ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ആണ്‍സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍

നിയമ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോവൂര്‍ സ്വദേശിയായ കാരക്കുന്നുമ്മല്‍ ഇ. അല്‍ഫാനെ (34) വൈത്തിരിയില്‍ നിന്നാണ് ഇന്നു രാവിലെ ചേവായൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ കണ്ടെത്താന്‍ പൊലീസ് സ്പെഷല്‍ സ്ക്വാഡിന്റെ നേതൃത്വത്തില്‍ ഗോവ, ബെംഗളൂരു, ഗൂഡല്ലൂര്‍, വയനാട് എന്നിവിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
വൈത്തിരിയില്‍ പണമിടപാടുമായി ബന്ധപ്പെട്ട് അല്ഫാന് എത്തിയപ്പോള്‍ താമസ സ്ഥലം വളഞ്ഞു പിടികൂടുകയായിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഈ മാസം 24നു വൈകിട്ട് 3.30ന് ആണ് വാപ്പോളിത്താഴത്തെ വാടക വീട്ടില്‍ മൂന്നാം സെമസ്റ്റര്‍ വിദ്യര്‍ഥിനി, തൃശൂര്‍ പാവറട്ടി ഊക്കന്‍സ് റോഡില്‍ കൈതക്കല്‍ മൗസ മെഹ്റിസിനെ (20) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൗസയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു കുടുംബം ആരോപിച്ചിരുന്നു.
സഹപാഠികളെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആണ്‍സുഹൃത്തിനായി പൊലീസ് തിരച്ചില്‍ നടത്തിയത്. മരണശേഷം മൗസയുടെ ഫോണും കണ്ടെത്താനായിരുന്നില്ല. മൗസയുടെ ഫോണ്‍ ഇയാള്‍ കൈക്കലാക്കിയിരുന്നു. വിവാഹിതനായ അല്‍ഫാനും മൗസയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ ക്ലാസില്‍ ഉണ്ടായിരുന്ന മൗസ മെഹ്റിസ് പിന്നീട് ക്ലാസില്‍ നിന്നിറങ്ങി. മൂന്നരയോടെ മൗസയുടെ അടുത്ത മുറിയില്‍ താമസിക്കുന്ന വിദ്യാര്‍ഥി എത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
https://www.facebook.com/Malayalivartha

























