താനൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനികള്‍ കോഴിക്കോട് എത്തിയതായി സൂചന

താനൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനികള്‍ കോഴിക്കോട് എത്തിയതായി സൂചന. താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനികളായ അശ്വതി, ഫാത്തിമ ഷഹ്ദ എന്നിവര്‍ കോഴിക്കോട് ഉണ്ടെന്നാണ് പൊലീസിന്റെ സംശയം. ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടില്‍നിന്ന് സ്കൂളിലേക്ക് പോയ ഇരുവരെയും പിന്നീട് കാണാതാവുകയായിരുന്നു.
അശ്വതിയും ഫാത്തിമയും പരീക്ഷയ്ക്ക് ഹാജരാകാതിരുന്ന വിവരം അധ്യാപകര്‍ വീട്ടുകാരെ അറിയിച്ചിരുന്നു. പിന്നാലെയാണ് താനൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പെണ്‍കുട്ടികളുടെ മൊബൈല്‍ഫോണ്‍ അവസാനമായി ഓണ്‍ ആയത്. അവസാന ടവര്‍ ലൊക്കേഷന്‍ കോഴിക്കോടായിരുന്നു. ഇതോടെയാണ് കോഴിക്കോട് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കാന്‍ പൊലീസ് തീരുമാനിച്ചത്.
ബുധനാഴ്ച ഉച്ചയോടെ പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ഥിനികളെ മറ്റൊരുവസ്ത്രം ധരിച്ച നിലയിലാണ് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്.
ഇരുവരും തിരൂരില്‍നിന്ന് ട്രെയിനില്‍ കയറി കോഴിക്കോട് എത്തിയിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. എടവണ്ണ സ്വദേശിയുടെ പേരിലുള്ള സിംകാര്‍ഡില്‍നിന്ന് കാണാതാകുന്നതിനു മുന്‍പ് രണ്ട് പെണ്‍കുട്ടികളുടെയും മൊബൈല്‍ഫോണുകളിലേക്ക് കോള്‍ വന്നതായി പോലീസ് പറയുന്നുണ്ട്. എന്നാല്‍, ഈ സിംകാര്‍ഡിന്റെ ലൊക്കേഷന്‍ നിലവില്‍ മഹാരാഷ്ട്രയിലാണ്.
https://www.facebook.com/Malayalivartha

























