താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ മുംബൈയില്‍?അന്വേഷണം മുംബൈയിലേക്ക് വ്യാപിപ്പിച്ച് പൊലീസ്

താനൂരില്‍നിന്നു കാണാതായ പെണ്‍കുട്ടികള്‍ മുംബൈയില്‍ എത്തിയതായി സൂചന. ഇതോടെ പൊലീസ് അന്വേഷണം മുംബൈയിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് പെണ്‍കുട്ടികള്‍ തിരൂരില്‍നിന്നു ട്രെയിന്‍ മാര്‍ഗമാണ് പോയത്. ബുധനാഴ്ച ഉച്ചയോടെ പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. എടവണ്ണ സ്വദേശിയായ ഒരു യുവാവും പെണ്‍കുട്ടികള്‍ക്കൊപ്പം മുംബൈയിലേക്ക് പോയതായി പൊലീസിനു വിവരം ലഭിച്ചു. യുവാവ് മുംബൈയിലേക്കു പോയെന്നു വീട്ടുകാരും പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനികളായ അശ്വതി, ഫാത്തിമ ഷഹ്ദ എന്നിവര്‍ ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടില്‍നിന്നു സ്‌കൂളിലേക്കു പോയ ശേഷം കാണാതാവുകയായിരുന്നു. അശ്വതിയും ഫാത്തിമയും പരീക്ഷയ്ക്കു ഹാജരാകാതിരുന്ന വിവരം അധ്യാപകര്‍ വീട്ടുകാരെ അറിയിച്ചിരുന്നു. പിന്നാലെയാണ് താനൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ബുധനാഴ്ച ഉച്ചയ്ക്കു രണ്ടുമണിയോടെയാണ് പെണ്‍കുട്ടികളുടെ മൊബൈല്‍ഫോണ്‍ അവസാനമായി ഓണ്‍ ആയത്. അവസാന ടവര്‍ ലൊക്കേഷന്‍ കോഴിക്കോടായിരുന്നു. ഇതോടെയാണ് കോഴിക്കോട് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കാന്‍ പൊലീസ് ആദ്യം തീരുമാനിച്ചത്.
റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളില്‍ സ്‌കൂള്‍ യൂണിഫോമിലായിരുന്ന വിദ്യാര്‍ഥിനികളെ മറ്റൊരു വസ്ത്രം ധരിച്ച നിലയിലാണ് കണ്ടത്. എടവണ്ണ സ്വദേശിയുടെ പേരിലുള്ള സിംകാര്‍ഡില്‍നിന്നു കാണാതാകുന്നതിനു മുന്‍പ് രണ്ട് പെണ്‍കുട്ടികളുടെയും മൊബൈല്‍ഫോണുകളിലേക്ക് കോള്‍ വന്നതായി പോലീസ് പറയുന്നുണ്ട്. ഈ സിം കാര്‍ഡിന്റെ ലൊക്കേഷന്‍ നിലവില്‍ മഹാരാഷ്ട്രയിലാണ്.
https://www.facebook.com/Malayalivartha

























